മക്ക– ഫോര്‍ത്ത് റിംഗ് റോഡ്, കിംഗ് ഫൈസല്‍ റോഡ് (അല്‍സൈല്‍ റോഡ്) ഇന്റര്‍ചേഞ്ച് പൂര്‍ണ തോതില്‍ വാഹന ഗതാഗതത്തിന് തുറന്നുകൊടുത്തു. ഇന്റര്‍സെക്ഷന്‍ നിര്‍മാണ ജോലികള്‍ നിശ്ചയിച്ച സമയത്തിന് മുമ്പ് പൂര്‍ത്തിയായതായി മക്ക റോയല്‍ കമ്മീഷന്‍ അറിയിച്ചു. ഫോര്‍ത്ത് റിംഗ് റോഡില്‍ നിന്ന് കിംഗ് ഫൈസല്‍ റോഡില്‍ ഹറമിലേക്കും അല്‍സൈലിലേക്കുമായി ഇരു ദിശകളിലേക്കും വരുന്ന വാഹനങ്ങള്‍ക്ക് നേരിട്ടുള്ള പാതകള്‍ ഒരുക്കിയിട്ടുണ്ട്. പ്രധാന പാതകള്‍ തമ്മിലുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും മക്കയിലെ ഏറ്റവും പ്രധാനപ്പെട്ട കവലകളില്‍ ഒന്നില്‍ ഗതാഗതം വര്‍ധിപ്പിക്കാനും ഇത് സഹായിക്കുന്നു.
യാത്രാ സമയം കുറക്കാനും ഗതാഗത സുരക്ഷ മെച്ചപ്പെടുത്താനും പദ്ധതി സഹായിക്കുന്നു. ഹജ്, ഉംറ സീസണുകളില്‍ വിശുദ്ധ ഹറമിനടുത്തുള്ള സെന്‍ട്രല്‍ ഏരിയയിലേക്കും പുണ്യസ്ഥലങ്ങളിലേക്കുമുള്ള സുഗമമായ പ്രവേശനത്തെ ഇത് പിന്തുണക്കുന്നു. ഇന്റര്‍സെക്ഷന്‍ നിശ്ചയിച്ചതിലും മുമ്പ് പൂര്‍ണ തോതില്‍ പ്രവര്‍ത്തിപ്പിക്കാനായത് കാര്യക്ഷമമായ ആസൂത്രണത്തെയും നിര്‍വ്വഹണത്തെയും ബന്ധപ്പെട്ട വകുപ്പുകളുടെ സംയോജിത ശ്രമങ്ങളെയും പ്രതിഫലിപ്പിക്കുന്നു. മക്ക നിവാസികളുടെയും ഹറം സന്ദര്‍ശകരുടെയും അനുഭവം വര്‍ധിപ്പിക്കാനുള്ള വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, വിശുദ്ധ മക്കയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനുമുള്ള ലക്ഷ്യങ്ങളുമായി ഇത് യോജിക്കുന്നു.



