ജിദ്ദ – കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ധനസഹയത്തോടെ ഹിസ്റ്റോറിക് ജിദ്ദ ഏരിയയില്‍ 56 ചരിത്ര, പുരാതന കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പുനരുദ്ധരിക്കുന്ന ജോലികള്‍ പൂര്‍ത്തിയായതായി സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു.
സമ്പന്നമായ വാസ്തുവിദ്യയും പൈതൃക ഘടകങ്ങളും അടങ്ങിയ, ജീര്‍ണാവസ്ഥയില്‍ ഏതു നിമഷവും ഇടിഞ്ഞുവീഴാറായ നിലയിലുള്ള കെട്ടിടങ്ങളാണ് കിരീടാവകാശി സ്വന്തം നിലക്ക് നല്‍കിയ അഞ്ചു കോടി റിയാല്‍ ഉപയോഗിച്ച് പുനരുദ്ധരിച്ചത്. സൗദിയിലെ ചരിത്രപരവും സാംസ്‌കാരികവുമായ നേട്ടങ്ങള്‍ സംരക്ഷിക്കുന്ന പദ്ധതികളെ പിന്തുണക്കുന്നതിന്റെ ഭാഗമായാണ് ഹിസ്റ്റോറിക് ജിദ്ദ ഏരിയയിലെ ജീര്‍ണാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിന് കിരീടാവകാശി ഭീമമായ സാമ്പത്തിക സഹായം നല്‍കിയത്.
സൗദി അറേബ്യയുടെ അറബ്, ഇസ്‌ലാമിക് ആഴം പ്രതിഫലിപ്പിക്കുന്ന നിലക്ക്, വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാനും ചരിത്ര സ്ഥലങ്ങള്‍ സംരക്ഷിക്കാനും പുനരുദ്ധരിക്കാനുമുള്ള കിരീടാവകാശിയുടെ താല്‍പര്യ പ്രകാരമാണ് ഹിസ്റ്റോറിക് ജിദ്ദ ഏരിയയില്‍ ജീര്‍ണാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ പുനരുദ്ധരിക്കുന്ന പദ്ധതി നടപ്പാക്കിയത്.
600 ലേറെ പൈതൃക കെട്ടിടങ്ങള്‍, 36 ചരിത്രപരമായ മസ്ജിദുകള്‍, അഞ്ചു പ്രധാന ചരിത്ര മാര്‍ക്കറ്റുകള്‍, പുരാതന ഇടനാഴികള്‍, ചത്വരങ്ങള്‍, പഴയ കാലത്ത് ഹജ് തീര്‍ഥാടകരുടെ പ്രധാന പാതയായിരുന്ന പുരാതന വാട്ടര്‍ഫ്രണ്ട് പോലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സ്ഥലമായതിനാല്‍, ഹിസ്റ്റോറിക് ജിദ്ദ ഏരിയയുടെ പൈതൃക അടയാളങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ പദ്ധതി പ്രവര്‍ത്തിച്ചു.
പ്രവാചക കാലം മുതലുള്ള ഹജിന്റെ മഹത്തായ കഥകള്‍ ഹിസ്റ്റോറിക് ജിദ്ദ സന്ദര്‍ശകര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ പുരാതന വാട്ടര്‍ഫ്രണ്ട് പുനര്‍നിര്‍മിക്കും. അഞ്ചു സൗദി കമ്പനികളാണ് പുനരുദ്ധാരണ പദ്ധതി നടപ്പാക്കിയത്. ചരിത്ര കെട്ടിടങ്ങളില്‍ അവഗാഹമുള്ള സാങ്കേതിക വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ പഠനങ്ങള്‍ നടത്തി, ഹിസ്റ്റോറിക് ജിദ്ദ ഏരിയയുടെ വ്യതിരിക്തമായ നഗരരൂപകല്‍പനയും തനതായ വാസ്തുവിദ്യാ ഘടകങ്ങളും അനുനുസരിച്ചാണ് പദ്ധതി നടപ്പാക്കിയത്. ജിദ്ദ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള ഇക്കൂട്ടത്തില്‍ പെട്ട ചില കെട്ടിടങ്ങളില്‍ 500 വര്‍ഷത്തിലേറെ പഴക്കമുള്ള പൈതൃക അടയാളങ്ങളുണ്ട്.