ബുറൈദ – അല്‍ഖസീം പ്രവിശ്യയില്‍ പെട്ട അല്റസിനു സമീപം താഴ്വരയില് വന്‍ അഗ്നിബാധ. അല്‍റസിനും അല്‍ഖരൈനുമിടയില്‍ അല്‍റുമ്മ താഴ്വരയില് ശനിയാഴ്ച സന്ധ്യയോടെയാണ് തീ പടര്‍ന്നുപിടിച്ചത്. താഴ്വരയിലെ മരങ്ങളിലും കുറ്റച്ചെടികളും ആളിപ്പടര്‍ന്ന തീയണക്കാന്‍ സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ കഠിന പ്രയത്നം തുടരുകയാണ്. ഇതുവരെ ആര്‍ക്കെങ്കിലും ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
അല്‍ബാഹയില്‍ കിംഗ് ഫഹദ് ചുരം റോഡിനു സമീപം പര്‍വത പ്രദേശത്ത് പടര്‍ന്നുപിടിച്ച തീയണക്കാന്‍ മൂന്നു ദിവസമായി സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ ശ്രമങ്ങള്‍ തുടരുകയാണ്. വെള്ളിയാഴ്ചയാണ് അല്‍ബാഹയില്‍ തീ പടര്‍ന്നുപിടിച്ചത്. ഇതേ തുടര്‍ന്ന് യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി കിംഗ് ഫഹദ് ചുരം റോഡ് അധികൃതര്‍ അടച്ചിരുന്നു. യാത്രക്കാരുടെ ജീവന് ഭീഷണിയില്ലെന്ന് ഉറപ്പുവരുത്തി മണിക്കൂറുകള്‍ക്കു ശേഷം റോഡ് തുറക്കുകയായിരുന്നു.