റിയാദ്: രേഖകളില്‍ പലതരം പേരുകള്‍, വിവിധ കേസുകള്‍, ഹുറൂബ്, റൂമില്‍ മരിച്ചുകിടന്നത് അഞ്ച് ദിവസം, മുപ്പത് വര്‍ഷമായി നാട്ടില്‍ പോകാന്‍ സാധിക്കാതെ പ്രയാസത്തിലായിരുന്ന ഹരിദാസിന്റെ മൃതദേഹം തിരിച്ചറിയാന്‍ റിയാദിലെ കെഎംസിസി സാമൂഹിക പ്രവര്‍ത്തകര്‍ നടത്തിയത് കഠിനപ്രയത്‌നം. രേഖകളെല്ലാം റെഡിയാക്കി ഹരിദാസിന്റെ മൃതദേഹം ഇന്ന് രാത്രി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകും.
കഴിഞ്ഞ ഫെബ്രുവരി 19നാണ് ബത്ഹയിലെ റൂമില്‍ മലപ്പുറം തൃപ്പനച്ചി പാലക്കാട്ടെ കൈത്തൊട്ടില്‍ ഹരിദാസ് മരിച്ചത്. ഒറ്റക്കായിരുന്നു റൂമില്‍ താമസിച്ചിരുന്നത്. റൂമില്‍ നിന്ന് ദുര്‍ഗന്ധം പുറത്തുവന്നപ്പോള്‍ സമീപത്തെ താമസക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി മൃതദേഹം ശുമൈസി ആശുപത്രിയിലേക്ക് മാറ്റി.
എന്നാല്‍ ഹരിദാസിന്റെ പാസ്‌പോര്‍ട്ടിലെ പേര് അനില്‍ കുമാര്‍ വര്‍ഗീസ് എന്നായിരുന്നു. ഹരിദാസിന്റെ പാസ്‌പോര്‍ട്ട് കോപ്പി എത്തിച്ച് പരിശോധന നടത്തിയപ്പോള്‍ ഈ വ്യക്തി നാട്ടിലുമാണ്. സെകന്റ് പാസ്‌പോര്‍ട്ടിലായിരുന്നു ഹരിദാസ് സൗദിയില്‍ കഴിഞ്ഞിരുന്നത്. മറ്റൊരാളുടെ പേരിലുള്ള ഇഖാമയായിരുന്നു കൈവശമുണ്ടായിരുന്നത്. ഒടുവില്‍ പഴയ ഒരു ഇഖാമ കോപ്പി കിട്ടി. അതുപയോഗിച്ച് ജവാസാത്തില്‍ നിന്ന് വിവരങ്ങളെടുത്തു. മൃതദേഹം അഞ്ച് ദിവസം പഴക്കമുള്ളതിനാല്‍ ഫിംഗര്‍ പ്രിന്റും ലഭിച്ചിരുന്നില്ല. പഴയ പാസ്‌പോര്‍ട്ടിലെയും പുതിയ പാസ്‌പോര്‍ട്ടിലെയും വ്യക്തി ഒരാളാണെന്ന് എംബസി അറിയിച്ചതോടെയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ വഴി തെളിഞ്ഞത്. പോലീസിലും ജവാസാത്തിലും എംബസിയിലും രേഖകള്‍ ശരിയാക്കി ഇന്നത്തെ വിമാനത്തിലാണ് ഹരിദാസിന്റെ ചേതനയറ്റ ശരീരം അയക്കുന്നത്. ഇന്ത്യന്‍ എംബസിയാണ് ടിക്കറ്റ് ചാര്‍ജ് വഹിച്ചത്.
അനില്‍ കുമാര്‍ വര്‍ഗീസ് എന്ന പാസ്‌പോര്‍ട്ടില്‍ 1997 സെപ്തബറില്‍ മുംബൈയില്‍ നിന്നു വിമാനമാര്‍ഗ്ഗം സൗദിയില്‍ എത്തിയതാണിദ്ദേഹം. പിന്നീട് നാട്ടില്‍ പോകാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും കുടുംബത്തിന് ചെലവിന് പണം കൃത്യമായി അയച്ചുകൊടുത്തിരുന്നു. മൃതദേഹം ബന്ധുക്കള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഏറ്റുവാങ്ങി സ്വദേശത്ത് സാംസ്‌ക്കരിക്കും
ഭാര്യ, ചന്ദ്രവതി. മക്കള്‍, അനീഷാന്തന്‍, അജിത്, അരുണ്‍ദാസ്, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, ജാഫര്‍ വീമ്പൂര്‍, നസീര്‍ കണ്ണീരി, അബ്ദുറഹിമാന്‍ ചെലേമ്പ്ര, ശറഫുദ്ദീന്‍ തേഞ്ഞിപ്പലം, പിതൃ സഹോദര പൗത്രന്‍ മനോജ് എന്നിവരുടെയും വെല്‍ഫെയര്‍ വിംഗ് വളണ്ടിയേഴ്‌സിന്റെയും നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്.