മക്ക – മക്കയില്‍ നിര്‍മാണത്തിലുള്ള കെട്ടിടങ്ങളില്‍ നിന്ന് കെട്ടിട നിര്‍മാണ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത കമ്പനികളുമായി കെട്ടിട ഉടമകളും കോണ്‍ട്രാക്ടര്‍മാരും കരാര്‍ ഒപ്പുവെക്കല്‍ മക്ക നഗരസഭ നിര്‍ബന്ധമാക്കി. നിയമാനുസൃത രീതിയില്‍ കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കുന്നതും കെട്ടിട നിര്‍മാണ അവശിഷ്ടങ്ങള്‍ ശരിയായ രീതിയില്‍ ഉപേക്ഷിക്കുന്നതും ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു വ്യവസ്ഥ നിര്‍ബന്ധമാക്കിയിരിക്കുന്നത്.
നഗരത്തില്‍ ദൃശ്യവികലത ഇല്ലാതാക്കാനും നിര്‍മാണം, പൊളിക്കല്‍, പുനരുദ്ധാരണ മാലിന്യങ്ങളുടെ മാനേജ്‌മെന്റ് നിയന്ത്രിക്കാനും വ്യവസ്ഥാപിതമാക്കാനും ഏകീകൃത മാനദണ്ഡങ്ങള്‍ക്കനുസൃതമായി അവയുടെ ചിട്ടയായ നിര്‍മാര്‍ജനത്തിന് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും സ്വത്തുവകകള്‍ സംരക്ഷിക്കാനും പൊതുസ്ഥലങ്ങള്‍, റോഡുകള്‍, ഒഴിഞ്ഞ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ കൈയേറ്റം ഇല്ലാതാക്കാനും നഗരസഭാ വ്യവസ്ഥകളെയും നിയമങ്ങളെയും കുറച്ച അവബോധം വര്‍ധിപ്പിക്കാനും ഇതിലൂടെ മക്ക നഗരസഭ ലക്ഷ്യമിടുന്നു.
നിര്‍മാണത്തിലുള്ള കെട്ടിടങ്ങളില്‍ നിന്ന് കെട്ടിട നിര്‍മാണ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുമായി കരാറുകള്‍ ഒപ്പുവെക്കാത്ത കെട്ടിട ഉടമകള്‍ക്ക് 2,000 റിയാല്‍ വരെ പിഴ ചുമത്തി നിയമ ലംഘനം അവസാനിപ്പിക്കാനും കരാര്‍ ഒപ്പുവെക്കാനും നിര്‍ബന്ധിക്കുമെന്ന് മക്ക നഗരസഭ പറഞ്ഞു.