മിന – ഹജ് കര്‍മത്തിനിടെ നടന്ന് ക്ഷീണിച്ച ഭാര്യയെ കുപ്പത്തൊട്ടിയില്‍ ഇരുത്തി പുണ്യസ്ഥലങ്ങളിലൂടെ ഭര്‍ത്താവ് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ വേറിട്ടതായി. ഇത്തരമൊരു കാഴ്ച ഹജിനിടെ ആദ്യമാണ്. നടന്ന് ക്ഷീണിച്ച ഭാര്യയെ ഫുട്പാത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ നഗരസഭ സ്ഥാപിച്ച ടയറുകളുള്ള പ്ലാസ്റ്റിക് കുപ്പത്തൊട്ടിയുടെ പുറംഭാഗത്ത് ഇരുത്തി തീര്ഥാടകന് കൊണ്ടുപോകുകയായിരുന്നു.
കുപ്പത്തൊട്ടിയുടെ മൂടിയുടെ അടിഭാഗം കറുത്ത ഷാള്‍ ഉപയോഗിച്ച് ബന്ധിച്ച് ഷാളിന്റെ അറ്റം കൈയില്‍ പിടിച്ചും മുകള്‍ ഭാഗം രണ്ടാമത്തെ കൈകൊണ്ട് പിടിച്ചും ദീര്‍ഘദൂരം വലിച്ചുകൊണ്ടുപോവുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ മറ്റൊരു തീര്ഥാടകന് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. നിയമ ലംഘനമാണെങ്കില്‍ കൂടി തീര്‍ഥാടകന്റെ ഭാര്യയോടുള്ള സ്നേഹപ്രകടനത്തെയും അലിവിനെയും സാമൂഹികമാധ്യമ ഉപയോക്താക്കള്‍ മുക്തകണ്ഠം പ്രശംസിച്ചു.