മക്ക – മലേഷ്യയില്‍ നിന്നെത്തിയ ഹജ് തീര്‍ഥാടന്‍ വിശുദ്ധ ഹറമില്‍ ഭാര്യക്കൊപ്പം ത്വവാഫ് കര്‍മം നിര്‍വഹിക്കുന്നതിനിടെ കഅ്ബാലയത്തിനു സമീപത്തെ മതാഫില്‍ കുഴഞ്ഞുവീണ് മരിച്ചു. ഭാര്യ ഫൗസിയക്കൊപ്പം പുണ്യഭൂമിയിലെത്തി 12 മണിക്കൂറിനുള്ളിലാണ് മുഹമ്മദ് സുഹൈര്‍ അന്ത്യശ്വാസം വലിച്ചത്. മുഹമ്മദ് സുഹൈറും ഭാര്യയും ബുധനാഴ്ച രാവിലെ 11.40 ന് ആണ് മക്കയിലെത്തിയത്. ദമ്പതികളുടെ ആദ്യ ഹജ് യാത്രയാണിത്. വളരെ വൈകി രണ്ടു മാസം മുമ്പു മാത്രമാണ് ഇരുവരും ഹജിന് അപേക്ഷിച്ചത്. അതുകൊണ്ടു തന്നെ ഇത്തവണ ഹജിന് ഇവര്‍ക്ക് അവസരം ലഭിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ദൈവത്തിന്റെ അലംഘനീയമായ വിധിയെന്നോണം ഇരുവര്‍ക്കും ഹജിന് അവസരം ലഭിച്ചു.
മക്കയിലെത്തിയ ഉടന്‍ നുസുക് കാര്‍ഡ് കൈപ്പറ്റിയ മുഹമ്മദ് സുഹൈറിനും ഭാര്യക്കും ഉംറ നിര്‍വഹിക്കാന്‍ രാത്രി ഒമ്പതിനാണ് സമയം നിശ്ചയിച്ചത്. മുഹമ്മദ് സുഹൈറിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ത്വവാഫ് കര്‍മം വിജയകരമായി പൂര്‍ത്തിയാക്കി സഅ്‌യ് കര്‍മം നിര്‍വഹിക്കാന്‍ മസ്അ ലക്ഷ്യമാക്കി നീങ്ങുന്നതിനിടെ തീര്‍ഥാടകന്‍ അപ്രതീക്ഷിതമായി മതാഫില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് സംഘങ്ങള്‍ ഓടിയെത്തി പ്രാഥമിക ചികിത്സകള്‍ നല്‍കി. ഇതോടെ എണീറ്റുനില്‍ക്കാനും ഏതാനും ചുവടുവെപ്പുകള്‍ നടത്താനും മുഹമ്മദ് സുഹൈറിന് സാധിച്ചു. എന്നാല്‍ വീണ്ടും ഇദ്ദേഹം നിലത്തുവീഴുകയും അന്ത്യശ്വാസം വലിക്കുകയുമായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് അല്‍മുഅല്ല ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group