ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്നു മലയാളി യുവാവ് കൊല്ലപ്പെട്ടു. ബാലരാമപുരം സ്വദേശിയായ അഖില്‍ ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ച ദമ്മാമിലെ ബാദിയയിലാണ് സ്വദേശി പൗരനുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അഖില്‍ കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടെങ്കിലും, ദൃക്സാക്ഷിയായ സുഡാനി പൗരൻ പോലീസിനെ വിവരമറിയിച്ചു. സമയോചിതമായി ഇടപെട്ട പോലീസ് പ്രതിയെ ഉടൻ പിടികൂടി അറസ്റ്റ് ചെയ്തു.
ദമ്മാമിനു സമീപം ഖത്തീഫില്‍ ജോലി ചെയ്തുവരികയായിരുന്നു അഖില്‍. അഖിലിനോടൊപ്പം ഉണ്ടായിരുന്ന ഭാര്യയും അച്ഛനും അമ്മയും രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് തിരിച്ചത്.
അഖിലിന്റെ റിയാദിലുള്ള സഹോദരന്‍ ആദര്‍ശും ബന്ധുക്കളും ദമ്മാമില്‍ എത്തി സഹോദരന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അഖിലിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി തുടര്‍ നടപടികള്‍ ലോക കേരള സഭാ അംഗവും സാമൂഹിക പ്രവര്‍ത്തകനുമായ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.