ജിദ്ദ: കേരള സർക്കാറിൻ്റെ സാംസ്കാരിക വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ലോകമെമ്പാടുമുള്ള ‘ മലയാളികള്‍ക്ക് മാതൃഭാഷാപഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി ആവിഷ്‌കരിച്ച മലയാളം മിഷൻ്റെ ജിദ്ദാ ചാപ്റ്റർ നേതൃ സംഗമം സംഘടിപ്പിച്ചു.
‘എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മലയാളം മിഷന്‍റെ പ്രവര്‍ത്തനം ജിദ്ദയിലെ മലയാളി സാമൂഹൃ സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ വിപുലീകരിക്കാനും ഒക്ടോബർ 25ന് “മലയാളോത്സവം 2024” എന്നപേരിൽ വിപുലമായ സാംസ്കാരികാഘോഷവും സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.
കൂടുതൽ മലയാളം പഠന ക്ലാസ്സുകൾ, അധ്യാപക പരിശീലനങ്ങൾ, കുട്ടികൾക്കായി ‘കുട്ടി മലയാളം ക്ലബ്ബുകൾ, സാംസ്കാരികോത്സവങ്ങൾ എന്നിവ മലയാളം മിഷൻ ജിദ്ദാ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.
മലയാളം മിഷൻ്റെ പാഠ്യപദ്ധതികളായ കണിക്കൊന്ന (സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്), സൂര്യകാന്തി (ഡിപ്ലോമ കോഴ്‌സ്), ആമ്പല്‍ (ഹയര്‍ ഡിപ്ലോമ കോഴ്‌സ്), നീലക്കുറിഞ്ഞി (സീനിയര്‍ ഡിപ്ലോമ കോഴ്‌സ്) എന്നിവയും ആവിഷ്കരിക്കുവാൻ തീരുമാനിച്ചു.
ഒരു ഭാഷ മാത്രമല്ല. ഒരു ദേശവും സംസ്കാരവും കൂടിയാണ് പ്രവാസി മലയാളികളിൽ ഇത്തരം പ്രവർത്തനങ്ങളിലൂടെ പകർന്നു നൽകുന്നതെന്ന് നേതൃ സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ജിദ്ദാ ചാപ്റ്റർ പ്രസിഡണ്ട് നിഷ നൗഫൽ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ ജിദ്ദാ ചാപ്റ്റർ രക്ഷാധികാരി നസീർ വാവാക്കുഞ്ഞ് , മിഷൻ സൗദി മേഖലാ ജനറൽ കൺവീനർ ഷിബു തിരുവനന്തപുരം, ലൈല സക്കീർ ഹുസ്സയിൻ, എഞ്ചിനീയർ മൗഷ്മി ഷരീഫ്, ജിദ്ദ ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ സലാഹ് കാരാടൻ, സ്കൂൾ മുൻ മാനേജിംഗ് കമ്മിറ്റി അംഗം മോഹൻ ബാലൻ, ഒ ഐ സി സി റീജിയണൽ ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല, മോഹൻ ബാലൻ, ഷാജു അത്താണിക്കൾ, അനസ് ബാവ, പ്രമുഖ എഴുത്തുകാരൻ അബ്ദുള്ളാ മുക്കണ്ണി, ഭാഷാ അധ്യാപികരായ ലൈല സകീർ, ജയശ്രീ പ്രതാപൻ, നൂരിനിസ ബാവ. നാജിയ റഫീഖ് സാഹിത്യ പ്രവർത്തകൻ ഷാജു അത്താണിക്കൽ തുടങ്ങി ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംസാരിച്ചു.
മലയാളം മിഷൻ ജിദ്ദ ചാപ്റ്റർ ജനറൽ സെക്രട്ടറി റഫീഖ് പത്തനാപുരം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മലയാളം മിഷൻ ജിദ്ദ കോർഡിനേറ്റർ ജുനൈസ് അസൈനാർ സ്വാഗതവും, ടിറ്റോ മീരാൻ നന്ദിയും രേഖപ്പെടുത്തി.