ജിദ്ദ: കേരള സർക്കാറിൻ്റെ സാംസ്കാരിക വകുപ്പിൻ കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ്റെ ‘കുട്ടി മലയാളം ക്ലബ്ബിൻ്റെ’ സൗദി അറേബ്യയിലെ പ്രഥമ യൂണിറ്റ് ഇന്ത്യൻ ഇസ്ലാഹി സെൻ്റർ അൽഹുദ മദ്റസയിൽ ആരംഭിച്ചു. മലയാളം മിഷൻ ഡയറക്ടും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കട കുട്ടി മലയാളം ക്ലബ് ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു.
വളരെ ആവേശത്തോടെയാണ് ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന വിവിധ പഠന വിനോദ പരിപാടികളിൽ കുട്ടികൾ പങ്കുകൊണ്ടത്.
ആഗോള മലയാളികളെ സാംസ്കാരികമായി ഒന്നാകെ ഇണക്കിച്ചേർക്കുന്ന കണ്ണിയാണ് മാതൃഭാഷയായ മലയാളം. കേരള സർക്കാരിൻ്റെ ഭാഗമായ മലയാളം മിഷൻ്റെ കീഴിലുള്ള ക്ലാസിലും കുട്ടി മലയാളം ക്ലബ്ബിൻ്റെയും ഭാഗമാകുന്നതോടെ പഠന പ്രകിയയിൽ സർക്കാരിൻ്റെ ഭാഗമാകുകയാണ് പഠിതാക്കളായ കുട്ടികളെന്ന് മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട വ്യക്തമാക്കി. മലയാളം മിഷൻ്റെ ഭാഷാധ്യാപകർ പ്രതിഫലേച്ഛയില്ലാതെ അധ്യാപനം നിർവ്വഹിക്കുകയാണ്. നിലവിൽ ലോകത്തിലെ നൂറ്റിമുപ്പത്തിമൂന്ന് രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട് മലയാളം മിഷൻ.
ഇന്ത്യൻ ഇസ്ലാഹി സെൻ്റർ മുഖ്യകാര്യദർശി സലാഹ് കാര്യാടൻ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ സൗദിമേഖല കൺവീനർ ആമുഖ പ്രഭാഷണം നിർവ്വഹിച്ചു. നിത്യജീവിതത്തിലുപയോഗിക്കുന്ന പല വസ്തുക്കളുടേയും മലയാള പദങ്ങൾ ഉദാഹരണമായി നദി, നാളീകേരം, തലസ്ഥാനം, നാടൻ പാട്ടുകൾ, പഴഞ്ചൊല്ലുകൾ എന്നിവ പുതുതലമുറയിലെ ഒട്ടുമിക്ക കുട്ടികൾക്കും അറിയാതെ പോകുന്ന അവസ്ഥ കുട്ടികളുമായുള്ള സംവാദങ്ങളിൽ നിന്നു മനസ്സിലാക്കാൻ കഴിഞ്ഞത് പ്രവാസി രക്ഷിതാക്കൾ അത്ഭുതത്തോടെയാണ് സാക്ഷ്യം വഹിച്ചത്.
ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമായി ജിദ്ദ അൽ ഹുദ മദ്റസാ വിദ്യാർത്ഥികൾ മലയാള കവിതാലാപനം, മലയാള പ്രസംഗം എന്നിവ അവതരിപ്പിച്ചു. കഥകളും കവിതകളും ചോദ്യോത്തരങ്ങളും ഉൾക്കൊള്ളിച്ച് ഹംസ മദാരി കുട്ടികളുമായി സർഗ്ഗ സംവാദം പരിപാടി അവതരിപ്പിച്ചു.
മലയാളം മിഷൻ ജിദ്ദ രക്ഷാധികാരി നസീർ വാവാക്കുഞ്ഞ്, പ്രസിഡണ്ട് നിഷ നൗഫൽ, ജനറൽ സെക്രട്ടറി റഫീഖ് പത്തനാപുരം, മിഷൻ അധ്യാപിക സുവിജ സത്യൻ, കോർഡിനേറ്റർ ജുനൈസ് അസൈനാർ എന്നിവർ മലയാളം മിഷൻ പ്രവർത്തനങ്ങളും പ്രസക്തിയും എന്ന വിഷയത്തിലൂന്നി സംസാരിച്ചു. ജിദ്ദ മീഡിയ ഫോറം പ്രസിഡണ്ട് കബീർ കൊണ്ടോട്ടി, പത്രപ്രവർത്തകൻ മായിൻ കുട്ടി, ഒഐസിസി റീജിയണൽ ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല, അബ്ദുൽ ഗഫൂർ വളപ്പൻ, ബഷീർ വള്ളിക്കുന്ന് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സെൻ്റർ പ്രിൻസിപ്പൽ ലിയാക്കത്ത് അലി സ്വാഗതവും കോർഡിനേറ്റർ അൻവർ കടലുണ്ടി നന്ദിയും രേഖപ്പെടുത്തി.