ജിദ്ദ – സൗദിയില്‍ ഏറ്റവുമധികം തണ്ണിമത്തന്‍ ഉല്‍പാദിപ്പിക്കുന്നത് മക്ക പ്രവിശ്യയിലാണെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വ്യക്തമാക്കി. തണ്ണിമത്തന്‍ ഉല്‍പാദന മേഖലയില്‍ സൗദി അറേബ്യയുടെ സ്വയം പര്യാപ്ത 99 ശതമാനത്തിലേറെയായി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് പ്രതിവര്‍ഷം 6,05,000 ടണ്‍ തണ്ണിമത്തന്‍ ഉല്‍പാദിപ്പിക്കുന്നു. ഇതിന്റെ നാലില്‍ മൂന്നു ഭാഗവും ഉല്‍പാദിപ്പിക്കുന്നത് മക്ക പ്രവിശ്യയിലാണ്. സൗദിയില്‍ വിവിധ പ്രവിശ്യകളില്‍ 24,000 ലേറെ ഹെക്ടര്‍ സ്ഥലത്ത് തണ്ണിമത്തന്‍ കൃഷി ചെയ്യുന്നു. മക്ക പ്രവിശ്യയില്‍ പ്രതിവര്‍ഷം 4,42,305 ടണ്‍ തണ്ണിമത്തന്‍ ഉല്‍പാദിപ്പിക്കുന്നു.
രണ്ടാം സ്ഥാനത്തുള്ള റിയാദ് പ്രവിശ്യയില്‍ 60,893 ടണ്ണും മൂന്നാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 38,705 ടണ്ണും നാലാം സ്ഥാനത്തുള്ള അല്‍ജൗഫ് പ്രവിശ്യയില്‍ 24,847 ടണ്ണും അല്‍ബാഹയില്‍ 12,008 ടണ്ണും മദീനയില്‍ 9,245 ടണ്ണും അല്‍ഖസീമില്‍ 6,999 ടണ്ണും തബൂക്കില്‍ 4,502 ടണ്ണും ഹായിലില്‍ 3,245 ടണ്ണും അസീറില്‍ 1,240 ടണ്ണും ജിസാനില്‍ 1,011 ടണ്ണും തണ്ണിമത്തന്‍ പ്രതിവര്‍ഷം ഉല്‍പാദിപ്പിക്കുന്നു.
സെപ്റ്റംബര്‍, ഫെബ്രുവരി മാസങ്ങളിലായി രണ്ടു സീസണുകളിലാണ് സൗദിയില്‍ തണ്ണിമത്തന്‍ കൃഷി ചെയ്യുന്നത്. വിത്ത് നട്ട് 90 മുതല്‍ 120 ദിവസത്തിനുള്ളില്‍ വിളവെടുപ്പ് നടത്തുന്നു. സൗദിയിലെ ഭൂരിഭാഗം പ്രവിശ്യകളിലും തണ്ണിമത്തന്‍ കൃഷിയുണ്ട്. വിറ്റാമിനുകളുടെ മികച്ച ഉറവിടമായ തണ്ണിമത്തന്‍ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും തലച്ചോറിനെ സംരക്ഷിക്കുകയും ഹൃദ്രോഗം, ക്യാന്‍സര്‍, നിര്‍ജലീകരണം എന്നിവയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
വേനല്‍ക്കാലത്ത് ആരംഭിച്ച് ആറു മാസത്തേക്ക് നീളുന്ന തണ്ണിമത്തന്‍ വിളയുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും കൃഷി നിരക്ക് ഉയര്‍ത്താനും സുസ്ഥിര ഗ്രാമീണ വികസന പ്രോഗ്രാം ‘റീഫ്’ പ്രവര്‍ത്തിക്കുന്നു.