ജിദ്ദ: വിവിധ വകുപ്പുകള്‍ ഹജ് തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്, ഉംറ ടെര്‍മിനല്‍ കോംപ്ലക്‌സില്‍ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്റെ സന്ദര്‍ശനം. മക്ക റൂട്ട് പദ്ധതി പ്രയോജനപ്പെടുത്തി എത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കാന്‍ ഒരുക്കിയ ടെര്‍മിനലിലെ ഭാഗമാണ് ഗവര്‍ണര്‍ ആദ്യം സന്ദര്‍ശിച്ചത്. മക്ക റൂട്ട് പദ്ധതി വഴി ഇന്തോനേഷ്യയില്‍ നിന്ന് എത്തിയ ഹജ് സര്‍വീസിലെ 360 ഹാജിമാരെ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ സ്വീകരിക്കുകയും ഉപഹാരങ്ങള്‍ വിതരണം നടത്തുകയും ചെയ്തു.
ഹജ്, ഉംറ ടെര്‍മിനലിലെ ഹെല്‍ത്ത് സെന്ററും ഗവര്‍ണര്‍ സന്ദര്‍ശിച്ചു. ജിദ്ദ എയര്‍പോര്‍ട്ടില്‍ ഹജ്, ഉംറ ടെര്‍മിനല്‍, ഒന്നാം നമ്പര്‍ ടെര്‍മിനല്‍, നോര്‍ത്ത് ടെര്‍മിനല്‍ എന്നീ മൂന്നു ടെര്‍മിനലുകള്‍ വഴി ഹാജിമാരെ സ്വീകരിക്കുന്നു. വിമാനത്താവളത്തില്‍ ആകെ 407 ബാഗേജ് കൗണ്ടറുകളും 100 എയര്‍വേ ബ്രിഡ്ജുകളും 67 ബാഗേജ് കണ്‍വെയര്‍ ബെല്‍റ്റുകളും 259 ബസ് പാര്‍ക്കിംഗുകളുമുണ്ട്. യാത്രക്കാരുടെ സുരക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 207 കൗണ്ടറുകളും കസ്റ്റംസ് പരിശോധക്ക് 20 ഉപകരണങ്ങളുമുണ്ട്.
സന്ദര്‍ശനം പൂര്‍ത്തിയാക്കിയ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ ഹജ്, ഉംറ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷം വഹിച്ചു. ഹജ് സീസണ്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ തയാറെടുപ്പുകളും യോഗം വിശകലനം ചെയ്തു.
ഇന്നലെ വരെ 7,17,044 വിദേശ ഹജ് തീര്‍ഥാടകര്‍ രാജ്യത്തെത്തിയതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം ഹജ് വിസ അനുവദിക്കപ്പെട്ടവരില്‍ 49 ശതമാനം പേര്‍ ഇതുവരെ രാജ്യത്തെത്തി. 6,91,429 ഹാജിമാര്‍ വിമാന മാര്‍ഗവും 22,794 തീര്‍ഥാടകര്‍ കര മാര്‍ഗവും 2,821 പേര്‍ കപ്പല്‍ മാര്‍ഗവുമാണ് രാജ്യത്തെത്തിയതെന്നും മന്ത്രാലയം അറിയിച്ചു.