മദീന – പ്രവാചക മസ്ജിദിനെയും കിംഗ് സൽമാൻ റോഡിനെയും ബന്ധിപ്പിക്കുന്ന എയർപോർട്ട് റോഡിന് കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പേര് നൽകാൻ സൽമാൻ രാജാവ് ഉത്തരവിട്ടു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹോസ്പിലാറ്റി പദ്ധതിയായ റുഅ അൽ മദീനയൂടെ സമീപത്തു കൂടിയാണ് ഈ റോഡ് കടന്നുപോകുന്നത്.
രാജ്യത്തെ വികസന പദ്ധതികളിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നിർണായക പങ്കു വഹിക്കുന്നുണ്ടെന്നും ഇതു മദീന ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ വലിയ രീതിയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും മദീന ഗവർണറായ സൽമാൻ ബിൻ സുൽത്താൻ രാജകുമാരൻ വ്യക്തമാക്കി.
പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോഡ് എന്ന വിളിപ്പേരുള്ള ഈ റോഡ് മദീനയിലേക്കുള്ള പ്രധാന ഗതാഗത മാർഗ്ഗമാണ്. 13 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് കിംഗ് ഫൈസൽ റോഡ്, കിംഗ് അബ്ദുല്ല റോഡ്, കിംഗ് ഖാലിദ് റോഡ് എന്ന പ്രധാന റോഡുകളുമായെല്ലാം ബന്ധിപ്പിക്കും. മദീന നരസഭയും വികസന അതോറിറ്റിയും ചേർന്നാണ് ഈ റോഡിൽ നിരവധി വികസന പദ്ധതികൾ നടപ്പാക്കുന്നത്. വാഹന, കാൽനട പാതകളുടെ വികസനവും ലക്ഷ്യമിടുന്ന ഈ പദ്ധതിയിൽ ഖനാ താഴ്വര തുറന്നു പ്രവർത്തിക്കാനുള്ള പദ്ധതിയും നടപ്പാക്കുന്നുണ്ട്.