റിയാദ്: സൗദി അറേബ്യയുടെ വിഷൻ 2030ന് പിന്തുണയേകുന്ന സുസ്ഥിരത പദ്ധതികളുടെ ഭാഗമായി ആദ്യ സോളാർ പ്രൊജക്ട് യാഥാർത്ഥ്യമാക്കി ലുലു. റിയാദ് സെൻട്രൽ വെയർ ഹൗസിലാണ് ആദ്യ സോളാർ ലുലു പ്രൊജക്ട് സ്ഥാപിച്ചത്. 502.7 കിലോവാൾട്ടിന്റെ റൂഫ്ടോപ്പ് സോളാർ പാനലാണ് ലുലു സെൻട്രൽ വെയർ ഹൗസിൽ യാഥാർത്ഥ്യമായത്. പ്രതിവർഷം 846 മെഗാവാൾട്ട് ഊർജ്ജം ഉത്പാദിപ്പിക്കാൻ പുതിയ സോളാർ പ്രൊജ്ക്ടിലൂടെ കഴിയും.
ഇതിലൂടെ പ്രതിവർഷം 382 മെട്രിക് ടൺ വരെയായി കാർബൺ എമിഷൻ കുറയ്ക്കാനാകും. ഏകദേശം 9000 ത്തോള പുതിയ ചെടികൾ നടുന്നതിന് തുല്യം. റിയാദ് സെൻട്രൽ വെയർ ഹൗസിലെ ലുലുവിന്റെ പ്രവർത്തനം സോളാർ പാനലിന്റെ ഊർജ്ജം ഉപയോഗപ്പെടുത്തിയാകും. സൗദി ഇലക്ട്രിസിറ്റി കമ്പനിയായി സഹകരിച്ചാണ് പദ്ധതി. ഊർജ്ജ പുനരുപയോഗത്തിലും സുസ്ഥിരത പദ്ധതികൾക്കും മികച്ച പിന്തുണ നൽകുന്നതാണ് ഈ പദ്ധതി.

Kanoo-CleanMax JV യുമായി സഹകരിച്ചാണ് ലുലുവിന്റെ സോളാർ പ്രൊജക്ട്. സൗദി അറേബ്യയുടെ വിഷൻ 2030ന് കരുത്തേകുന്ന സോളാർ പ്രൊജ്കട് യാഥാർത്ഥ്യമാക്കാനായതിൽ ഏറെ അഭിമാനമുണ്ടെന്നും സൗദിയുടെ സുസ്ഥിര വികസന നയങ്ങൾക്ക് ഒപ്പമുള്ള ചുവടുവയ്പ്പാണിതെന്നും ലുലു സൗദി ഡയറക്‌ടർ ഷെഹീം മുഹമ്മദ് വ്യക്തമാക്കി. സുസ്ഥിരതയ്ക്ക് കരുത്തേകുന്നതാണ് ലുലുവിന്റെ ചുവടുവയ്പ്പെന്ന് യൂസഫ് ബിൻ അഹമ്മദ് കാനൂ ഹോൾഡിംഗ് ഡയറക്ടർ ഫൈസൽ ഖാലിദ് കാനൂ പറഞ്ഞു.