ജിദ്ദ- ആഴ്ചയിൽ രണ്ടര മണിക്കൂറെങ്കിലും കൃത്യമായി വ്യായാമം ചെയ്യുന്നത് ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കുന്നതിൽ ഏറെ സഹായകരമാണെന്ന് ബദർ തമാം പോളിക്ലിനിക്കിലെ ഡോക്ടർ സാജിദ് ബാബു അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ സംഘടിപ്പിച്ച ‘മർഹമ’ കുടുംബസംഗമത്തിൽ ‘പ്രവാസികളെ അലട്ടുന്ന ജീവിതശൈലീരോഗങ്ങളും പരിഹാരങ്ങളും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമേഹം പോലുള്ള രോഗങ്ങൾക്ക് കൃത്യമായ വ്യായാമം ചെയ്താൽ 3 മാസം കൊണ്ട് മരുന്നുകൾ പകുതിയായും 6 മാസം കൊണ്ട് നാലിൽ ഒന്നായും കുറക്കാനും ഒരു വർഷംകൊണ്ട് പൂർണ്ണമായും ഒഴിവാക്കാനും സാധിച്ചേക്കും.
മണ്ണിന് മുകളിലുള്ള ഇലകളും പച്ചക്കറികളും കൂടുതൽ കഴിക്കുകയും മണ്ണിനടിയിലുള്ള കിഴങ്ങുവർഗ്ഗങ്ങൾ താരതമ്യേന കുറക്കുകയും ചെയ്യുന്നത് ഗുണകരമാണ്. 25 കിലോഗ്രാമിന് ഒരു ലിറ്റർ എന്ന തോതിൽ ഒരാളുടെ ശരീരഭാരത്തിന് ആനുപാതികമായി നിത്യവും വെള്ളം കുടിക്കാനും ശീലിക്കണം. പാക്കറ്റ് ജ്യൂസുകൾ, കോള പോലുള്ള പാനീയങ്ങൾ തുടങ്ങിയവ കുറക്കുകയും പഴങ്ങൾ പഞ്ചസാരയില്ലാതെ ജ്യൂസ് ആക്കിയിട്ടോ നേരിട്ടോ കഴിക്കുന്ന രീതിയിലേക്ക് നാം മാറണം. ഇന്ന് പലരും കിഡ്‌നിക്ക് രോഗമുണ്ടാകുന്നതിനെക്കുറിച്ച് ആശങ്കയുള്ളവരാണ്. എന്നാൽ കിഡ്നി പോലെ തന്നെ ശരീരത്തിലെ മറ്റവയവങ്ങളായ ഹൃദയം, തലച്ചോർ എന്നിവയെല്ലാം വളരെ പ്രധാനപ്പെട്ടതാണെന്നും രോഗിയാകുന്നതിന് മുൻപ് തന്നെ വ്യായാമങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ജീവിതശൈലിയിലേക്ക് മാറുകയും ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യണമെന്നും അദ്ദേഹം ഉണർത്തി.
‘സന്തുഷ്ട കുടുംബം, സമാധാനത്തിന്’ എന്ന വിഷയത്തിൽ ജാഫർ പോത്തുകല്ല് പ്രഭാഷണം നിർവ്വഹിച്ചു. കുടുംബത്തോടൊപ്പം ഇരിക്കാനും യാത്ര പോകാനുമൊക്കെ സമയം കണ്ടെത്തണമെന്നും നമ്മളായിരിക്കണം കുടുംബത്തിന് യഥാർത്ഥ റോൾ മോഡലുകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒ.പി നൗഷാദ് മൗലവി ‘മാറുന്ന കാലം, മറക്കാതിരിക്കുക മൂല്യങ്ങൾ’ എന്ന വിഷയത്തിൽ ക്ലാസെടുത്തു. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യാ മദ്രസ്സയിലെ ഹിഫ്ള് വിദ്യാർത്ഥികൾ അവതരിപ്പിച്ച പരിപാടികളും ശ്രദ്ധേയമായിരുന്നു. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങളും സൗദി സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റുകളും ഡോ. സാജിദ് ബാബു വിതരണം ചെയ്തു. ഒ.പി നൗഷാദ് മൗലവിയുടെ നേതൃത്വത്തിൽ കൊച്ചു കുട്ടികൾക്ക് വേണ്ടി ‘കുരുന്നു പ്രതിഭകൾ, വളരുന്ന പ്രതീക്ഷകൾ’ എന്ന തലക്കെട്ടിൽ നടന്ന പരിപാടിയും ശ്രദ്ധേയമായി. അബ്ബാസ് ചെമ്പന്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിന് ശിഹാബ് സലഫി സ്വാഗതവും ഇസ്സുദ്ധീൻ സ്വലാഹി നന്ദിയും പറഞ്ഞു.