ജിദ്ദ – ലെവി ഇളവ് പദ്ധതിയിലൂടെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പ്രതിവര്‍ഷം 400 കോടി റിയാല്‍ മുതല്‍ 500 കോടി റിയാല്‍ വരെ ലാഭിക്കാന്‍ സാധിക്കുന്നതായി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു. വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ലെവി സര്‍ക്കാര്‍ വഹിക്കുന്ന പദ്ധതി കഴിഞ്ഞ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അടുത്ത വര്‍ഷാവസാനം വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ലെവി ഇളവ് ഇനത്തിലൂടെ ലാഭിക്കുന്ന തുക രാജ്യത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കും. പദ്ധതി വ്യവസായ മേഖലയുടെ മത്സരക്ഷമത ഉയര്‍ത്തുകയും ചെയ്യും.
ലെവി ഇളവ് പദ്ധതി ദീര്‍ഘിപ്പിച്ചത് വ്യവസായ മേഖലക്ക് സൗദി ഭരണാധികാരികളില്‍ നിന്ന് ലഭിക്കുന്ന നിര്‍ലോഭ പിന്തുണക്ക് തെളിവാണ്. ലെവി ഇളവ് പദ്ധതിയിലൂടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വ്യവസായ മേഖല വന്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.
വിദേശ തൊഴിലാളികളുടെ ലെവി സര്‍ക്കാര്‍ വഹിക്കുന്ന പദ്ധതി നടപ്പാക്കിയിട്ടും വ്യവസായ മേഖലയില്‍ സൗദിവല്‍ക്കരണം 29 ശതമാനത്തില്‍ നിന്ന് 33 ശതമാനമായി ഉയര്‍ന്നു. സൗദിവല്‍ക്കരണം നടപ്പാക്കാന്‍ വ്യവസായ മേഖല താല്‍പര്യം കാണിക്കുന്നുണ്ട്. വ്യവസായ മേഖലയെ പുതിയ ബിസിനസ് മോഡലുകളിലേക്കും ഓട്ടോമേഷനിലേക്കും പ്രവേശിക്കാനും വേതനം കുറഞ്ഞ തൊഴിലാളികളെ ആശ്രയിക്കുന്ന വ്യവസായങ്ങള്‍ കുറക്കാനും മന്ത്രാലയം നടപ്പാക്കുന്ന പ്രോഗ്രാമുകളും സൗദിവല്‍ക്കരണം ഉയരാന്‍ സഹായിച്ചു. വ്യവസായ മേഖലയുടെ വളര്‍ച്ചയുടെയും നിക്ഷേപത്തിന്റെയും തുടര്‍ച്ച ഉറപ്പാക്കാന്‍ ഈ മേഖലക്കുള്ള വ്യക്തമായ സന്ദേശവും പിന്തുണയും ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നു.
ലെവി ഇനത്തിലെ സാമ്പത്തിക ഭാരം അടുത്ത വര്‍ഷം വ്യവസായ സ്ഥാപനങ്ങളെ ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നിലവിലെ സാഹചര്യം കൈകാര്യം ചെയ്തിട്ടുണ്ട്. ഈ മേഖലയുടെ മത്സരക്ഷമതയുടെ തുടര്‍ച്ച ഉറപ്പാക്കുന്ന നയങ്ങള്‍ നടപ്പാക്കാനും വ്യവസായ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങള്‍ തടയാനും സര്‍ക്കാര്‍ ഗൗരവമായി പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്ത കൊല്ലത്തിനു ശേഷവും ലെവി ഇളവ് പദ്ധതി നീട്ടുന്ന കാര്യത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി വ്യവസായ, ധാതുവിഭവ മന്ത്രി പറഞ്ഞു.
സമ്പദ്‌വ്യവസ്ഥക്കുള്ളില്‍ നിക്ഷേപങ്ങള്‍ക്കുള്ള അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശക്തമായി പ്രവര്‍ത്തിക്കുന്നതിനാല്‍ വ്യവസായിക നിക്ഷേപങ്ങളുടെ വളര്‍ച്ച സ്വാഭാവികമാണ്. വ്യവസായം വളരെ പ്രധാനപ്പെട്ട മേഖലയാണ്. പ്രാദേശിക ഉള്ളടക്ക ഉപകരണങ്ങള്‍ നിരവധി വ്യവസായങ്ങള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കാനും പ്രാദേശികവല്‍ക്കരണ തന്ത്രം നടപ്പാക്കാനും നിരവധി ഉല്‍പന്നങ്ങളില്‍ പ്രാദേശികവല്‍ക്കരണ നിരക്ക് ഉയര്‍ത്താനും സഹായിക്കുന്നു. മരുന്നുകള്‍, വാക്‌സിനുകള്‍ തുടങ്ങിയ പുതിയ മേഖലകളില്‍ സൗദി അറേബ്യ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഭക്ഷ്യവ്യവസായം, ഭക്ഷ്യസുരക്ഷ, നൂതന രാസവസ്തുക്കളുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ തുടങ്ങി നിലവിലുള്ള മേഖലകള്‍ കൂടുതല്‍ വിപുലീകരിക്കാനും ശ്രമമുണ്ട്.
സൗദിയില്‍ മികച്ച അവസരങ്ങളുണ്ട്. വിദേശ നിക്ഷേപം അടക്കം നിക്ഷേപ പ്രവാഹം തുടരുകയാണ്. 2022 അവസാനത്തോടെ പ്രഖ്യാപിച്ച വ്യാവസായിക തന്ത്രം നടപ്പാക്കാന്‍ വിദേശ നിക്ഷേപം പ്രധാന ഘടകമാണ്. രാജ്യത്തെ നിക്ഷേപ സാധ്യതകള്‍ വ്യക്തമാക്കാന്‍ നിരവധി വിദേശ കമ്പനികളുമായി ചേര്‍ന്ന് മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ട്.
വിദേശ നിക്ഷേപങ്ങള്‍ ഇപ്പോഴും പ്രതീക്ഷക്ക് താഴെയാണ്. സൗദിയില്‍ വ്യവസായ മേഖലയിലെ ആകെ നിക്ഷേപങ്ങളില്‍ വിദേശ നിക്ഷേപങ്ങള്‍ ആറു മുതല്‍ ഏഴു ശതമാനം വരെയാണ്. വരും കാലത്ത് സൗദിയില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ അന്താരാഷ്ട്ര കമ്പനികള്‍ വന്‍തോതില്‍ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശിക വിപണിയും കയറ്റുമതിയും ലക്ഷ്യമിടുന്ന വ്യവസായങ്ങള്‍ തുടങ്ങാന്‍ ബഹുരാഷ്ട്ര കമ്പനികളെ അനുവദിക്കുന്ന ശക്തമായ പ്രാദേശിക വിപണിയും ഭൂമിശാസ്ത്രപരമായ മികച്ച സ്ഥാനവും സൗദി അറേബ്യയുടെ സവിശേഷതകളാണ്.
സൗദിയില്‍ വാഹന വ്യവസായ മേഖല പുതിയതും പ്രതീക്ഷ നല്‍കുന്നതുമാണ്. പിറെല്ലി കമ്പനിയും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും അടുത്തിടെ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. സൗദിയില്‍ മരുന്ന് വ്യവസായ മേഖലയില്‍ പ്രവേശിക്കാന്‍ നിരവധി വന്‍കിട കമ്പനികള്‍ ആഗ്രഹിക്കുന്നു. പ്രോട്ടീന്‍, റെഡ് മീറ്റ്, പൗള്‍ട്രി അടക്കമുള്ള ഭക്ഷ്യമേഖലയിലും പുനരുപയോഗ മേഖലയിലും യന്ത്രങ്ങളും ഉപകരണങ്ങളും നിര്‍മിക്കുന്ന മേഖലയിലും എമ്പാടും നിക്ഷേപാവസരങ്ങളുണ്ട്. അലൂമിനിയം, ഇരുമ്പ് വ്യവസായങ്ങളുമായി ബന്ധപ്പെട്ട മേഖലകളിലും നിക്ഷേപാവസരങ്ങളുണ്ട്. വ്യവസായ തന്ത്രത്തിലൂടെ ഭൂരിഭാഗം മേഖലകളും ലക്ഷ്യമിടുന്നു. ഈ മേഖലകളിലെ വന്‍കിട കമ്പനികളുമായി വ്യവസായ, ധാതുവിഭവ മന്ത്രാലയം ആശയവിനിമയം നടത്തുന്നുണ്ടെന്നും ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു.