മദീന – കഴിഞ്ഞ വര്‍ഷം (ഹിജ്‌റ 1445) മസ്ജിദുന്നബവിയില്‍ 28.1 കോടിയിലേറെ വിശ്വാസികളെ സ്വീകരിച്ചതായി ഹറംകാര്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം പ്രവാചക പള്ളിയില്‍ എത്തിയ വിശ്വാസികളുടെ എണ്ണത്തില്‍ രണ്ടര കോടിയിലേറെ പേരുടെ വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം മസ്ജിദുന്നബവി റൗദ ശരീഫില്‍ 1.1 കോടിയിലേറെ പേര്‍ നമസ്‌കാരം നിര്‍വഹിക്കുകയും പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്തി സലാം ചൊല്ലുകയും ചെയ്തു.
തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം 18 ലക്ഷത്തിലേറെ പേര്‍ കൂടുതല്‍ റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കുകയും പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്തുകയും ചെയ്തു.
മസ്ജിദുന്നബവിയില്‍ നമസ്‌കാരം നിര്‍വഹിക്കാനും പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്താനും മുന്‍കൂട്ടി പെര്‍മിറ്റ് നേടേണ്ടതില്ല. റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ മാത്രമാണ് നുസുക് ആപ്പ് വഴി മുന്‍കൂട്ടി ബുക്ക് ചെയ്ത് പെര്‍മിറ്റ് നേടേണ്ടത്.