ജിദ്ദ – കഴിഞ്ഞ വർഷം ഏഴര ലക്ഷത്തിലേറെ തൊഴിലാളികളെ സൗദി അറേബ്യയിലേക്ക് അയച്ചതായി ബംഗ്ലാദേശ് ലേബർ ബ്യൂറോ അറിയിച്ചു. ഒരു കൊല്ലത്തിനിടെ ഒരു വിദേശ രാജ്യത്തേക്ക് ഇത്രയധികം തൊഴിലാളികളെ ബംഗ്ലാദേശ് അയക്കുന്നത് ആദ്യമാണ്. ഏകദേശം 35 ലക്ഷം ബംഗ്ലാദേശികൾ സൗദി അറേബ്യയിൽ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്നു. ഇവർ എല്ലാ വർഷവും 500 കോടിയിലേറെ ഡോളർ നാട്ടിലേക്ക് അയക്കുന്നു. ഏഴുപതുകൾ മുതൽ ബംഗ്ലാദേശുകാർ സൗദി തൊഴിൽ വിപണിയിൽ പ്രവേശിച്ചിട്ടുണ്ട്. ഇന്ത്യക്കാരെ മറികടന്ന് സൗദിയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായി ബംഗ്ലാദേശുകാർ മാറിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ബംഗ്ലാദേശി തൊഴിലാളികളുടെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമെന്ന പദവി സൗദി നിലനിർത്തി. 2025ൽ വിദേശത്തേക്ക് പോയ 11 ലക്ഷത്തിലധികം തൊഴിലാളികളിൽ മൂന്നിൽ രണ്ട് ഭാഗവും സൗദി അറേബ്യ തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷം ഏഴര ലക്ഷത്തിലേറെ ബംഗ്ലാദേശി തൊഴിലാളികൾ സൗദി അറേബ്യയിലേക്ക് പോയതായി ബ്യൂറോ ഓഫ് മാൻപവർ, എംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിംഗ് അഡീഷണൽ ഡയറക്ടർ ജനറൽ അഷ്‌റഫ് ഹുസൈൻ പറഞ്ഞു. 2024 നെ അപേക്ഷിച്ച് 2025 ൽ സൗദിയിൽ തൊഴിൽ തേടിയ ബംഗ്ലാദേശുകാരുടെ എണ്ണം 16 ശതമാനം തോതിൽ വർധിച്ചു. 2024 ൽ ഏകദേശം 6,28,000 ബംഗ്ലാദേശുകാർ ജോലിക്കായി സൗദിയിലേക്ക് പോയി.
2023ൽ സൗദി തൊഴിൽ വിപണിയിലെ ജീവനക്കാരുടെ പ്രൊഫഷണൽ ശേഷികൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബംഗ്ലാദേശിൽ സ്‌കിൽ വെരിഫിക്കേഷൻ പ്രോഗ്രാം ആരംഭിച്ച ശേഷം സമീപ വർഷങ്ങളിൽ കൂടുതൽ വിദഗ്ധ തൊഴിലാളികളെ സൗദി അറേബ്യയിലേക്ക് അയക്കുന്നതിൽ ബംഗ്ലാദേശ് അധികൃതർ ശ്രദ്ധ കേന്ദ്രീകരിച്ചു. കഴിഞ്ഞ ഒക്ടോബറിൽ സൗദി അറേബ്യയും ബംഗ്ലാദേശും പുതിയ തൊഴിൽ കരാറിൽ ഒപ്പുവെച്ചു. ഇത് തൊഴിലാളി സംരക്ഷണം, വേതന വിതരണം, ക്ഷേമ, ആരോഗ്യ സേവനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നു. 2026 ൽ ബംഗ്ലാദേശി തൊഴിലാളികൾക്ക് സൗദിയിൽ മൂന്നു ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.



