ജിദ്ദ – സൗദി ഓഹരി നിക്ഷേപകര്‍ക്ക് കഴിഞ്ഞ മാസം നേരിട്ടത് വന്‍ നഷ്ടം. മെയ് മാസത്തില്‍ നിക്ഷേപകര്‍ക്ക് 54,722 കോടി റിയാല്‍ നഷ്ടം നേരിട്ടു. തുടര്‍ച്ചയായി മൂന്നാം മാസമാണ് സൗദി ഓഹരി വിപണി നഷ്ടത്തില്‍ കലാശിക്കുന്നത്. മെയ് മാസത്തില്‍ ഷെയര്‍ മാര്‍ക്കറ്റില്‍ മുഴുവന്‍ മേഖലകളും തകര്‍ച്ച നേരിട്ടു. സൂചിക 7.19 ശതമാനം തോതില്‍ ഇടിഞ്ഞ് 891.4 പോയിന്റ് നഷ്ടപ്പെട്ടു.
മെയ് അവസാനത്തില്‍ സൂചിക 11,503.49 പോയിന്റിലേക്ക് താഴ്ന്നു. ഏപ്രില്‍ അവസാനത്തില്‍ 12,394.91 പോയിന്റിലാണ് സൂചിക ക്ലോസ് ചെയ്തത്. മെയ് അവസാനത്തോടെ സൗദി ഓഹരി വിപണിയുടെ ആകെ മൂല്യം 10.236 ട്രില്യണ്‍ റിയാലിലേക്ക് താഴ്ന്നു. തൊട്ടു മുന്‍ മാസത്തില്‍ ഇത് 10.783 ട്രില്യണ്‍ റിയാല്‍ ആയിരുന്നു.
കഴിഞ്ഞ മാസം സൗദി ഷെയര്‍ മാര്‍ക്കറ്റില്‍ അടിസ്ഥാനവസ്തു മേഖലയാണ് ഏറ്റവും വലിയ ഇടിവ് നേരിട്ടത്. അടിസ്ഥാനവസ്തു മേഖല 8.69 ശതമാനവും ബാങ്കിംഗ് മേഖല 7.54 ശതമാനവും ടെലികോം മേഖല 6.62 ശതമാനവും ഊര്‍ജ മേഖല 3.81 ശതമാനം തോതിലും ഇടിഞ്ഞു. ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് മെയ് മാസത്തില്‍ ക്രയവിക്രയം ചെയ്യപ്പെട്ട ഓഹരികളുടെ മൂല്യം വര്‍ധിച്ചു.
ആകെ 14,257 കോടി റിയാലിന്റെ ഓഹരികള്‍ മെയ് മാസത്തില്‍ ക്രയവിക്രയം ചെയ്യപ്പെട്ടു. ഏപ്രിലില്‍ ഇത് 13,457 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം ക്രയവിക്രയം ചെയ്യപ്പെട്ട ഓഹരികളുടെ മൂല്യം 5.94 ശതമാനം തോതില്‍ വര്‍ധിച്ചു. കഴിഞ്ഞ മാസം ആകെ 548 കോടി ഷെയറുകളാണ് ക്രയവിക്രയം ചെയ്തത്. ഏപ്രിലില്‍ 540 കോടി റിയാലിന്റെ ഓഹരികളാണ് ക്രയവിക്രയം ചെയ്യപ്പെട്ടത്.