കൊണ്ടോട്ടി- പതിനായിരങ്ങൾക്ക് കനിവിന്റെ കാരുണ്യമൊരുക്കുന്ന കൊണ്ടോട്ടിയിലെ ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഓട്ടിസം ബാധിച്ച കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതി ഉടൻ പ്രാവർത്തികമാകുമെന്ന് ഡയാലിസിസ് സെന്റർ ചെയർമാൻ പി.എ ജബ്ബാർ ഹാജി ജിദ്ദയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊണ്ടോട്ടി ഡയാലിസിസ് സെന്ററിന്റെ കീഴിൽ കൊണ്ടോട്ടി വെട്ടുകാട്ട് ഒരുങ്ങുന്ന മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഒരുങ്ങുന്നതായും അദ്ദേഹം പറഞ്ഞു. ശിഹാബ് തങ്ങൾ എംപവർമെന്റ് പാലിയേറ്റീവ് സോണിന് കീഴിലാണ് ആശുപത്രി വരുന്നത്. കിടപ്പുരോഗികളായവരെ വീടുകളിൽ എത്തി പരിചരിക്കാനും ആരോരുമില്ലാത്ത അഗതികളെ സംരക്ഷിക്കാനും സ്റ്റെപ്സിൽ സൗകര്യമൊരുക്കും.
നിലവിൽ ഡയാലിസിസ് സെന്ററിന് കീഴിൽ ഡയാലിസിസ് ടെക്നോളജി, മെഡിക്കൽ ലാബ് ടെക്നോളജി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകൾ പഠിപ്പിക്കുന്നുണ്ട്. 160-ഓളം വിദ്യാർഥികളാണ് ഇവിടെ പഠനം നടത്തുന്നത്.
വൃക്കരോഗത്തിന് കാരണമാകുന്ന കുടിവെള്ളത്തിലെ മാലിന്യം കണ്ടെത്താനുള്ള വിപുലമായ പരിശോധനകളും സെന്റർ നടത്തുന്നുണ്ട്. 4500-ലേറെ കിണറുകളിലെ വെള്ളം ഇതോടകം ടെസ്റ്റ് ചെയ്തു. സെന്ററിൽ തന്നെ ആധുനിക ലബോറട്ടറി, ഫാർമസി, ഫിസിയോ തെറപ്പി സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്. മൂന്നു വർഷത്തിനിടെ 470 വൃക്ക രോഗ നിർണ്ണയ ക്യാമ്പും ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ സംഘടിപ്പിച്ചു. 170000 പേർക്കാണ് ഇതോടകം ഡയാലിസിസ് പൂർണ്ണമായും സൗജന്യത്തോടെ ചെയ്തുകൊടുത്തതെന്നും പി.എ ജബ്ബാർ ഹാജി പറഞ്ഞു. 43 മെഷീനുകളിലായി 258 പേർക്കാണ് ദിവസവും ഡയാലിസിസ് ചെയ്തുകൊടുക്കുന്നത്. പ്രവാസികൾക്ക് മുന്തിയ പരിഗണന നൽകുന്നുണ്ടെന്നും പ്രവാസികൾ സെന്ററിന് നൽകുന്ന സഹായം. ഒരിക്കലും മറക്കാനാകില്ലെന്നും ജബ്ബാർ ഹാജി പറഞ്ഞു. ഡയാലിസിസ് സെന്റർ ഡയറക്ടറും അഡ്വൈസറി ബോർഡ് മെമ്പറുമായ ബാബു നഹ്ദി, നൗഷാദ് വാഴയൂർ, ലത്തീഫ് ചീക്കോട് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.