ദമാം- പ്രവാസികൾക്ക് കിഫ്ബി വഴി കൂടുതൽ നിക്ഷേപം നടത്താവുന്നതാണെന്ന് ആദ്യമായി സൗദിയിൽ സന്ദർശനത്തിനെത്തിയ ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. കെഎസ്എഫ് ഇ പ്രവാസി ചിട്ടി സമാഹരണ പ്രചാരണത്തിൻ്റെ ഭാഗമായി സൗദിയിലെ പ്രവാസി നിക്ഷേപകർക്കുവേണ്ടി ദമാമിൽ നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നാട്ടിലെ ബ്രാഞ്ചുകളിൽ പോകാതെ തന്നെ പ്രവാസികൾക്ക് ഓൺലൈനായി തന്നെ ചിട്ടിയിൽ നേരിട്ട് ചേരാവുന്നതും അടയ്ക്കാവുന്നതും ചിട്ടി വിളിക്കാവുന്നതുമടക്കമുളള നിക്ഷേപ സൗകര്യങ്ങളാണ് പ്രത്യേക വിഭാഗമായി ഒരുക്കിയിരിക്കുന്നത്. 121 രാജ്യങ്ങളിൽ നിന്നും ഓൺലൈനായിട്ട് പ്രവാസിചിട്ടി പദ്ധതിയിൽ നിക്ഷേപം നടത്തുന്നുണ്ട്. സൗദിയിൽ നിന്നുള്ള പ്രവാസി നിക്ഷേപകരുടെ എണ്ണം വർദ്ധിപ്പിക്കേണ്ടതായുണ്ട്.
ചെറിയ തുകകൾ നിക്ഷേപിച്ച് മികച്ചൊരു സുരക്ഷിത സമ്പാദ്യത്തിലേക്ക് എത്തിക്കാൻ ചെറിയ വരുമാനമുളളവർക്കും സാധ്യമാകും വിധമാണ് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. സൗദിയിൽ നിരവധി മലയാളികൾ സംരംഭകരായി ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്നതായും അവർക്ക് കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയെ പിന്തുണക്കുന്നതിനും ശക്തമാക്കുന്നതിനും വ്യവസായ പദ്ധതികൾ ആവിഷ്‌ക്കരിക്കാൻ മറ്റു തടസ്സങ്ങളില്ലാതെ ഏറ്റവും എളുപ്പത്തിൽ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികൾക്ക് ആക്സിഡന്റ് ഇൻഷുറൻസ് സംബന്ധിച്ച് പഠനം നടത്തും. സംസ്ഥാന സർക്കാർ വിഭാഗങ്ങൾ ഡിജിറ്റലൈസേഷൻ പൂർത്തീകരിച്ചു വരികയാണ്. കിഫ്ബി വികസിപ്പിച്ച എറ്റവും മികച്ച സോഫ്റ്റവെയറാണ് കേരളസർക്കാർ സേവനങ്ങൾക്കായി ഉപയോഗിക്കുന്നത്. ഒരു ലക്ഷം ആളുകൾക്കാണ് കേരള ലോട്ടറി ഏജൻ്റ് എന്ന നിലയിൽ നിലവിൽ വരുമാനം നൽകുന്നത്. ലോട്ടറി വിൽപ്പനയിൽ നിന്നും സംസ്ഥാനസർക്കാരിന് മൂന്നു ശതമാനം മാത്രമാണ് വരുമാനം ലഭിക്കുന്നത്. മദ്യത്തിൽ നിന്നുള്ള വരുമാനത്തിലും ഇന്ത്യയിലെ എട്ടാമത്തെയെ ഒൻപതാമത്തെയോ സംസ്ഥാനം മാത്രമാണ് കേരളം. മദ്യവും ലോട്ടറിയും മാത്രമാണ് കേരളത്തിൻ്റെ വരുമാനം എന്ന തരത്തിലുള്ള ആരോപണങ്ങൾ വെറുതെയാണെന്നും മന്ത്രി പറഞ്ഞു.
സ്വർണ്ണപ്പണയം കൊടുക്കുന്ന കേരളത്തിലെ രണ്ടു പ്രമുഖസ്വകാര്യ സ്ഥാപനങ്ങളുടെ കഴിഞ്ഞ വർഷത്തെ ലാഭം നാലായിരം കോടിയാണെന്ന് റിസർവ്വ് ബാങ്ക് പറഞ്ഞിട്ടുണ്ട്. കെഎസ്എഫഇ യിൽ നിക്ഷേപിക്കുന്നവർക്ക് തിരികെ കൊടുക്കും എന്നത് ഗവർണമെൻ്റ് ഗ്യാരണ്ടിയാണുളളത്. ഇതര സ്വകാര്യ സ്ഥാപനങ്ങൾ കുടുതൽ പലിശ വാഗ്ദാനം ചെയ്യുമെങ്കിലും എത്ര സുരക്ഷിതത്വമുണ്ടെന്നും മന്ത്രി ആശങ്കപ്പെട്ടു. കഴിഞ്ഞ വെള്ളപ്പൊക്ക കാലത്ത് കെ.എസ്എഫ്ബിയുടെ ജീവനക്കാർ സാലറി ചലഞ്ചിലൂടെ ഏകദേശം 50 കോടി രൂപയാണ് സമാഹരിച്ച് കേരളത്തിനായി നൽകിയത്. വയനാട് പോലുള്ള ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി പൊതുവായിട്ട് ആളുകൾക്ക് താമസിക്കാനുള്ള ഷെൽട്ടർ ഹൗസ് നിർമ്മിക്കാനാണ് ഇത്തവണ ജീവനക്കാർ പദ്ധതിയിട്ടിരിക്കുന്നത്. 43000 ലാപ്ടോപ്പുകളാണ് കെഎസ് എഫ്ഇ വിദ്യാർഥികൾക്കായുള്ള പദ്ധതിയിലൂടെ വിതരണം ചെയ്തത്.
ലോജിസ്റ്റിക് പോളിസി പുതുതായി ഗവൺമെന്റ് അംഗീകരിച്ചിട്ടുണ്ടെന്ന് സദസിൽ നിന്നുയർന്ന പൊതു ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.അതിൻ പ്രകാരം സ്വകാര്യമേഖലയിൽ ഇൻഡസ്ട്രിയൽ പാർക്കുകളും, ഐടി പാർക്കുകളും നടത്തുന്നുതിന് കഴിയുമെന്നും മന്ത്രി പറഞ്ഞു. സംരംഭങ്ങൾ ആരംഭിക്കുന്നതിനും വാഹനവായ്പ, ഗൃഹോപകരണ വായ്പ, ഭവന നിർമ്മാണ വായ്പ എന്നീ പദ്ധതികളും കെഎസ്എഫ്ഇ നടത്തുന്നുണ്ടെന്ന് ചെയർമാൻ കെ. വരദരാജൻ പറഞ്ഞു.
കെഎസ്എഫ്ഇ എംഡി ഡോ. എസ്.കെ. സനിൽ, ബോർഡ് മെംബർ എം.സി. രാഘവൻ, ഡിജിഎം എം.ടി. സുജാത എജിഎം ഷാജു ഫ്രാൻസീസ്,ചീഫ് മാനേജർ പി.കെ രേവതി എന്നിവരും മന്ത്രിക്കൊപ്പം സൌദി പര്യടന സംഘത്തിലുണ്ടായിരുന്നു. ലോകകേരളാ സഭാംഗം ആൽബിൻ ജോസഫ് അധ്യക്ഷത വഹിച്ചു. വിവിധ പദ്ധതികളെ പരിചയപ്പെടുത്തൽ എജിഎം പ്ലാനിങ് ഷാജു ഫ്രാൻസീസ് നടത്തി, ബോർഡ് മെംബർ എം.സി. രാഘവൻ,ഡിജിഎം എം.ടി. സുജാത, ലോകകേരളാസഭാംഗം സുനിൽ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. വെള്ളിയാഴ്ച റിയാദിലും, ശനിയാഴ്ച ജിദ്ദയിലും മന്ത്രിയും ഉന്നതല സംഘവും നിക്ഷേപ സമാഹരണ യോഗത്തിൽ പങ്കെടുക്കും. തുടർന്ന് മറ്റുള്ള ജി.സി.സി രാജ്യങ്ങളിലെ യോഗങ്ങളിലും പങ്കെടുക്കുന്നുണ്ട്.