റിയാദ്- പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെയുള്ള നിലപാടില്‍ ഇടതുമുന്നണിയില്‍ യാതൊരു അഭിപ്രായവ്യത്യാസമില്ലെന്ന് ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാലന്‍ അഭിപ്രായപ്പെട്ടു. സിപിഎമ്മിന്റെ കൂടെ നിന്ന് ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന നിലപാടുകള്‍ സ്വീകരിക്കുന്നവരെ പിന്തുണക്കാന്‍ കഴിയില്ല. അഴിമതിക്കാരായ ഒരാള്‍ക്കും പാര്‍ട്ടിയിലോ മുന്നണിയിലോ തുടരാന്‍ കഴിയില്ല. എഡിജിപി അജിത് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ പ്രചരണാര്‍ഥം റിയാദിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
പിണറായി സര്‍ക്കാര്‍ കേരളത്തെ വന്‍ വികസനത്തിലേക്കാണ് നയിച്ചത്. ദമാമില്‍ നിന്ന് റിയാദിലേക്കുള്ള ഹൈവേ പോലെ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് വിശാലമായ ഹൈവേ അടുത്ത വര്‍ഷം ഉദ്ഘാടനം ചെയ്യും. വിഴിഞ്ഞം തുറമുഖം ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി മാറാന്‍ പോവുകയാണ്.
കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടിയില്‍ 121 രാജ്യങ്ങളിലെ മലയാളികള്‍ അംഗമായിട്ടുണ്ട്. എന്നാല്‍ സൗദി അറേബ്യയില്‍ നിന്ന് 10 ശതമാനം മാത്രമാണ് അംഗത്വമുള്ളത്. കൂടുതല്‍ പേര്‍ അംഗങ്ങളാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഒരു വര്‍ഷം ഒരു ലക്ഷം കോടി ടേണ്‍ഓവര്‍ ആണ് പ്രതീക്ഷിക്കുന്നത്. വയനാട് പുനരധിവാസത്തിനായി 50 കോടി കെ.എസ്.എഫ്.ഇ വകയിരുത്തിയിട്ടുണ്ട്. റിയാദിലെ ഹോളിഡേ ഇന്‍ അല്‍ഖസറില്‍ നടന്ന പ്രവാസി മലയാളി സംഗമത്തില്‍ ധനമന്ത്രി പങ്കെടുത്തു. പ്രവാസിച്ചിട്ടിയുടെ സാമ്പത്തിക സുരക്ഷിതത്വവും സാമ്പത്തിക നേട്ടവും വിശദമാക്കുന്ന ചടങ്ങില്‍ പ്രവാസി മലയാളികള്‍ക്ക് ഇരട്ട നേട്ടം ലഭ്യമാക്കുന്ന കെ.എസ്.എഫ്.ഇ. യുടെ കെ.എസ്.എഫ്.ഇ. ഡ്യുവോ എന്ന പുതിയ പദ്ധതിയുടെ ഗ്ലോബല്‍ ലോഞ്ചിങ്ങും ധനമന്ത്രി നിര്‍വ്വഹിച്ചുു.
ഈ പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് ഒരേ സമയം ചിട്ടിയുടേയും നിക്ഷേപത്തിന്റേയും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്. ഇടപാടുകാര്‍ക്ക് സാമ്പത്തികാദായം ലഭിക്കുന്നതിനൊപ്പം പ്രവാസിച്ചിട്ടി വഴി കെ.എസ്.എഫ്.ഇ.യില്‍ എത്തുന്ന പണം കിഫ്ബി വഴി കേരള സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉപകരിക്കുകയും ചെയ്യുന്നു. അതായത് ഒരേ സമയം സാമ്പത്തികാദായവും കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലെ പങ്കാളിത്തവും ഇതു വഴി പ്രവാസി മലയാളികള്‍ക്ക് ലഭിക്കുന്നു. ധനകാര്യ മന്ത്രിക്ക് പുറമെ കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ വരദരാജന്‍, മാനേജിംഗ് ഡയറക്ടര്‍ ഡോ.സനില്‍ എസ്.കെ, ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍ കെഎസ്എഫ്ഇ അഡ്വക്കേറ്റ് എം.സി രാഘവന്‍ എന്നിവരും സംബന്ധിച്ചു