അൻപത് ഡിഗ്രിക്ക് മുകളിലായിരുന്നു ഇത്തവണ ഹജു കാലത്ത് മക്കയിലെ ചൂട്. അറഫയിലും മിനായിലും മുസ്ദലിഫയിലും സൂര്യൻ കത്തിജ്വലിച്ചുനിന്നു. മുഖത്തേക്ക് ചൂട്ടുകത്തിച്ചു പിടിക്കുന്നത് കണക്കെയുള്ള പൊള്ളലായിരുന്നു ഹാജിമാർക്ക് അനുഭവപ്പെട്ടത്. ചരിത്രത്തിലെ ഏറ്റവും കൂടുതൽ ചൂടുള്ള കാലത്തെ ഹജായിരുന്നു ഇക്കുറി.
പെരുംചൂടിൽ ഉരുകിയൊലിക്കുകയായിരുന്നു ഹാജിമാർ. ആശ്വാസത്തിന്റെ കുളിരായി ഒരു ദിവസം മഴ പെയ്തിരുന്നു. അങ്ങിങ്ങായി സൗദി സർക്കാറിന്റെ വെള്ളം ചീറ്റുന്ന ഫാനും. എങ്കിലും ഹാജിമാർ ഉരുകിയൊലിച്ചു.
കടുത്ത ചൂടിൽ കിലോമീറ്ററുകളോളം നടന്ന് അവശരായെത്തിയ ഹാജിമാർക്ക് ആശ്വാസത്തിന്റെ തണുപ്പുള്ള വാക്കുമായി നൂറു കണക്കിന് വളണ്ടിയർമാർ. കണക്കിൽ കഴിഞ്ഞ വർഷത്തെ അത്രയും വളണ്ടിയർമാരില്ലെങ്കിലും പോയ കൊല്ലത്തെ അതേ ജോലിയുണ്ടായിരുന്നു ഓരോ സന്നദ്ധ പ്രവർത്തകനും.
പതിവുപോലെ ഈ വർഷവും കെ.എം.സി.സിയുടെ കഞ്ഞി വിതരണമുണ്ടായിരുന്നു ഹജിലുടനീളം. പതിനായിരകണക്കിന് പേർക്ക് ദിവസവും കെ.എം.സി.സി കഞ്ഞിവെച്ചു വിളമ്പി. ലോകത്തുടനീളമുള്ള ഹാജിമാരുടെ പ്രാർത്ഥനകളിൽ കെ.എം.സി.സി വളണ്ടിയർമാരെ ഓർത്തു.
മാസങ്ങളുടെ ഒരുക്കമുണ്ടായിരുന്നു ഇത്തവണ കഞ്ഞിയൊരുക്കാൻ. നാട്ടിൽനിന്ന് നെല്ലുകുത്തരി വരാത്ത സഹചര്യത്തിൽ മട്ടയരി ഉണക്കിയെടുത്തു പൊടിച്ചായിരുന്നു അരിയുണ്ടാക്കിയത്. കെ.എം.സിസയുടെ വനിതാ വിംഗ് വീടുകളിൽ വെച്ച് അച്ചാറുണ്ടാക്കി.
ഹജിന് എത്തുന്ന പ്രായം ചെന്നവർക്ക് പലപ്പോഴും ഇവിടെ ലഭിക്കുന്ന ഭക്ഷണം പിടിക്കാറില്ല. കഞ്ഞിയും ചമ്മന്തിയും അച്ചാറുമാണ് അവരുടെ ഇഷ്ടവിഭവം. ഹജിന്റെ പ്രധാന ചടങ്ങുകളായ മിനായിലേക്കും അറഫയിലേക്കും മുസ്ദലിഫയിലേക്കും നീങ്ങിയാൽ താമസസ്ഥലത്തുനിന്ന് ലഭിച്ചിരുന്ന ഭക്ഷണവും കിട്ടാതാകും സർക്കാർ നൽകുന്ന ഭക്ഷണം മാത്രമായിരിക്കും പിന്നീടുണ്ടാകുക.
ഈ സമയത്ത് ലഭിക്കുന്ന ഒരു പാത്രം കഞ്ഞി ജീവൻ കിട്ടുന്നതിന് തുല്യമാണ് ഹാജിമാർക്ക്. കഞ്ഞിക്ക് വേണ്ടി വരി നിൽക്കുന്ന ഓരോ ഹാജിയുടെ ചുണ്ടിലും കഞ്ഞിയൊരുക്കുന്നവർക്ക് വേണ്ടിയുള്ള പ്രാർത്ഥനയുണ്ടായിരുന്നു.
മിനായിലെ എല്ലാ താമസസ്ഥലത്തും കഞ്ഞിയൊരുക്കാൻ സൗകര്യം ലഭിക്കാറില്ലെന്ന് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി പറഞ്ഞു. മലയാളി ഹാജിമാർ താമസിക്കുന്ന ടെന്റുകളിലെത്തിയാണ് കഞ്ഞി വെക്കുക. മുത്തവിഫുമാരെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്തും. അവരുടെ സമ്മതത്തോടെയുണ്ടാക്കുന്ന കഞ്ഞിയാണ് ഹാജിമാർക്ക് വിതരണം ചെയ്യുന്നത്. മലയാളികൾക്കും ഇന്ത്യക്കാർക്കും പുറമെ മറ്റു രാജ്യക്കാരും കഞ്ഞിക്കായി എത്താറുണ്ട്.
അവശരായിരിക്കുന്നവരുടെ ജീവജലമാണ് ഒരു പാത്രം കഞ്ഞി. ജീവിതത്തിൽ ഹാജി ഒരിക്കലും മറക്കാത്ത ഒരു പാത്രം കഞ്ഞി. ഇതുമാത്രം മതി കെ.എം.സി.സിയുടെ ഹജ് സേവനം സാഫല്യത്തിലെത്താൻ…