റിയാദ്: മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗിന്റെ ആഭിമുഖ്യത്തില്‍ അല്‍ ഖലീജ് ഇസ്ബീലിയയിലെ ഇസ്മ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘പരിരക്ഷ 2025’ ത്രൈമാസ ആരോഗ്യ ക്യാമ്പയിന് ഇന്ന് തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം ഏഴ് മണിക്ക് ബത്ഹയിലെ നൂര്‍ ഓഡിറ്റോറിയത്തിലാണ് ക്യാമ്പയിന് ഉദ്ഘാടനം.
നാളെ വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന ആരോഗ്യ സെമിനാറില്‍ ഇസ്മ മെഡിക്കല്‍ സെന്ററിലെ ജനറല്‍ ഫിസിഷ്യന്‍ ഡോ. സുമി തങ്കച്ചന് ‘പ്രവാസി ജീവിതത്തിലെ ആരോഗ്യ വെല്ലുവിളികളും പരിഹാരങ്ങളും’ എന്ന വിഷയം അവതരിപ്പിക്കും. ലൈഫ് കോച്ച് സുഷമ ഷാന്‍ ‘ലഹരി ചുഴിയില്‍ അടി തെറ്റുന്ന പ്രവാസം’ എന്ന വിഷയവും ക്ല്രിനിക്കല് സൈക്കോളജിസ്റ്റ് ഫാത്തിമ റൈഹാന്‍ ‘പ്രവാസികളിലെ മാനസിക സമ്മര്‍ദ്ദം’ എന്ന വിഷയവും അവതരിപ്പിക്കും.
ഫെബ്രുവരി 14ന് ഇസ്മ മെഡിക്കല്‍ സെന്ററില്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്ത 300 പേര്‍ക്കായി ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 8 മണി മുതല്‍ വൈകിട്ട് 6 മണി വരെ നടക്കുന്ന അഡ്വാന്‍സ്ഡ് മെഡിക്കല്‍ ക്യാമ്പില്‍ സൗജന്യമായി അതി നൂതന ടെക്നോളജിയോട്കൂടിയ മെഡിക്കല്‍ എക്യുപ്മെന്റുകളുടെ സഹായത്തോടെ ഹൃദയം, കിഡ്നി, കണ്ണ് എന്നിവയുള്‍പ്പെടെയുള്ള പരിശോധനകളും ഇസ്മ മെഡിക്കല്‍ സെന്ററിലെ മലയാളി നേത്ര രോഗ വിദഗ്ധര്‍ അടക്കം പ്രഗല്ഭരയാ ഡോക്ടര്‍മാരുടെയും സേവനവും ലഭ്യമാകും . കൂടാതെ ഈ ക്യാമ്പില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും ഒരു വര്‍ഷത്തേക്ക് മാസത്തില്‍ ഒരിക്കല്‍ സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും അടിസ്ഥാന ആരോഗ്യ പരിശോധനകളും ലഭിക്കും. ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ലാത്തവര്‍ക്കും വിസിറ്റിംഗ് വിസക്കാര്‍ക്കും ഉപയോഗപ്പെടുത്താന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
റിയാദിന്റെ ഏത് ഭാഗത്തു നിന്നും അനായാസേന പുതിയ മെട്രോ സംവിധാനം വഴി ക്യാമ്പിലേക് എത്തിപ്പെടാന്‍ കഴിയുമെന്നതും വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ലഭ്യമാണെന്നതും ക്യാമ്പിന്റെ പ്രത്യേകതയാണ്. മെട്രോയുടെ ചുവന്ന ലൈനിലെ സ്റ്റേഷന് നമ്പര്‍ 23 ല്‍ നിന്നും നൂറ് മീറ്റര്‍ ദൂര പരിധിയിലാണ് ഇസ്മാ മെഡിക്കല്‍ സെന്റര്‍ നിലകൊള്ളുന്നത്.
ഏപ്രില്‍ 25ന് വൈകുന്നേരം 7 മണിക്ക് സുലൈ വൈറ്റ് പാലസ് ഇസ്തിറാഹയില് പ്രമുഖ ആരോഗ്യ പരിശീലകരുടെ നേതൃത്വത്തില്‍ ഒരു വെല്‍നസ് വര്‍ക്ക്ഷോപ്പും നടക്കും.
പ്രവാസികള്‍ക്കിടയിലെ തൊഴില്‍, ജയില്‍, മരണ കേസുകള്‍ മറ്റു നിയമ പ്രശ്നങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിന് വ്യത്യസ്ത ടീമുകളായി തിരിച്ച് 16 മണ്ഡലങ്ങളില്‍ നിന്നായി പ്രാപ്തരായ 90 വളണ്ടിയേഴ്സും ”ഡ്യൂ ഡ്രോപ്സ് ” എന്നപേരില്‍ നൂറിലധികം വളണ്ടിയേഴ്സിനെ ഉള്‍പ്പെടുത്തി രക്തദാന സേനയും മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ്ങിന് കീഴിലുണ്ട്.
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ‘ദി വോയേജ് ‘ ക്യാമ്പയിനിന്റെ ഭാഗമായാണ് വെല്‍ഫെയര്‍ വിംഗ് ‘പരിരക്ഷ 2025 ‘ ആരോഗ്യ ക്യാമ്പയിന് സംഘടിപ്പിക്കുന്നത്. 2018 മാര്‍ച്ച് മാസത്തിലെ ലോക കിഡ്നി ദിനത്തില്‍ തുടക്കം കുറിച്ച ‘പരിരക്ഷ’ ക്യാമ്പയിന് വഴി, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് മുന്‍ വര്‍ഷങ്ങളില്‍ ബത്ഹയിലെ ന്യൂ സഫാമക്ക പോളിക്ലിനിക്കിന്റെ സഹായത്തോടെ നടത്തിയ കിഡ്നി പരിശോധനയില്‍ റിയാദ് നഗരത്തിലെ കുറഞ്ഞ വേതനം ലഭിക്കുന്ന പ്രവാസി മലയാളികളില്‍ നിരവധി പേര്‍ക്ക് തങ്ങളുടെ വൃക്ക രോഗത്തെക്കുറിച്ച് അറിയുവാന്‍ കഴിഞ്ഞു. ഇത് വഴി പ്രാഥമിക ചികിത്സ നേടുവാനും സാധിച്ചിട്ടുണ്ട്. തുടര്‍ ചികിത്സയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ക്യാമ്പയിനിന്റെ ഭാഗമായി സാധിച്ചു. ഈ വിജയകരമായ പദ്ധതിയാണ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗിനെ ക്യാമ്പയിന് പ്രതിവര്‍ഷം നടത്താന്‍ പ്രചോദിപ്പിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഇസ്മ മെഡിക്കല്‍ സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ വി.എം അഷ്റഫ് , ഇസ്മ മെഡിക്കല്‍ സെന്റര്‍ ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ സി.കെ ഫാഹിദ്, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്മാന് റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് തിരൂര്‍ക്കാട്, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, ജനറല്‍ സെക്രട്ടറി സഫീര്‍ മുഹമ്മദ്, ട്രഷറര്‍ മുനീര്‍ വാഴക്കാട്, വെല്‍ഫെയര്‍ വിംഗ് ഭാരവാഹികളായ ജാഫര്‍ വീമ്പൂര്, ഇസ്മായില്‍ പടിക്കല്‍, ഹാഷിം കോട്ടക്കല്‍, എന്നിവര്‍ പങ്കെടുത്തു.