ജിദ്ദ- ഭീകരവാദ സംഘടനയായ ഐസിസിന്റെ റിക്രൂട്ട്മെന്റ് കേന്ദ്രമാണ് കേരളം എന്ന് സി.പി.എം. നേതാവ് പി. ജയരാജൻ പറഞ്ഞത് ദുഷ്ടലാക്കോടെയുള്ളതാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അഭിപ്രായപ്പെട്ടു. അനവസരത്തിലുള്ള ഇത്തരം പ്രസ്താവനകൾ സമൂഹത്തെ ഭിന്നിപ്പിക്കാൻ മാത്രമേ ഉതകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിദ്ദ കെഎംസിസി പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വയനാട് പുനരധിവാസം സർക്കാർ ആത്മാർത്ഥത കാണിക്കുന്നില്ല. മുസ്ലിം ലീഗ് ഏറ്റെടുത്ത കാര്യങ്ങളിൽ പലതും ഇതിനകം നടപ്പിലാക്കി. അതുകൊണ്ടുതന്നെ പാർട്ടിക്ക് സമൂഹത്തിൽ വിശ്വാസ്യതയും പിന്തുണയും വർധിച്ചു. ഇത്തരം പ്രവർത്തനങ്ങളിൽ പാർട്ടിക്ക് കെ.എം.സി.സി നൽകിവരുന്ന പിന്തുണ നിസ്തുലമാണ്. ജിദ്ദ കെഎംസിസി കുടുംബ സുരക്ഷാ പദ്ധതിയുടെ പതിനാറാം വർഷത്തേക്കുള്ള അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം കെഎംസിസി നാഷണൽ ട്രഷറർ അഹമ്മദ് പാളയാട്ടിന് അപേക്ഷ ഫോം കൈമാറി പി.എം.എ സലാം നിർവഹിച്ചു.
ജിദ്ദ കെ എം സി സി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് എം കെ ബാവ, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂർ, മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി ഹുസൈൻകുട്ടി, യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ എന്നിവർ പ്രസംഗിച്ചു. ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും വിപി അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
കഴിഞ്ഞ വർഷത്തെ സുരക്ഷാ പദ്ധതി ക്യാമ്പയിനിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച സംഘടനാ ഘടകങ്ങളെ ചടങ്ങിൽ ആദരിച്ചു. ആരോഗ്യ പ്രവർത്തക ബെൻസി മോൾ കുര്യന് യാത്രയയപ്പും നൽകി.