അസീർ – അസുഖബാധിതനായ വയനാട് സ്വദേശി മുഹമ്മദ് ഷാനിദിന് നാടണയാൻ തുണയായി ഖാലിദിയ കെ.എം.സി.സി. രണ്ടാഴ്ച മുമ്പാണ് ഖമീസ് മുഷൈത്ത് ബലദിലെ ഒരു വെയർ ഹൗസ് ബിൽഡിംഗ് വരാന്തയിൽനിന്ന് ഷാനിദിനെ ഖാലിദിയ കെ.എം.സി.സി ഭാരവാഹിയായ ആസിഫ് വഴിക്കടവ് കണ്ടത്. വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ആസിഫ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ബഷീർ മൂന്നിയൂരുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം സ്വന്തം ഫ്ലാറ്റിൽ മുഹമ്മദ് ഷാനിബിന് താമസ സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു.
അടുത്ത ദിവസം ഷാനിദിന്റെ സ്പോൺസറുമായി ബഷീർ മൂന്നിയൂർ ബന്ധപ്പെട്ടപ്പോൾ വിസ ചെലവുകളും മറ്റും ഉൾപ്പടെ 8000 റിയാൽ നൽകിയാൽ എക്സിറ്റ് നൽകാമെന്ന് അദ്ദേഹം അറിയിച്ചു. പുതിയ വിസയിൽ നാട്ടിൽ നിന്നെത്തിയ ഷാനിദ് വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് കടയിൽ ജോലി ചെയ്തത്.
ഷാനിദിന്റെ രോഗാവസ്ഥയും സാമ്പത്തിക പ്രശ്നങ്ങളും വിശദീകരിച്ച് ബഷീർ മൂന്നിയൂർ നടത്തിയ നിരന്തര ശ്രമങ്ങൾക്കൊടുവിൽ രണ്ടായിരം റിയാൽ നൽകിയാൽ എക്സിറ്റ് നൽകാമെന്ന് സ്പോൺസർ സമ്മതിച്ചു. താമസസ്ഥലത്ത് ഭക്ഷണം കഴിക്കുന്നതിന് ഉൾപ്പടെ നിസ്സഹകരിച്ച ഷാനിദിനെ
വളരെ ശ്രമകരമായാണ് ഫ്ലാറ്റിലെ താമസക്കാരായ കണ്ണൻ, ഷാജി വഴിക്കടവ്
നൗഫൽ വയനാട് എന്നിവർ ഒരാഴ്ചയിലധികം പരിപാലിച്ചത്.
ആസിഫ് വഴിക്കടവിന്റെ നേതൃത്വത്തിൽ ഖാലിദിയ കെ.എം.സി.സി സ്പോൺസർക്ക് നൽകാനുള്ള തുക കണ്ടെത്തി എക്സിറ്റ് വിസ നേടിയതോടെ ഷാനിദിന് നാട്ടിലേക്ക് പോകാനുള്ള തടസ്സങ്ങൾ നീങ്ങി. കെ.എം.സി.സി സെൻടൽ കമ്മിറ്റിയാണ് ടിക്കറ്റ് നൽകിയത്. ഖാലിദിയ കെ.എം.സി.സി ഭാരവാഹികളായ മൊയ്തീൻ കട്ടുപ്പാറ, നിസാർ കരുവൻ തുരുത്തി, ശഫീഖ് മഞ്ചേരി, ഹസൈൻ കൂട്ടിലങ്ങാടി, സാജിദ് സുഫീൻ, മുഹമ്മദ് പെരുമ്പാവൂർ, മജീദ് ഹലീസ്, ബാസിത്ത് ഹലീസ്, അബ്ദുൽ കരീം, അബ്ദുൽ ഖാദർ, ശിഹാബ് മുണ്ടക്കുളം, നിഷാൻ ആറളം, എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.