ജിദ്ദ- ഹാജിമാർക്ക് വേണ്ടി കെ.എം.സി.സി പ്രവർത്തകർ നടത്തുന്ന സേവനങ്ങൾ പ്രശംസനീയവും മഹത്തരവുമാണെന്ന് മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. ജിദ്ദ കെ.എം.സി.സി ഹജ് വളണ്ടിയർ പരിശീലന ക്യാമ്പ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാട്ടിൽ മുസ്ലിം ലീഗ് പ്രസ്ഥാനം നടത്തുന്ന ജീവ കാരുണ്യ സേവന പ്രവർത്തനങ്ങളിലും കെ.എം.സി.സി പ്രവർത്തകരുടെ പങ്കാളിത്തവും സഹകരണവും വളരെ വലുതാണ്. സംഘടനയുടെ വളർച്ചയിൽ കെ.എം.സി.സിയുടെ സേവന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വളണ്ടിയർ സേവനത്തിന്റെ ഇസ്ലാമിക കാഴ്ച്പാടുകൾ വിശദീകരിച്ചു പണ്ഡിതനും പ്രമുഖ വാഗ്‌മിയും സംസ്ഥാന സുന്നി യുവജന സംഘം സെക്രെട്ടറിയുമായ അബ്ദുൽ സമദ് പൂക്കോട്ടൂർ പ്രസംഗിച്ചു. സമസ്‌തയുടെയും മുസ്ലിം ലീഗിന്റെയും നേതൃത്വത്തിൽ കേരള മുസ്ലിം സമൂഹത്തിനുണ്ടായ പുരോഗതി ആർക്കും നിരാകരിക്കാനാവില്ല. ഇരു സംഘടനകളുടെയും പരസ്‌പര സഹൃദത്തിന് ഭംഗം വരുത്തുന്ന ഏത് പ്രവർത്തനവും സമൂഹത്തിന് ദോഷകരമായി ഭവിക്കുമെന്നും, സമൂഹത്തിൽ വിഭാഗീയത സൃഷ്ടിച്ചു അതിൽനിന്ന് മുതലെടുക്കുന്ന ശത്രുക്കളുടെ ശ്രമങ്ങൾ കരുതിയിരിക്കണമന്നും പൂക്കോട്ടൂർ പറഞ്ഞു.
സേവനത്തിന്റെ പ്രാധാന്യവും ഗുണങ്ങളും വിശദീകരിച്ചു ഡോക്ടർ സുബൈർ ഹുദവി ചേകനൂർ ക്ലാസ്സെടുത്തു. വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം ഉത്തരേന്ത്യൻ പിന്നാക്ക സമൂഹത്തിനിടയിൽ നടത്തുന്ന സേവന പ്രവർത്തങ്ങൾ സദസിനു പരിചയപ്പെടുത്തി. വളണ്ടിയർമാരെ മാനസികമായും മതപരമായും തയ്യാറാക്കുന്നതിന്റ ഭാഗമായി ആത്മ സമർപ്പണത്തിന്റെ സേവന മാതൃക എന്ന വിഷയത്തിൽ പണ്ഡിതനും പ്രമുഖ വാഗ്മിയുമായ ശാക്കിർ മുണ്ടേരി ഉൽബോധന പ്രസംഗം നടത്തി .
കേരളേതര സംസ്ഥാങ്ങളിൽ നിന്ന് രജിസ്റ്റർ ചെയ്ത നൂറോളം വളണ്ടിയർമാരും, ജിദ്ദ കെ.എം.സി.സി വനിതാ വളണ്ടിയർമാർ ഉൾപ്പെടെ 1500 ൽ അധികം വളണ്ടിയർമാർ പങ്കെടുത്ത വളണ്ടിയർ മാർച്ച് പാസ്റ്റിനു സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ സല്യൂട്ട് സ്വീകരിച്ചു. അബ്ദുസമദ് പൂക്കോട്ടൂർ, ഡോക്ടർ സുബൈർ ഹുദവി, ശാക്കിർ മുണ്ടേരി, വിപി മുഹമ്മദ് അലി, നാഷണൽ കെ.എം.സി.സി പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ, ട്രഷറർ അഹമ്മദ് പാളയാട്ട് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി ആക്ടിംഗ് പ്രസിഡന്റ് സി കെ റസാക്ക് മാസ്റ്റർ ജനറൽ സെക്രട്ടറി വി.പി മുസ്തഫ, അബ്ദുറഹ്മാൻ വെള്ളിമാടുകുന്ന്, ഇസ്മയിൽ മുണ്ടക്കുളം, സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, നാഷണൽ കെ.എം.സി.സി ഭാരവാഹികൾ, സെക്രട്ടേറിയറ്റ് അംഗങ്ങൾ തുടങ്ങിയവർ മാർച്ച് പാസ്റ്റിന് പ്രത്യഭിവാദ്യം ചെയ്തു. ജിദ്ദ കെ.എം.സി.സി വളണ്ടിയർ ക്യാപ്റ്റൻ സിറാജ് കണ്ണവം, നാഷണൽ ക്യാപ്റ്റൻ ശിഹാബ് താമരക്കുളം, വൈസ് ക്യാപ്റ്റന്മാരായ അബു കാട്ടുപാറ, നിസാർ മടവൂർ, കോർഡിനേറ്റർമാരായ ഫൈറൂസ് കൊണ്ടോട്ടി, അഫ്‌സൽ നാറാണത്ത് എന്നിവർ അസംബ്ലി നിയന്ത്രിച്ചു.
ജുമുഅ നമസ്‌കാരാനന്തരം തുടങ്ങിയ വളണ്ടിയർ പരിശീലന ക്യാമ്പിൽ കെ.എം.സി.സി ഹജ്ജ് സെൽ തയ്യാറാക്കിയ മിന മാപ്പ് ഉപയോഗിച്ച് മിനയിലെ പ്രധാന റോഡുകളും പാലങ്ങളും പരിചയപ്പെടുത്തി. സോൺ നമ്പറുകൾ, പോൾ നമ്പറുകൾ, റോഡ് , പാലം നമ്പറുകൾ, റെന്റ് നമ്പറുകൾ മനസിലാക്കി വഴിതെറ്റിയ ഹാജിമാരെ ടെന്റുകളിൽ എത്തിക്കുന്നതിനും ഹാജിമാരോടും അധികൃതരോടും അനുവർത്തിക്കേണ്ട രീതികളും നാഷണൽ കെ.എം.സി.സി ഹജ് സെൽ ക്യാപ്റ്റൻ ശിഹാബ് താമരകുളം , ജിദ്ദ ക്യാപ്റ്റൻമാരായ സിറാജ് കണ്ണവം, അബു കാട്ടുപാറ, നിസാർ മടവൂർ എന്നിവർ വിശദീകരിച്ചു. ആരോഗ്യപരമായും മാനസികവുമായി തയ്യാറാവുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളെകുറിച്ച് കോർഡിനേറ്റർ അഫ്‌സൽ നാറാണത്ത്, ഡോ. ഹാരിസ് എന്നിവരും പരിശീലന ക്ലാസുകൾ നടത്തി.
കോർഡിനേറ്റർ ഫൈറൂസ് കൊണ്ടോട്ടിയുടെ നേതൃത്വത്തിൽ ക്യൂ ആർ കോഡ് ഉപയോഗിച്ചു വളണ്ടിയർ രജിസ്ട്രേഷനും ഗ്രൂപ്പ് ക്യാപ്റ്റൻ മാരുടെയും കോർഡിനേറ്റർമാരുടെയും നേത്യത്വത്തിൽ വളണ്ടിയർ ഗ്രൂപിങ്ങും മാർച്ച് ഫസ്റ്റ് ഒരുക്കങ്ങളും നടന്നു.
വിവിധ സെഷനുകളിൽ, നാസർ വെളിയങ്കോട്, നാസർ എടവനക്കാട്, അബ്ദുൾറഹ്മാൻ വെള്ളിമാട്കുന്ന്, ഇസ്‌മയിൽ മുണ്ടക്കുളം, .എ.കെ ബാവ, ഇസ്ഹാഖ് പുണ്ടോളി, ലത്തീഫ് മുസ്ലിയാരങ്ങാടി, ഹസൻ ബത്തേരി, സാബിൽ മമ്പാട് , ജലാൽ തേഞ്ഞിപ്പലം , അഷ്‌റഫ് താഴേക്കോട്, സുബൈർ വട്ടോളി , സകീർ നാലകത്ത് , ലത്തീഫ് വെള്ളമുണ്ട, ഹുസ്സൈൻ കരിങ്കറ, മുംതാസ് ടീച്ചർ, ഷമീല മൂസ, കദീജ കുബ്റ, എന്നിവർ സംസാരിച്ചു.
സമാപന സമ്മേളനത്തിൽ സി.കെ.എ റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു, വി പി. മുസ്തഫ സ്വാഗതവും ഷൗക്കത്ത് ഞാറക്കോടൻ നന്ദിയും പറഞ്ഞു..