ജിദ്ദ – ഫലസ്തീന്‍ ജനതക്ക് ചൂടുള്ള ഭക്ഷണം വിതരണം ചെയ്യാനായി ഗാസ മുനമ്പില്‍ കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ സെന്‍ട്രല്‍ കിച്ചണ്‍ ഉദ്ഘാടനം ചെയ്തു. ഗാസയിലെ ഫലസ്തീന്‍ ജനതയെ സഹായിക്കാനുള്ള സൗദി ജനകീയ കാമ്പെയ്നിന്റെ കീഴിലും സൗദി സെന്റര്‍ ഫോര്‍ കള്‍ച്ചര്‍ ആന്റ് ഹെറിറ്റേജുമായി സഹകരിച്ചും സെന്‍ട്രല്‍ കിച്ചണ്‍ ഡെവലപ്മെന്റ് ആന്റ് ഓപ്പറേഷന്‍ പ്രോജക്റ്റിന്റെ ഭാഗമാണ് ഈ സംരംഭം. ഈ റമദാന്‍ മാസം മുതല്‍ പ്രതിദിനം 24,000 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനായി ഗാസ മുനമ്പില്‍ പൂര്‍ണ്ണമായും സജ്ജീകരിച്ച സെന്‍ട്രല്‍ കിച്ചണ്‍ വികസിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ദശലക്ഷക്കണക്കിന് പാക്കറ്റ് ഭക്ഷണം ഇവിടെ തയാറാക്കി വിതരണം ചെയ്യും. ഗാസ മുനമ്പിലെ ദെയ്ര്‍ അല്‍ബലഹ്, ഖറാര പ്രദേശങ്ങളിലെ കുടിയിറക്കപ്പെട്ടവരും ദുരിതബാധിതരുമായ കുടുംബങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
ഫലസ്തീന്‍ ജനതക്ക് ഭക്ഷണം നല്‍കുന്നതില്‍ ഉദാരമതികളായ ദാതാക്കളെ പങ്കാളികളാക്കുക, കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ ദുരിതം ലഘൂകരിക്കാനും ഐക്യദാര്‍ഢ്യത്തിന്റെ ആത്മാവ് ശക്തിപ്പെടുത്താനും നേരിട്ട് സംഭാവന നല്‍കാന്‍ അവരെ പ്രാപ്തരാക്കുക എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പദ്ധതി പൂര്‍ത്തീകരിച്ചതിനു ശേഷവും ഫലസ്തീന്‍ കുടുംബങ്ങള്‍ക്ക് ഭക്ഷണ പിന്തുണയുടെ സ്രോതസ്സായി തുടര്‍ച്ചയായ പ്രവര്‍ത്തനം ഉറപ്പാക്കാനായി സെന്‍ട്രല്‍ കിച്ചന്‍ വികസിപ്പിക്കുന്നതിലും പ്രവര്‍ത്തിപ്പിക്കുന്നതിലും പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
തയ്യാറെടുപ്പ്, ഉല്‍പ്പാദനം, വിതരണം എന്നിവയുടെ എല്ലാ ഘട്ടങ്ങളിലും ഉയര്‍ന്ന ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലൂടെയും ചൂടുള്ളതും സമീകൃതവുമായ ഭക്ഷണം ഏറ്റവും ദുര്‍ബലരായ കുടുംബങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലൂടെയും പദ്ധതി ഭക്ഷണ ഗുണനിലവാരത്തിനും സുരക്ഷക്കും മുന്‍ഗണന നല്‍കുന്നുണ്ട്.
ഗാസ മുനമ്പില്‍ നിലവിലുള്ള ശേഷികള്‍ പ്രയോജനപ്പെടുത്തി ചൂടുള്ള ഭക്ഷണം തയ്യാറാക്കാനും വിതരണം ചെയ്യാനും പ്രാദേശിക വിഭവങ്ങള്‍ പ്രയോജനപ്പെടുത്താനും മാനുഷിക പ്രതികരണത്തെ പിന്തുണക്കുന്നതില്‍ അവയുടെ പങ്ക് വര്‍ധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതി 40 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും യുദ്ധക്കെടുതികള്‍ ബാധിച്ച കുടുംബങ്ങള്‍ക്ക് മെച്ചപ്പെട്ട വരുമാനം നല്‍കുകയും ചെയ്യും. പദ്ധതി പ്രതിദിനം 24,000 പേര്‍ക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.
മാനവചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നിനാണ് ഗാസ മുനമ്പ് സാക്ഷ്യം വഹിക്കുന്നതെന്നും ഗാസ മുനമ്പിലെ മുഴുവന്‍ ജനങ്ങളും കുടിയിറക്കവും അവശ്യ മാനുഷിക വസ്തുക്കളുടെ അഭാവവും നേരിടുന്നതായും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്ററിന്റെ സൂപ്പര്‍വൈസര്‍ ജനറലുമായ ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു. ഭക്ഷണം, വെള്ളം, മരുന്ന്, കുട്ടികള്‍ക്കും ശിശുക്കള്‍ക്കും ആവശ്യമായ അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവ ലഭിക്കാത്തതിനാല്‍ ഗാസ മുനമ്പിലെ ഫലസ്തീന്‍ ജനതയുടെ 90 ശതമാനത്തിലേറെ പേരും ദാരിദ്ര്യത്തിലേക്ക് വീണുപോയി. ഗാസ മുനമ്പിലെ ഫലസ്തീന്‍ ജനതയെ ബാധിച്ച പ്രതിസന്ധിയുടെ തുടക്കം മുതല്‍, തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഗാസ മുനമ്പിലെ സഹോദര ഫലസ്തീന്‍ ജനത നേരിടുന്ന മാനുഷിക പ്രതിസന്ധിയോട് പ്രതികരിക്കാനായി സര്‍ക്കാര്‍, പൊതു ധനസമാഹരണ കാമ്പെയ്ന്‍ ആരംഭിക്കാനും വ്യോമ മാര്‍ഗവും കര മാര്‍ഗവും കപ്പലുകളിലും ആയിരക്കണക്കിന് ടണ്‍ റിലീഫ് വസ്തുക്കള്‍ ഗാസയില്‍ എത്തിക്കാനും നിര്‍ദേശിച്ചു.
സൗദി അറേബ്യയുടെ മാനുഷിക വിഭാഗമെന്ന നിലയില്‍ കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ ഭക്ഷ്യവസ്തുക്കള്‍, പാര്‍പ്പിട സാമഗ്രികള്‍, മെഡിക്കല്‍ സാധനങ്ങള്‍, വ്യക്തിഗത ആവശ്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സഹായങ്ങള്‍ ഗാസയില്‍ എത്തിക്കാനായി 80 ചരക്ക് വിമാനങ്ങളും ഡസന്‍ കണക്കിന് കപ്പലുകളും അയച്ചുകൊണ്ട് ഭരണാധികാരികളുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കി. ഈജിപ്ത്, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ ലഭ്യമായ ക്രോസിംഗുകള്‍ വഴിയാണ് ഗാസയില്‍ സഹായങ്ങള്‍ എത്തിച്ചത്. റിലീഫ് വസ്തുക്കള്‍ ഫലസ്തീനികള്‍ക്ക് നേരിട്ട് എത്തിക്കാന്‍ തടസ്സം നേരിട്ടപ്പോള്‍ പാരച്യൂട്ടുകളില്‍ അവ വിമാനത്തില്‍ നിന്ന് ഇട്ടുനല്‍കുന്ന പദ്ധതിയും കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ നടപ്പാക്കിയിരുന്നു.
ഇന്ന് വളരെ പ്രധാനപ്പെട്ട പദ്ധതിയായ സെന്‍ട്രല്‍ കിച്ചണ്‍ ഉദ്ഘാടനം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. കുടിയിറക്കപ്പെട്ട ധാരാളം ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന ഏറ്റവും വലിയ സെന്‍ട്രല്‍ കിച്ചനാണിത്. ഒരേസമയം പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഇത് ഭക്ഷണം നല്‍കും. ഈ പദ്ധതി ദശലക്ഷക്കണക്കിന് പാക്കറ്റ് ഭക്ഷണം വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മാനുഷിക പ്രതിസന്ധിയിലെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളായ സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവരില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കിംഗ് സല്‍മാന്‍ മാനുഷിക സഹായ കേന്ദ്രം താല്‍പ്പര്യപ്പെടുന്നതായും ഡോ. അബ്ദുല്ല അല്‍റബീഅ വ്യക്തമാക്കി.



