റിയാദ് – നാല്പത്തിയെട്ടാമത് കിംഗ് ഫൈസൽ ഇന്റർനാഷണൽ അവാർഡുകൾ റിയാദിലെ പ്രിൻസ് സുൽത്താൻ ഗ്രാൻഡ് ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രഖ്യാപിച്ചു. കിംഗ് ഫൈസൽ ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ ഡോ. അബ്ദുൽ അസീസ് അൽസസുബൈൽ പ്രഖ്യാപിച്ച അവാർഡുകളിൽ, ഏറ്റവും പ്രധാനപ്പെട്ട ഇസ്‌ലാമിക സേവനത്തിനുള്ള പുരസ്‌കാരം പ്രമുഖ സൗദി വ്യവസായി ശൈഖ് അബ്ദുല്ലത്തീഫ് അൽഫൗസാനും ഈജിപ്തിലെ അൽഅസ്ഹർ സർവകലാശാലയിലെ ഡോ. മുഹമ്മദ് മുഹമ്മദ് അബൂമൂസയും പങ്കിട്ടു. ജീവകാരുണ്യ പ്രവർത്തനങ്ങൾ, മോസ്‌ക് ആർക്കിടെക്ചർ പ്രോത്സാഹിപ്പിക്കൽ, അൽഫൗസാൻ അക്കാദമി തുടങ്ങിയ സംരംഭങ്ങൾ വഴി നോൺ-പ്രോഫിറ്റ് മേഖലയിൽ നൽകിയ നേതൃപരമായ പങ്കാണ് അൽഫൗസാനെ അർഹനാക്കിയത്. അറബി ഭാഷയുടെയും പൈതൃകത്തിന്റെയും സംരക്ഷണത്തിനും ഖുർആനിക വൈജ്ഞാനിക ശാഖയിലെ വിപുലമായ ഗ്രന്ഥരചനകൾക്കുമാണ് ഡോ. അബൂമൂസ ആദരിക്കപ്പെട്ടത്.


ഇസ്‌ലാമിക പഠന വിഭാഗത്തിൽ, ഇസ്‌ലാമിക ലോകത്തെ വ്യാപാര പാതകളെക്കുറിച്ചുള്ള ആഴത്തിലുള്ള ഗവേഷണത്തിന് ഈജിപ്തിലെ ഡോ. അബ്ദുൽഹമീദ് ഹുസൈൻ ഹമൂദയും ജോർദാനിലെ ഡോ. മുഹമ്മദ് വുഹൈബ് ഹുസൈനും അവാർഡ് പങ്കിട്ടു. അറബി ഭാഷാ-സാഹിത്യ വിഭാഗത്തിൽ, ഫ്രഞ്ച് വായനക്കാർക്ക് അറബി സാഹിത്യത്തെയും കവിതകളെയും മികച്ച രീതിയിൽ വിവർത്തനത്തിലൂടെ പരിചയപ്പെടുത്തിയ ഫ്രാൻസിലെ പ്രൊഫസർ പിയറി ലാർച്ചർ ജേതാവായി. വൈദ്യശാസ്ത്ര വിഭാഗത്തിൽ, പ്രമേഹത്തിനും അമിതവണ്ണത്തിനുമുള്ള ചികിത്സയിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കിയ ഹോർമോണിന്റെ പങ്ക് കണ്ടെത്തിയ ന്യൂയോർക്കിലെ പ്രൊഫസർ സ്വെറ്റ്ലാന മൊജ്‌സോവ് പുരസ്‌കാരം നേടി. ഗണിതശാസ്ത്ര വിഭാഗത്തിൽ, രേഖീയമല്ലാത്ത ഡിഫറൻഷ്യൽ സമവാക്യങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്ക് ചിക്കാഗോ സർവകലാശാലയിലെ പ്രൊഫസർ കാർലോസ് കെനിഗ് അവാർഡിന് അർഹനായി.


വിജയികൾക്ക് രണ്ട് ലക്ഷം ഡോളർ സമ്മാനത്തുകയും 200 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണ്ണ മെഡലും പ്രശസ്തി പത്രവും ലഭിക്കും. 1977-ൽ സ്ഥാപിതമായ ഈ പുരസ്‌കാരം 1979 മുതലാണ് വിതരണം ചെയ്ത് തുടങ്ങിയത്. സയൻസ്, മെഡിസിൻ ഉൾപ്പെടെ അഞ്ച് വിഭാഗങ്ങളിലായി ഇതുവരെ മുന്നൂറിലധികം പേർക്ക് അവാർഡ് ലഭിച്ചിട്ടുണ്ട്. ഈ അവാർഡ് ജേതാക്കളിൽ പലരും പിന്നീട് നോബേൽ സമ്മാനത്തിന് അർഹരായിട്ടുണ്ടെന്നത് കിംഗ് ഫൈസൽ അവാർഡിന്റെ ആഗോള നിലവാരം വെളിപ്പെടുത്തുന്നു.



