ജിദ്ദ: 35- മത് പി.ടി.ഭാസ്കരപ്പണിക്കർ സ്മാരക ആഗോള ബാലശാസ്ത്ര പരീക്ഷയിൽ അന്തർദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടി ബാലശാസ്ത്ര പ്രതിഭയായി ജിസാൻ സയൻസ് ഇന്റർനാഷണൽ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഖദീജ താഹ തെരഞ്ഞടുക്കപ്പെട്ടു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റേയും ജനകീയ ശാസ്‌ത്ര പ്രസ്ഥാനത്തിന്റേയും സ്ഥാപകനേതാക്കളിൽ ഒരാളും എഴുത്തുകാരനുമായിരുന്ന പി.ടി.ഭാസ്‌കരപണിക്കരുടെ സ്മരണാർത്ഥം സോഷ്യൽ ആക്ഷൻ ഗ്രൂപ്പ് (ശാസ്‌ത്ര) സംഘടിപ്പിക്കുന്ന ആഗോള ബാലശാസ്‌ത്ര പരീക്ഷ, പി.ടി.ബി സ്‌മാരക ട്രസ്റ്റ്, കാൻഫെഡ്, മലയാളം മിഷൻ, പൊതുവിദ്യാഭ്യാസ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് നടത്തുന്നത്.
വിദ്യാർത്ഥികളുടെ അന്വേഷണ ത്വരയും സ്വയം പഠന ശേഷിയും വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ബാലശാസ്‌ത്ര പരീക്ഷയിൽ യു.പി, ഹൈസ്‌കൂൾ, ദേശീയം, അന്തർദേശീയം എന്നീ വിഭാഗങ്ങളിലായി വിവര ശേഖരണ പുസ്തകം, പ്രസംഗം, പ്രൊജക്ട് അവതരണം, പ്രശ്നോത്തരി തുടങ്ങിയ വിവിധ പരീക്ഷകളും മൽസരങ്ങളും നടത്തിയാണ് ബാലാശാസ്‌ത്ര പ്രതിഭകളെ തെരഞ്ഞെടുക്കുന്നത്. ബാലശാസ്‌ത്ര പരീക്ഷയുടെ അന്തർദേശീയ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയന്റുകൾ നേടിയത് ഖദീജയാണ്. മലയാളം മിഷൻ സൗദി ചാപ്റ്ററിലെ കണിക്കൊന്ന കോഴ്‌സിന്റെ പഠിതാവ് കൂടിയാണ് ഖദീജ.
ആലപ്പുഴ ജില്ലയിൽ വള്ളികുന്നം സ്വദേശിനിയായ ഖദീജ, ദ മലയാളം ന്യൂസ് ലേഖകനും സാംസ്‌കാരിക പ്രവർത്തകനുമായ താഹ കൊല്ലേത്തിന്റെയും ജിസാൻ സർവകലാശാലയിലെ ഗണിതശാസ്‌ത്ര വിഭാഗം അധ്യാപികയായ ലീമയുടെയും മകളാണ്.