റിയാദ്; കേളി കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഏഴാമത് മെഗാ രക്തദാന ക്യാമ്പ് ‘ജീവസ്പന്ദനം2024’ അടുത്ത വെള്ളിയാഴ്ച മലസ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടക്കുമെന്ന് കേളി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ എട്ട് മണിക്ക് ആരംഭിച്ച് വൈകിട്ട് 5 മണി വരെ നീണ്ടു നില്‍ക്കും. സൗദി ആരോഗ്യ മന്ത്രാലയം, കിംഗ് സല്‍മാന്‍ മിലിട്ടറി ആശുപത്രി, എന്നിവയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത്. തുടര്‍ച്ചയായി മുന്നാം തവണയാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കേളി രക്തദാന ക്യാമ്പുമായി സഹകരിക്കുന്നത്.
കേളി കലാസാംസ്‌കാരിക വേദിയുടെ രൂപീകരണം മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി നിരവധി ഘട്ടങ്ങളില്‍ വിവിധ ആശുപത്രികളെ കേന്ദ്രീകരിച്ച് കേളി കൂട്ടമായും വ്യക്തിഗതമായും രക്തദാനം നടത്തിവരുന്നുണ്ട്. എന്നാല്‍ തുടര്‍ച്ചയായി കഴിഞ്ഞ ആറു വര്‍ഷങ്ങളില്‍ സൗദി ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടതനുസനുസരിച്ച് ഹജ്ജിന് മുന്നോടിയായി രക്തം ശേഖരിക്കുന്നതിനായാണ് മെഗാ രക്തദാന ക്യാമ്പ് നടത്തിവരുന്നത്. ക്യാമ്പിനു ശേഷവും വിവിധ ഘട്ടങ്ങളില്‍ കേളി പ്രവര്‍ത്തകര്‍ രക്തദാനം ചെയ്തു വരുന്നു. വാര്‍ഷിക ക്യാമ്പിനു പുറമെ വര്‍ഷത്തില്‍ 250 യൂണിറ്റില്‍ കുറയാത്ത രക്തദാനം കേളിയുടെ 12 എരിയകളിലായി നടക്കാറുണ്ട്. അതിനായി ജീവകാരുണ്യ കമ്മിറ്റിയുടെ കീഴില്‍ ഒരു രക്തദാന സെല്‍ പ്രവര്‍ത്തിക്കുന്നു.
ജീവസ്പന്ദനം 2023ല്‍ 1150 പേര്‍ രക്തദാനത്തിന് ക്യാമ്പില്‍ എത്തി. വിവിധ കാരണങ്ങളാല്‍ 143 പേരുടെ രക്തം സ്വീകരിക്കാന്‍ കഴിഞ്ഞില്ല. 1007 യുണിറ്റ് രക്തം നല്‍കാനായി. ഒരു പ്രവാസി സംഘടന 8 മണിക്കൂറിനുള്ളില്‍ 1007 യൂണിറ്റ് രക്തം നല്‍കുന്നത് സൗദി അറേബ്യയിലെതന്നെ ചരിത്ര നേട്ടമാണ്. നാളിതുവരെ കേളി ഏകദേശം 8500 യൂണിറ്റില്‍ അധികം രക്തം വിവിധ ഘട്ടങ്ങളിലായി നല്‍കിയിട്ടുണ്ട്.
ക്യാമ്പിന്റെ വിജയത്തിനായി മധു പട്ടാമ്പി ചെയര്‍മാന്‍, അനില്‍ അറക്കല്‍ വൈസ് ചെയര്‍മാന്‍, നസീര്‍ മുള്ളുര്‍ക്കര കണ്‍വീനര്‍, നാസര്‍ പൊന്നാനി, ജോയിന്റ് കണ്‍വീനര്‍ എന്നിവരടങ്ങുന്ന101 അംഗ സംഘാടക സമിതി രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. മുന്‍ വര്‍ഷങ്ങളില്‍നിന്നും വിഭിന്നമായി ഈ വര്‍ഷം രജിസ്‌ട്രേഷന്‍ സുഗമമാക്കുന്നതിന്ന് ഗൂഗിള്‍ രജിസ്‌ട്രേഷന്‍ നേരത്തെ തന്നെ ആരംഭിച്ചു. ഇതുവരെ 850ല്‍ പരം പേര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തു.
കേളിയുടെയും കേളി കുടുംബ വേദിയുടെയും പ്രവര്‍ത്തകര്‍ക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരും പ്രവാസികളായ വിവിധ രാജ്യക്കാരും സൗദി പൗരന്മാരും കേളിയുടെ രക്തദാനത്തില്‍ പങ്കാളികളാവാറുണ്ട്. രക്തദാനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്ചെയര്‍മാന്‍ മധു പട്ടാമ്പി 053 624 0020, കണ്‍വീനര്‍ നസീര്‍ മുള്ളുര്‍ക്കര 0540010163 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
കേളി കേന്ദ്ര രക്ഷധികാരി സെക്രട്ടറി കെപിഎം സാദിഖ്, കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറര്‍ ജോസഫ് ഷാജി, സംഘാടക സമിതി ചെയര്‍മാന്‍ മധു പട്ടാമ്പി, കണ്‍വീനര്‍ നസീര്‍ മുള്ളുര്‍ക്കര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.