റിയാദ്- റിയാദിലെ മലയാളി എഞ്ചിനീയര്‍മാരുടെ കൂട്ടായ്മയായ കേരള എഞ്ചിനിയര്‍സ് ഫോറം (കെഇഎഫ്) ജൂണ്‍ ഏഴിന് നവാരിസ് ഓഡിറ്റോറിയത്തില്‍ ‘തരംഗ് 24’ എന്ന പേരില്‍ ശാസ്ത്ര സങ്കേതിക കലാവേദി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.. സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഹിഷാം അബ്ദുല്‍ വഹാബ്, യുവസംരംഭകനും എഞ്ചിനീയറും ഐഡി ഫുഡ് ഗ്ലോബല്‍ സി.ഇ.ഒ.യുമായ പി.സി മുസ്തഫ എന്നിവര്‍ സംബന്ധിക്കും.
ഇതോടനുബന്ധിച്ച് റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരവും സംഘടിപ്പിക്കും. റിയാദിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന മലയാളി എഞ്ചിനീയര്‍മാര്‍ക്ക് പരസ്പരം സംവദിക്കാനും ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതന വികാസങ്ങളും വിവിധ എഞ്ചിനീയറിംഗ് ശാഖകളെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്പരം പങ്കുവെക്കാനും നവ എഞ്ചിനീയര്‍മാരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും ജോലി സാധ്യതകള്‍ യഥാസമയം അറിയിക്കുന്നതിനും ഊന്നല്‍ കൊടുത്ത് പ്രവര്‍ത്തിക്കുന്ന കെ.ഇ.എഫ്. ഇതിനോടകം തന്നെ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
അതോടൊപ്പം വനിത എന്‍ജിനീയര്‍മാര്‍ക്കിടയില്‍ സ്വയം തൊഴില്‍, സംരഭക കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനായി മുന്നോട്ട് വച്ച ‘ഷീ കണക്ട്’ എന്ന പ്രോഗം വലിയ വിജയം ആയിരുന്നു
എണ്ണൂറോളം അംഗങ്ങളുള്ള കെ ഇ എഫ് റിയാദ് ചാപ്റ്റര്‍ ചുരുങ്ങിയ കാലയളവ് കൊണ്ട് പത്തോളം സെമിനാറുകളും ശില്പശാലകളും വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട്.
ജോലി നഷ്ടപ്പെടുന്നവര്‍ക്കും പ്രൊഫഷണല്‍ രംഗത്ത് ഉന്നത വിദ്യാഭ്യാസവും കൂടുതല്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ തേടുന്നവര്‍ക്കും സാധ്യമായ സഹായങ്ങള്‍ ചെയ്യുവാന്‍ പ്രൊഫഷണല്‍ കണ്‍സള്‍ട്ടന്‍സി സെല്‍ കൂട്ടായ്മയുടെ കീഴില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച് വരുന്നു. അംഗങ്ങളുടെ കായിക രംഗങ്ങളിലെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫുട്‌ബോള്‍, ബാഡ്മിന്റണ്‍, വോളിബോള്‍ ക്ലബ്ബുകളും കലാസാഹിത്യ രംഗങ്ങളിലെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഓളം മ്യൂസിക് ബാന്‍ഡും പ്രവര്‍ത്തിക്കുന്നുണ്ട്. 1998ല്‍ ജിദ്ദയില്‍ രൂപീകൃതമായ കെ ഇ എഫ് ഇന്ന് സൗദിയില്‍ ഉടനീളം രണ്ടായിരത്തിലധികം അംഗങ്ങളുള്ള കൂട്ടായ്മയാണ്.
വാര്‍ത്താസമ്മേളനത്തില്‍ ആഷിക് പാണ്ടികശാല (വൈസ് പ്രസിഡന്റ് കെഇഎഫ് റിയാദ്), നിസാര്‍ ഹുസൈന്‍ (ജനറല്‍ സെക്രട്ടറി കെഇഎഫ് റിയാദ്), നിത ഹമീദ്, മുഹമ്മദ് മുന്‍ഷിദ് (പ്രോഗ്രാം ഇന്‍ ചാര്‍ജ്), മുഹമ്മദ് ഷാഹിദ് (ഉപദേശക സമിതി) എന്നിവര്‍ സംബന്ധിച്ചു.