കവനൂർ– പ്രവാസലോകത്തും നാട്ടിലും നിറസാന്നിധ്യമായിരുന്ന മുൻ പ്രവാസിയും ജിദ്ദ കവനൂർ കെഎംസിസി മുൻ ഭാരവാഹിയുമായ വാക്കാലൂർ പൂളക്കൽ മുനീർ (46) നാട്ടിൽ അന്തരിച്ചു. കവനൂർ അബൂബക്കർ മൗലവിയുടെ മകനാണ്. ദീർഘകാലം ജിദ്ദയിൽ പ്രവാസിയായിരുന്ന മുനീർ, കെഎംസിസിയുടെയും മുസ്ലിം ലീഗിന്റെയും സജീവ പ്രവർത്തകനായിരുന്നു. കേവലം ഒരു സംഘാടകൻ എന്നതിലുപരി മികച്ചൊരു കലാകാരൻ കൂടിയായിരുന്നു അദ്ദേഹം. ജിദ്ദ സന്ദർശിക്കാനെത്തുന്ന മുസ്ലിം ലീഗ് നേതാക്കളെ നേരിൽ കണ്ട് അവർക്കായി അദ്ദേഹം പെൻസിൽ കൊണ്ട് വരച്ച ചിത്രങ്ങൾ സമ്മാനിക്കുമായിരുന്നു. സ്നേഹപൂർവ്വം അദ്ദേഹം നൽകിയിരുന്ന ആ ചിത്രങ്ങൾ ഇന്നും നേതാക്കളുടെയും സഹപ്രവർത്തകരുടെയും ഓർമ്മകളിൽ മായാതെ നിൽക്കുന്നുണ്ടെന്ന് ജിദ്ദ ഏറനാട് മണ്ഡലം കെഎംസിസി ഭാരവാഹികൾ അനുസ്മരിച്ചു.
പെട്ടെന്നുണ്ടായ സാഹചര്യങ്ങളാൽ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങേണ്ടി വന്ന മുനീർ, അരീക്കോട്ടെ തട്ടുകടയിലും വിവിധ ഹോട്ടലുകളിലും ജോലി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. ലളിതമായ ജീവിതം നയിച്ചിരുന്ന അദ്ദേഹത്തിന്റെ ഏക സമ്പാദ്യം തന്റെ ചെറിയ വീടും സ്കൂൾ വിദ്യാർത്ഥികളായ മൂന്ന് മക്കളുമാണ്.
ചെമ്പ്ര കാട്ടൂർ സ്വദേശിനിയായ കുറ്റിപ്പുറവൻ ജമീലയാണ് ഭാര്യ. മക്കൾ: ഫാത്തിമ റിയ (20), മുഹമ്മദ് സിയാ (14), ഹാമിസ് മുഹമ്മദ് (4).
പി.കെ. ബഷീർ എംഎൽഎ, കവനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. ഉസ്മാൻ തുടങ്ങിയ പ്രമുഖ നേതാക്കൾ വീട്ടിലെത്തി അന്തിമോപചാരം അർപ്പിക്കുകയും ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്തു.



