ജിദ്ദ– കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ‘പ്രവാസി സാഹിത്യോത്സവ്’ 15ാം പതിപ്പ് ജിദ്ദയിൽ നടക്കും. ജിദ്ദ സിറ്റി സോൺ സാഹിത്യോത്സവ് ഡിസംബർ 26-നും (വെള്ളി), ജിദ്ദ നോർത്ത് സോൺ സാഹിത്യോത്സവ് 2026 ജനുവരി രണ്ടിനും (വെള്ളി) വെവ്വേറെ വേദികളിലായി അരങ്ങേറും.
ജിദ്ദയിലെ സഫ, ബവാദി, അനക്കിഷ്, ഹിറ, മഹ്‌ജർ, ഷറഫിയ, ബലദ്, ബഹ്റ, സുലൈമാനിയ, ഖുംറ തുടങ്ങി 12 സെക്‌ടറുകളിൽ നിന്നായി പ്രൈമറി, ജൂനിയർ, സെക്കൻ്ററി, സീനിയർ എന്നീ വിഭാഗങ്ങളിലായി 600 പ്രതിഭകളുടെ മത്സരവും ജിദ്ദയിലെ പ്രമുഖ കാമ്പസുകളെ പ്രതിനിധീകരിച്ച് കാമ്പസ് മത്സരവും നടക്കും. പ്രവാസി മലയാളികളുടെ വീടുകളിൽ നടന്ന ഫാമിലി സാഹിത്യോത്സവുകളിൽ തുടങ്ങി, യൂണിറ്റ്, സെക്‌ടർ തലങ്ങളിൽ മത്സരിച്ചു വിജയിച്ച പ്രതിഭകളാണ് സോൺ സാഹിത്യോത്സവങ്ങളിൽ മാറ്റുരക്കുന്നത്.
പാരമ്പര്യ കലകളും ആധുനിക സാങ്കേതിക വിദ്യകളും സമന്വയിക്കുന്ന വേദികളാണ് സാഹിത്യോത്സവിൻ്റേത്. മാപ്പിളപ്പാട്ട്, ദഫ്‌മുട്ട്, ഇംഗ്ലീഷ്, മലയാളം പ്രസംഗങ്ങൾ, കവിതാ പാരായണം തുടങ്ങിയ ജനപ്രിയ ഇനങ്ങൾക്കൊപ്പം, വൈജ്ഞാനിക പ്രാധാന്യമുള്ള രിസാല റിവ്യൂ, ലെറ്റർ ടു ദി എഡിറ്റർ, പ്രബന്ധ രചന എന്നിവയുമുണ്ട്. സർഗ്ഗാത്മകതയുടെ പുതിയ തലങ്ങൾ തേടുന്ന സോഷ്യൽ ട്വീറ്റ് അറബിക് കാലിഗ്രാഫി, കൊളാഷ്, സ്പോട്ട് മാഗസിൻ, കവിതാ രചന, കഥാ രചന, ഹൈക്കു തുടങ്ങിയ 94 ഇനങ്ങളും മത്സരങ്ങളുടെ മാറ്റുകൂട്ടും.
പതിനഞ്ചാം എഡിഷന്റെ ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന ‘സ്നേഹോത്സവം’, പ്രവാസ തിരക്കുകൾക്കിടയിൽ കലയെ സ്നേഹിക്കുന്നവർക്കായി ‘കലോത്സാഹം’, സ്ത്രീകൾക്കായി ‘ഒരിടത്ത്’ എന്നീ പ്രത്യേക സെഷനുകളും ഇത്തവണത്തെ സവിശേഷതയാണ്. സോൺ മത്സരങ്ങളിൽ വിജയിക്കുന്നവർ മക്കയിൽ നടക്കുന്ന സൗദി വെസ്റ്റ് നാഷനൽ സാഹിത്യോത്സവത്തിൽ ജിദ്ദസിറ്റിയേയും നോർത്തിനേയും പ്രതിനിധീകരിക്കും.
യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക ഉൾപ്പെടെ 24-ഓളം രാഷ്ട്രങ്ങളിൽ പ്രവാസി സാഹിത്യോത്സവുകൾ നടക്കുന്നുണ്ട്. ആസ്വാദനവും അനുഭൂതിയും തേടിയിറങ്ങി ചതിയിലകപ്പെടുന്ന പുതുതലമുറയ്ക്ക് കലയുടെയും സാഹിത്യത്തിൻ്റെയും നേരായ ബദൽ മാർഗങ്ങൾ തുറന്നുകൊടുക്കുകയാണ് സാഹിത്യോത്സവിൻ്റെ പ്രധാന ദൗത്യം. മാനവികതയുടെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് മത-ലിംഗ ഭേദമന്യേ പ്രതിഭകളെ സൃഷ്‌ടിച്ചെടുക്കാനും പ്രവാസി സാഹിത്യോത്സവുകൾക്ക് സാധിക്കുന്നുവെന്ന് സംഘാടകർ പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ (ജിദ്ദ നോർത്ത്) മുഹ്സിൻ സഖാഫി അഞ്ചച്ചവടി, സംഘാടക സമിതി കൺവീനർ (ജിദ്ദ സിറ്റി) യാസർ അറഫാത്ത് എആർ നഗർ, ആർ.എസ്.സി സൗദി വെസ്റ്റ് സെക്രട്ടറി റഫീഖ് കൂട്ടായി, ആർ.എസ്.സി ജിദ്ദ നോർത്ത് ജനറൽ സെക്രട്ടറി മുഹമ്മദ് ശംസാദ് അങ്ങാടിപ്പുറം, ആർ.എസ്.സി ജിദ്ദ സിറ്റി സെക്രട്ടറി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



