ദമ്മാം: സൗദി അറേബ്യയിലെ പ്രവാസി കായിക മേഖലയിൽ പുതുചരിത്രമെഴുതി കെ.എം.സി.സി നാഷണൽ കമ്മിറ്റി കായിക വിഭാഗം സംഘടിപ്പിച്ച സി ഹാഷിം എൻജിനീയർ സ്മാരക നാഷണൽ സോക്കർ ടൂർണ്ണമെൻ്റിൻ്റെ ദമ്മാമിലെ മത്സരങ്ങൾക്ക് അൽ-തറജ് സ്റ്റേഡിയത്തിൽ ഉജ്ജ്വല തുടക്കം.
സൗദി കിഴക്കൻ പ്രവിശ്യ പ്രവാസ ലോകം കണ്ട വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയുടെയും, കലാ കായിക പ്രകടനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അരങ്ങേറിയ മത്സരത്തിൽ ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ റിയാദിനും, ദിമ ടിഷ്യു ഖാലിദിയ്യക്കും തകർപ്പൻ ജയം.
ദമ്മാമിലെ അൽതറജ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ആയിരകണക്കിന് കാണികളെ സാക്ഷിയാക്കി അരങ്ങേറിയ റിയാദ്-ഡർബി പോരാട്ടത്തിൽ കറിപോട്ട് റോയൽ ഫോക്കസ് ലൈൻ എഫ്.സി.ക്കെതിരെ ഏകപക്ഷീയമായ നാല് ഗോളുകൾക്കായിരുന്നു യൂത്ത് ഇന്ത്യയുടെ വിജയം. യൂത്ത് ഇന്ത്യക്കായി ഹാട്രിക് ഗോൾ നേടിയ രാജുവാണ് ടീമിൻ്റെ വിജയശിൽപ്പി. മിഡ്ഫീൽഡിൽ മുഫീദ് ഷഹൽ, ഫത്തീൻ, മുബാറക്ക്, അബ്ബാസ്, ഡാനിഷ്, തുടങ്ങിയ മികച്ചതാരങ്ങൾ തുടക്കത്തിൽ റോയൽ ഫോക്കസ് ലൈൻ എഫ്.സി ക്കായി മികവാർന്ന മുന്നേറ്റങ്ങൾ നടത്തിയെങ്കിലും, ഗോൾ കീപ്പർ ഷാമിലിൻ്റെയും, പ്രതിരോധ നിരയിൽ തകർപ്പൻ പ്രകടനം തീർത്ത ഇസ്മയിൽ, അഫ്നാസ്, നിയാസ്, ഹാരിസ്, എന്നിവരുടെ നേതൃത്വത്തിൽ കനത്ത പ്രതിരോധം തീർത്ത ആദ്യ നിമിഷങ്ങൾക്ക് ശേഷം, അജിത് ശിവൻ, വിഷ്ണു, ഫാസിൽ, അഖിൽ എന്നിവർ ചേർന്ന് മത്സരം യൂത്ത് ഇന്ത്യയുടെ വരുതിയിലാക്കി. ഹാട്രിക് ഗോൾ നേടിയ രാജുവാണ് കളിയിലെ കേമൻ.
കിഴക്കൻ പ്രവിശ്യ-എൽ ക്ലാസികോ എന്ന വിശേഷണത്തിന് അർഹമായ രണ്ടാം മത്സരത്തിൽ പ്രഗൽഭരായ പസഫിക് ലോജിസ്റ്റിക്, ബദർ എഫ് സിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി സെമി സാധ്യത നിലനിർത്തി. മത്സരം തുടങ്ങിയ നിമിഷം തന്നെ ആക്രമണ – പ്രത്യാക്രമണത്തിൻ്റെ ചാരുതയേറിയ നിമിഷങ്ങൾ ഏറെ കണ്ട മത്സരത്തിൽ ബദർ എഫ്.സിക്കായി ഹസ്സൻ ആദ്യ ഗോൾ നേടി. ഏറെ വൈകാതെ സന്തോഷ് ട്രോഫി താരം റഹീം കാടാമ്പുഴ, മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാപ്റ്റൻ ഇനാസ് റഹ്മാൻ, അജ്മൽ റിയാസ്, യാസീൻ, റിൻഷിഫ് എന്നിവരിലൂടെ ഖാലിദിയ്യ മത്സരം തങ്ങളുടെതാക്കി തീർത്തു. തൻ്റെ സ്കോറിങ്ങ് പാടവത്തിൻ്റെ മികവ് മുഴുവൻ പുറത്തെടുത്ത തകർപ്പൻ ഹാഫ് വോളി ഷോട്ടിൻ്റെ മനോഹര ഗോളിലൂടെ സുഹൈൽ വി.പി ഖാലിദിയ്യക്കായി ആദ്യ ഗോൾ മടക്കി. മത്സരം സമനില ആയതോടെ വിജയത്തിനായി ഇരു ടീമുകളും ശക്തമായ മുന്നേറ്റങ്ങളാണ് കാഴ്ചവച്ചത്. മുൻ ചെന്നൈ എഫ്.സി താരം ജൂഡ്, ഫവാസ് കിഴിശ്ശേരി, ഉനൈസ്, എന്നിവർ ചേർന്ന് മധ്യനിരയിൽ ഉണർന്ന് കളിച്ചതോടെ ബദറിൻ്റെ മുന്നേറ്റങ്ങൾ കൂടുതൽ ചടുലമായി തീർന്നു .
മുൻ നിരയിലെ നിയാസ് രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്ത് പോയതോടെ പത്ത് പേരായി ചുരുങ്ങേണ്ടി വന്ന ബദറിന് പതിയെ മത്സരത്തിൻ്റെ താളം നഷ്ടമായി. കിട്ടിയ അവസരം മുതലാക്കി അജ്മലിൻ്റെ ത്രൂ പാസ് സ്വീകരിച്ച് സുഹൈൽ രണ്ടാം ഗോളും നേടിയതോടെ ഖാലിദിയ്യ മത്സരത്തിൻ്റെ കടിഞ്ഞാൺ ഏറ്റെടുക്കുകയായിരുന്നു. റഹീമിൻ്റെ അസിസ്റ്റിൽ സുബൈർ മൂന്നാം ഗോളും, പിന്നീട് യാസീൻ്റെയും, ഇനാസിൻ്റെയും, റിൻഷിഫിൻ്റെയും മുന്നേറ്റങ്ങൾക്കൊടുവിൽ അജ്മലിൻ്റെ തന്നെ മറ്റൊരസിസ്റ്റിൽ റഹീം ഖാലിദിയ്യക്കായി നാലാം ഗോളും നേടി ഖാലിദിയ മത്സരം സ്വന്തമാക്കി. രണ്ട് ഗോളുകൾ നേടുക വഴി മൽസരത്തിൻ്റെ ഗതി നിർണ്ണയിച്ച സുഹൈലാണ് കംഫർട്ട് ട്രാവൽസ് മാൻ ഒഫ് ദ മാച്ച് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. രണ്ട് മാച്ചുകളിൽ നിന്നായി രണ്ട് ജയത്തോടെ ആറ് പോയിൻ്റുമായി ഗ്രൂപ്പിൽ ഖാലിദിയ്യ ഒന്നാമതെത്തി . യൂത്ത് ഇന്ത്യക്ക് മൂന്നും, ഫോക്കസ് ലൈൻ എഫ്.സി ക്കും, ബദർ എഫ്.സിക്കും ഒരോ പോയിൻ്റുകളാണ് നിലവിൽ ഉള്ളത്.
കെ.എം.സി.സിയുടെ വിവിധ സെൻട്രൽ – ജില്ലാ കമ്മിറ്റികൾ അണിനിരന്ന വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോട് കൂടി അരങ്ങേറിയ ടൂർണ്ണമെൻ്റിൻ്റെ ഔപചാരിക കിക്കോഫ് കർമ്മം പ്രവാസി ഭാരതീയ പുരസ്കാര ജേതാവും, ഇറാം ഗ്രൂപ്പ് സി.എം.ഡിയുമായ ഡോക്ടർ സിദ്ദീഖ് അഹമ്മദ് നിർവ്വഹിച്ചു. പ്രവാസികൾ നെഞ്ചേറ്റിയ ജീവകാരുണ്യ- സാംസ്കാരിക സംഘടനയായ കെ.എം.സി.സി സൗദിയിൽ ദേശീയ തലത്തിൽ നടത്തുന്ന ഈ ഫുട്ബോൾ ടൂർണ്ണമെൻ്റിനും, പ്രവാസ ലോകത്തെ തുല്യതയില്ലാത്ത കാരുണ്യ പ്രവർത്തനങ്ങൾക്കും തൻ്റെ മുഴുവൻ പിന്തുണയും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ടൂർണ്ണമെൻ്റ് കമ്മിറ്റി വർക്കിങ്ങ് ചെയർമാൻ ഖാദർമാസ്റ്റർ വാണിയമ്പലം അധ്യക്ഷനായിരുന്ന ചടങ്ങിൽ ടൂർണ്ണമെൻ്റ് കൺവീനർ ആലിക്കുട്ടി ഒളവട്ടൂർ സ്വാഗതവും സ്വാഗത സംഘം ട്രഷറർ സിദ്ദീഖ് പാണ്ടികശാല നന്ദിയും പറഞ്ഞു . സൗദി കെ.എം. സി.സി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഉസ്മാൻ അലി പാലത്തിങ്ങൽ, ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ഷമീർ കൊടിയത്തൂർ എന്നിവർ ആശംസകൾ നേർന്നു.
സഹീർ മജ്ദാൽ അവതാരകനായിരുന്നു. സാംസ്കാരിക ഘോഷയാത്രയിൽ ഡോ. സിദ്ദീഖ് അഹമ്മദ്, ഉസ്മാനലി പാലത്തിങ്ങൽ, അൽ മുന സ്കൂൾ മാനേജിംഗ് ഡയറക്ടർ ഡോ. ടി.പി മുഹമ്മദ് ,നാഷണൽ കമ്മിറ്റി ഭാരവാഹികളായ ഉസ്മാൻ അലി പാലത്തിങ്ങൽ , ആലിക്കുട്ടി ഒളവട്ടൂർ, മാലിക് മഖ്ബൂൽ, മുജീബ് ഉപ്പട, ഡിഫ ഭാരവാഹികളായ സമീർ കൊടിയത്തൂർ , വിൽഫ്രഡ് ആൻഡ്രൂസ്, സക്കീർ വള്ളക്കടവ്, എന്നിവർ ചേർന്ന് സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് ഒപ്പന, കോൽക്കളി, അറബിക് ഡാൻസ്, വിവിധ നിശ്ചല ദൃശ്യങ്ങൾ, സ്കൗട്ട്, കരാട്ടെ, ഫ്ലവർ ഡാൻസ്, ശിങ്കാരിമേളം തുടങ്ങി വിവിധ കലാരൂപങ്ങളും അരങ്ങേറി. ഈസേറ്റൺ പ്രൊവിൻസ് കെ.എം.സി.സി നേതാക്കളായ അഷ്റഫ് ഗസൽ ,റഹ്മാൻ കാരയാട് ,മജീദ് കൊടുവള്ളി, അമീറലി കൊയിലാണ്ടി, ടി.ടി. കെ രീം , ഉമർ ഓമശ്ശേരി, ഹമീദ് വടകര, കെ.പി.ഹുസൈൻ, അഷ്റഫ് ആളത്ത്, ഫൈസൽ കൊടുമ , അറഫാത്ത് കാസർഗോഡ് , അസീസ് എരുവാട്ടി, ഖാദർ അണങ്കൂർ, ഫസൽ മഞ്ചേരി, റുഖിയ റഹ്‌മാൻ,
ഹാജറ സലിം, സുമയ്യ ഫസൽ, സാജിത നഹ, ഫൗസിയ റഷീദ്, റിഫാന ആസിഫ്, ഷാനിബ ഉമ്മർ തുടങ്ങിയവർ സാംസ്കാരിക ഘോഷയാത്രക്ക് നേതൃത്വം നൽകി.
സാംസ്കാരിക ഘോഷയാത്രയിൽ ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി ഒന്നാം സ്ഥാനവും, ദമ്മാം സെൻട്രൽ കമ്മിറ്റിയും, തുഖ്ബ സെൻട്രൽ കമ്മിറ്റിയും രണ്ടാം സ്ഥാനവും, അൽഖോബാർ സെൻട്രൽ കമ്മിറ്റിയും, കാസർ ഗോഡ് ജില്ലാകമ്മിറ്റിയും, മൂന്നാം സ്ഥാനവും നേടി.
അലിമോൻ (നഹ്‌ല ഗ്രൂപ്പ്), മുബാറക്ക് (കാക്കുസേഫ്റ്റി) അബ്ദു റസാഖ് (ഇറാം ഗ്രൂപ്പ്), സുലൈമാൻ (റോമാ കാസ്റ്റൽ), സമദ്.കെ.പി (അബിഫ്കോ), പി.എ.എം ഹാരിസ്, കെ.എം. ബഷീർ, സാജിദ് ആറാട്ടുപുഴ, മുഹമ്മദ് നജാത്തി, മുജീബ് കളത്തിൽ , റഫീഖ് കൂട്ടിലങ്ങാടി, ടി. വി ചന്ദ്രമോഹൻ, മോഹൻ വെള്ളിനേഴി, നന്ദിനി മോഹൻ, ഷീബ (സോന ഗോൾഡ് & ഡയമണ്ട്സ്), അൻവർ (റയാൻ ക്ലിനിക്) ഹസനൈൻ (ഉത്തർ പ്രദേശ് ), സുരേഷ് ഭാരതി, സത്താർ താൻസ്വവ, ഫാറൂഖ് ( തമിഴ് നാട്), പി. ടി. അലവി, നൗഷാദ് ഇരിക്കൂർ, ഉമർ എ ഷെരീഫ്, നജീം ബഷീർ, നജീബ് എരഞ്ഞിക്കൽ, നൗഫൽ ഡി.വി നജ്മുസ്സമാൻ, മുഷാൽ തഞ്ചേരി, ശിഹാബ് കൊയിലാണ്ടി, മുത്തു തലശ്ശേരി, റഹൂഫ് ചാവക്കാട്, ഗോപാൽ ഷെട്ടി (കർണാടക) മുഷ്താഖ് പേങ്ങാട്, ഇസ്മായിൽ പുള്ളാട്ട് , ഫൈസൽ ഇരിക്കൂർ, ഫഹദ് കൊടിഞ്ഞി, ജമാൽ മീനങ്ങാടി, ഖാദി മുഹമ്മദ്, ജൂനൈദ് കാസർഗോഡ്, സുൽഫി കുന്നമംഗലം, ഷെരീഫ് പാറപ്പുറത്ത്, അസീസ് കാരാട് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
സ്വദേശി റഫറിമാരായ ഫൈസൽ അൽ ഖാലിദി, ഖാലിദ് അൽ ഖാലിദി, അഹമ്മദ് റൊവാദ്, അബ്ദുറഹ്മാൻ വാണിയമ്പലം എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. റഷീദ് ചേന്ദമംഗല്ലൂർ, ഫസൽ ജിഫ്രി , ഫവാസ് കാലിക്കറ്റ്, എന്നിവരടങ്ങിയ ഡിഫ ടെക്നിക്കൽ കമ്മിറ്റി മാച്ച് നിരീക്ഷിച്ചു.
ജംഷി ചുള്ളിയോട് ( കംഫർട്ട് ട്രാവൽസ്), മുജീബ് കൊളത്തൂർ, തുടങ്ങിയവർ ട്രോഫികൾ വിതരണം ചെയ്തു. ജൗഹർ കുനിയിൽ, സഹീർ മുസ്ലിയാരങ്ങാടി, ആസിഫ് കൊണ്ടോട്ടി, മുഹമ്മദ് കരിങ്കപ്പാറ, ജമാൽ ആലമ്പാടി, റസാഖ് ബാവു, റിയാസ് വണ്ടൂർ, തുടങ്ങിയവർ നേതൃത്വം നൽകി.