ജിദ്ദ- ജിദ്ദയിലെ തിരുവിതാംകൂറുകാരുടെ കൂട്ടായ്മയായ ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ വാർഷികം തിരുവുത്സവം 2025 എന്ന ശീർഷകത്തിൽ ആഘോഷിക്കുന്നു. ഈ മാസം 14ന് ജിദ്ദയിലെ അൽ ലയാലി ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറിന് ആഘോഷം ആരംഭിക്കും. ഗാനമേള, നൃത്ത നൃത്ത്യങ്ങൾ, പ്രസിദ്ധ കോറിയോഗ്രഫർ ശ്രീത ടീച്ചർ ചിട്ടപ്പെടുത്തിയ കാക്കാരിശ്ശി നാടകം ഉൾപ്പടെ നിരവധി കലാപരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രസിദ്ധ ഗായികമാരായ സജ്‌ല സലീം, സജ്ലി സലീം എന്നിവരും ഗുഡ് ഹോപ്പ്, ഫിനോം എന്നീ അക്കാദമികളുടെ നൃത്തങ്ങളും അവതരിപ്പിക്കും. സാമൂഹ്യ രംഗത്ത് മാതൃകാ പ്രവർത്തനം നിർവ്വഹിക്കുന്നവരെ വേദിയിൽ ആദരിക്കും
ജിദ്ദയുടെ സാമൂഹ്യ-സാംസ്കാരിക മേഖലയിൽ വലിയ സ്വാധീനം ചെലുത്തിയ സംഘടനകളിൽ ഒന്നാണ് ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ. തിരുവിതാംകൂറിൻ്റെ പ്രദേശങ്ങളായ തെക്ക് കന്യാകുമാരി മുതൽ വടക്ക് എറണാകുളം വരെയും കിഴക്ക് ഇടുക്കി വരെയുമുള്ള പ്രദേശങ്ങളിൽ നിന്നുള്ള ജിദ്ദാ പ്രവാസികളാണ് അംഗങ്ങൾ.
പ്രമുഖ പിന്നണി ഗായികമാരായ സജ്ല സലിം, സജ്ലി സലിം എന്നിവർ ഉൾപ്പടെയുള്ളവരുടെ ഗാനസന്ധ്യ, ജെ. ടി. എ കലാകാരൻമാർ അണിനിരക്കുന്ന നിരവധി ഇന്ത്യൻ കലാരൂപങ്ങൾ, ഗാനാലാപനങ്ങൾ എന്നിവ ആഘോഷ പരിപാടികളിലുണ്ടാവുമെന്ന് ജെ ടി എ പ്രസിഡണ്ട് അലി തേക്കുതോട്, ജന. സെക്രട്ടറി അനിൽ വിദ്യാധരൻ, ട്രഷറർ നൗഷാദ് പൻമന, പ്രോഗ്രാം കൺവീനർ ദിലീപ് താമരക്കുളം, പ്രോഗ്രാം ഡയറക്ടർ ശിഹാബ് താമരക്കുളം, വൈസ് പ്രസിഡണ്ട് മാജാ സാഹിബ് ഓച്ചിറ, ജോ. കൺവീനർ റഷീദ് ഓയൂർ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.