മദീന – ജിസാനിൽ മലവെള്ളപ്പാച്ചിലിൽ ഒഴുക്കില്‍ പെട്ട് സൗദി പൗരനെ കാണാതായി. സൗദി പൗരന്‍ സഞ്ചരിച്ച കാര്‍ മലവെള്ളപ്പാച്ചിലില്‍ പെടുകയായിരുന്നു. ഇയാൾക്കായി സൗദി പൗരന്മാരുടെ സഹായത്തോടെ സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ തെരച്ചിൽ തുടരുകയാണ്. മദീനയിലെ താഴ്‌വരയില്‍ മലവെള്ളപ്പാച്ചിലിനിടെ കാറിൽ താഴ്‌വര മുറിച്ചുകടക്കാന്‍ ശ്രമിച്ച യുവാവ് ഒഴുക്കില്‍ പെട്ടു. ഡ്രൈവറെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷിച്ച് സുരക്ഷിത സ്ഥലത്ത് എത്തിച്ചു. ഇയാള്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. മലവെള്ളപ്പാച്ചിലിനിടെ താഴ്‌വരകള്‍ മുറിച്ചുകടക്കുന്നത് ജീവനും സ്വത്തിനും അപകടകരമാണെന്ന് അറിയിച്ച സിവില്‍ ഡിഫന്‍സ് സംഭവത്തില്‍ ട്രാഫിക് ഡയറക്ടറേറ്റുമായി സഹകരിച്ച് ഡ്രൈവര്‍ക്ക് പിഴ ചുമത്തി.
സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു. മഴക്കിടെ താഴ്‌വരകളും വെള്ളക്കെട്ടുകളുള്ള പ്രദേശങ്ങളും മുറിച്ചുകടക്കരുത്. ഔദ്യോഗിക വകുപ്പുകള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ എല്ലാവരും നിരീക്ഷിക്കണം. അടിയന്തിര സാഹചര്യങ്ങളില്‍ മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 998 എന്ന നമ്പറിലും ബന്ധപ്പെട്ട് സഹായം തേടണമെന്നും സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.


കനത്ത മഴയില്‍ മലയിടിഞ്ഞ് ഫൈഫയില്‍ ഏതാനും പ്രധാന റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. പാറയും മണ്ണും നീക്കം ചെയ്ത് റോഡുകള്‍ തുറക്കാന്‍ നഗരസഭ നടപടികള്‍ തുടരുന്നു. പ്രദേശത്ത് ചിലയിടങ്ങളില്‍ വൈദ്യുതി മുടങ്ങുകയും ചെയ്തു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതു വരെ മലയിടിച്ചിലുണ്ടായ റോഡുകള്‍ ഉപയോഗിക്കരുതെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ എത്രയും വേഗം സാധാരണ നിലയിലാക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.