ജിസാൻ- ജിസാനിൽ നിന്നുള്ള ഇന്ത്യക്കാരുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് വേണ്ടി ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നേതാക്കൾ പ്രസിഡന്റ് ശംസു പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ സൗദി എയർലൈൻ അധികൃതരുമായി കൂടിക്കാഴ്ച്ച നടത്തി.സൗദി എയർലൈൻ ജിസാൻ പ്രവിശ്യാ ചെയർമാൻ ഡോ.മുഹമ്മദ് അബ്ദുള്ള അൽ ഖഹ്താനി വൈസ് ചെയർമാൻമാരായിട്ടുള്ള ആവദ് യാമി,മുഹമ്മദ് അബു താഹിർ എന്നിവരുമായിട്ടായിരുന്നു കൂടിക്കാഴ്ച്ച.
ജിസാനിലെ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന യാത്രാ പ്രശ്നങ്ങൾ പരിഹരിക്കുക, കേരളത്തിലേക്കടക്കമുള്ള ഉയർന്ന യാത്രാ നിരക്കിനെ നിയന്ത്രിക്കുക,ജിസാനിൽ മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ പ്രത്യേക പരിഗണന നൽകി നാട്ടിൽ എത്തിക്കുന്നതിള്ള നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു. ശാരീരിക അവശതകൾ അനുഭവിക്കുന്ന ഇന്ത്യൻ യാത്രക്കാർക്ക് വീൽചെയറടക്കമുള്ള എല്ലാ സൗകര്യങ്ങളും സ്പെഷ്യൽ ഡിസ്കൗണ്ടിൽ നൽകുമെന്നും,ഇന്ത്യയിലെ എല്ലാ എയർപ്പോർട്ടുകളിലേക്കും ജിസാനിൽ നിന്നുള്ള യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുന്ന കാര്യം പരിഗണിക്കുമെന്നും ചർച്ചയിൽ സൗദി എയർലൈൻസ് അധികൃതർ ജിസാൻ കെ.എം.സി.സി നേതാക്കൾക്ക് ഉറപ്പ് നൽകി.
ജിസാനിൽ നിന്നും കേരളത്തിലേക്കുള്ള യാത്രാ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനു വേണ്ടി ജിസാൻ-കാലിക്കറ്റ് പ്രതിമാസ സെർവ്വീസിന് പ്രത്യേകം ചാർട്ട് ചെയ്ത വിമാനം അനുവദിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷ കൂടിക്കാഴ്ച്ചയിൽ നേതാക്കൾ അധികൃതർക്ക് കൈമാറി.അപേക്ഷ അനുഭാവപൂർവ്വം സ്വീകരിച്ച അധികൃതർ വിഷയം സൗദി എയർലൈൻ അതോറിറ്റിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും നടപടികൾ വേഗത്തിലാക്കുമെന്നും അറിയിച്ചു.
കൂടിക്കാഴ്ച്ചയിൽ സൗദി കെ.എം.സി.സി സെക്രട്ടറിയേറ്റ് മെമ്പർ ഗഫൂർ വാവൂർ,ജിസാൻ കെ.എം.സി.സി ആക്ടിംഗ് ജനറൽ സെക്രട്ടറി അബ്‌ദുൽ ഗഫൂർ മൂന്നിയൂർ,സിറാജ് പുല്ലൂരാമ്പാറ തുടങ്ങിയവരും സംബന്ധിച്ചു.