ജിസാൻ: 25 മത് ജിസാൻ വിന്റർ ഫെസ്റ്റിവലിനോടനുബന്ധിച്ച് സൗദി ജനറൽ അതോറിറ്റി ഫോർ ലിറ്ററേച്ചർ, പബ്ലിഷിംഗ് ആൻറ് ട്രാൻസ്‌ലേഷൻ സംഘടിപ്പിച്ച ഒന്നാമത് ജിസാൻ അന്താരാഷ്ട്ര പുസ്തകോത്സവം ജനപങ്കാളിത്തവും വൈവിധ്യമാർന്ന സാഹിത്യ-സാംസ്‌കാരിക പരിപാടികളും കൊണ്ട് ശ്രദ്ധേയമായി. ജിസാനിലെ പുസ്തകപ്രേമികൾക്ക് വായനയുടെ ലഹരി പകർന്ന ഏഴുനാൾ നീണ്ട ജിസാൻ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൻറെ ആദ്യ പതിപ്പ് നഗരത്തിന് അക്ഷര വസന്തം തീർത്തു കൊണ്ട് ഇന്ന് സമാപിച്ചു. “ജിസാൻ തഖ് റ” (ജിസാൻ വായിക്കുന്നു) എന്ന പേരിൽ ജിസാൻ പ്രിൻസ് സുൽത്താൻ കൾച്ചറൽ സെന്ററിൽ നടന്ന അന്താരാഷ്‌ട്ര പുസ്തകമേളയിൽ അഭൂതപൂർവമായ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. 300 ൽ പരം പ്രാദേശിക-അന്തർദേശിയ പ്രസാധകരും ഏജൻസികളും പങ്കെടുത്ത പുസ്തകമേള ഈ മാസം 11 ന് ജിസാൻ ഗവർണർ മുഹമ്മദ് ബിൻ നാസർ ബിൻ അബ്ദുൽ അസീസ് രാജകുമാരനാണ് ഉദ്ഘാടനം ചെയ്‌തത്. അന്താരാഷ്‌ട്ര പുസ്തകമേളയോടനുബന്ധിച്ച് 350 വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികൾ നടന്നു.
എഴുത്തുകാരും വായനക്കാരും ഒന്നിച്ച സംവാദാത്മക സെഷനുകളിൽ സൗദിയിലെയും അറബ് രാജ്യങ്ങളിലെയും പ്രമുഖ എഴുത്തുകാരും ബുദ്ധിജീവികളും പങ്കെടുത്തു. പുസ്തകോത്സവത്തിൽ പങ്കടുക്കുന്ന എഴുത്തുകാരുടെ കൈയൊപ്പുള്ള പുസ്തകങ്ങൾ വാങ്ങാൻ പ്രത്യേക സ്റ്റാളുകൾ എല്ലാ ദിവസവും പ്രവർത്തിച്ചിരുന്നു. അറബിയിലും ഇംഗ്ലീഷിലുമുള്ള മൂന്നു ലക്ഷത്തോളം പുസ്‌തകങ്ങൾ വിവിധ സ്റ്റാളുകളിലായി പുസ്തകോത്സവത്തിൽ ഉൾപ്പെടുത്തിയിരുന്നു. പ്രിന്റഡ് പുസ്‌തകങ്ങക്കൊപ്പം ഇലക്ട്രോണിക് പുസ്‌തകങ്ങളും വിവിധ അന്താരാഷ്‌ട്ര പ്രസിദ്ധീകരണങ്ങളും പേനകളും എഴുത്തുപകരണങ്ങളും ജിസാനിലെ കരകൗശല വസ്‌തുക്കളും സ്റ്റാളുകളിൽ ലഭ്യമായിരുന്നു.
കവിതാ സായാഹ്നം, സെമിനാർ, പുസ്തകചർച്ച, സാഹിത്യ ശിൽപശാല, പ്രദർശനങ്ങൾ, കുട്ടികൾക്കുള്ള പരിപാടികൾ എന്നിവ പുസ്തകോത്സവത്തോടനുബന്ധിച്ച് നടന്നു. വിലക്കുറവുള്ള പുസ്തകങ്ങൾക്കായുള്ള ഒരു ഷോപ്പിംഗ് ടെന്റും കുട്ടികൾക്ക് പുസ്തകങ്ങൾ തേടിയുള്ള ഒരു മാന്ത്രിക യാത്രയും പ്രദർശന നഗരിയിൽ ഒരുക്കിയിരുന്നു.
ജിസാൻ അന്താരാഷ്ട്ര പുസ്തകോത്സവം പുസ്തകങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും വിപണനം മാത്രമല്ല, മറിച്ച് ആഗോള തലത്തിലുള്ള സാംസ്‌കാരിക വിനിമയം സാധ്യമാക്കുകയും വായനക്കും എഴുത്തുകാർക്കും പ്രോത്സാഹനം നൽകുകയുമാണ് ലക്ഷ്യമിടുന്നതെന്ന് പുസ്തകോത്സവത്തിൻറെ സംഘാടക സമിതി ഭാരവാഹിയായ ഹമദ് അലി ദുഗ്‌ദഗി പറഞ്ഞു. ജിസാൻ അന്താരാഷ്ട്ര പുസ്തകോത്സവം നഗരത്തിന് പുതിയ സാംസ്‌കാരികാനുഭവം പകർന്നതായും ഇലട്രോണിക് ബുക്കുകളുടെ പുതിയ കാലത്തും പ്രിന്റഡ് പുസ്തകങ്ങളോടാണ് വായനക്കാർക്ക് ഏറെ പ്രിയമെന്നും അദ്ദേഹം പറഞ്ഞു.