ജിദ്ദ: പരിശുദ്ധ ഉംറ നിർവഹിക്കാൻ കുടുംബ സമേതം എത്തിയ ഉസ്മാൻ അമ്മാറമ്പത്തിന് ജിദ്ദ കെ.എം.സി.സി പരപ്പനങ്ങാടി മുനിസിപ്പൽ കമ്മിറ്റി സ്വീകരണം നൽകി. ഷറഫിയ്യ ഇമ്പീരിയൽ റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണയോഗം മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ താപ്പി അബ്ദുല്ല കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു.
പരപ്പനങ്ങാടിയിലെ നിലവിലുള്ള ബസ്സ് സ്റ്റാൻഡ് നവീകരിച്ചതിനു പുറമെ വിശാലമായ പാർക്കിംഗും ആധുനിക സൗകര്യങ്ങളോടും കൂടിയ പുതിയൊരു ബസ്റ്റാന്റ് പരപ്പനങ്ങാടിയിൽ ഉടൻ യഥാർഥ്യമാക്കാൻ ആവശ്യമായ നടപടികൾ പുരോഗമിക്കുകയാണെന്ന് ഉസ്മാൻ അമ്മാറമ്പത്ത് പറഞ്ഞു. ബസ്റ്റാന്റ് യഥാർഥ്യമാകുന്നതോടെ ഗതാഗത പ്രശ്നങ്ങൾ ഇല്ലാതാകും. നഗരസഭ ഓഫീസ് പൊതുജന, ഭിന്ന ശേഷി, സ്ത്രീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി താഴത്തെ നിലയിലുള്ള കടമുറികൾ ഒഴിപ്പിച്ചു ഓഫീസ് താഴെത്തെ നിലയിലേക്ക് മാറ്റി. വിവര സാങ്കേതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി എല്ലാ സേവനങ്ങളും എളുപ്പത്തിലും വേഗത്തിലുമാക്കാനുള്ള നടപടികൾ സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. നഹാസാഹിബ് സ്റ്റേഡിയം ആധുനിക രീതിയിൽ നവീകരിക്കുന്നതിനായി 5 കോടിയുടെ പ്രൊപ്പോസലിന് അംഗീകാരം ലഭ്യമാക്കിയതായും, ഇൻഡോർ സ്റ്റേഡിയത്തിന്റെ പൂർത്തീകരണത്തിന് ആവശ്യമായ ഫണ്ട് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
ജനക്ഷേമ, വികസന പദ്ധതികളുമായി ബന്ധപ്പെട്ടുള്ള പരപ്പനങ്ങാടിക്കാരുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നല്‍കി.
ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ, സീതി കൊളക്കാടൻ, പികെ മുഹമ്മദ് സുഹൈൽ, മുഹമ്മദ് റഫീഖ് കൂളത്ത്, മുജീബ് സിവി, ജാഫർ വെന്നിയൂർ, റഷീദ് കോഴിക്കോടൻ, എംപിഎ റഊഫ്, എംവി മുഹമ്മദലി, മുനീർ നഹ എന്നിവർ പ്രസംഗിച്ചു.
ഷംസീർ ചെട്ടിപ്പടി അധ്യക്ഷത വഹിച്ചു. അബ്ദുസമദ് കടവത്ത് ഖിറാഅത്ത് നടത്തി. മുനീർ പൂക്കാട്ട് സ്വാഗതവും നാഫി താപ്പി നന്ദിയും പറഞ്ഞു.