ജിദ്ദ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എൺപതാം പിറന്നാൾ ദിനത്തിൽ ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. പ്രസിഡന്റ് ഹുസൈൻ ചുള്ളിയോടിന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ഇസ്മയിൽ കൂരിപ്പൊയിൽ രാജീവ് ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.
ചുരുങ്ങിയ ഭരണ കാലയളവിനുള്ളിൽ ഒട്ടേറെ വിപ്ലവകരമായ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ഇന്ത്യയെ ലോകരാജ്യങ്ങളുടെ മുൻ നിരയിലേക്ക് ഉയർത്തുവാൻ ഉതകുന്ന അതിശക്തമായ ഭരണ പരിഷ്കാരങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത മഹാനായിരുന്നു രാജീവ് ഗാന്ധി. ഒരു രാഷ്ട്രീയ നേതാവെന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും രാജീവ് ഗാന്ധി രാജ്യത്തിനു വലിയ സംഭാവനകൾ നൽകി. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അദ്ദേഹം പുത്തനുണര്‍വ് നല്‍കി. പാര്‍ട്ടിയില്‍ യുവാക്കളുടെ ഒരു പുതിയ നിര ഉയര്‍ന്നുവരാന്‍ തുടങ്ങി. രാജീവ് ഗാന്ധി ആദ്യമായി 21ാം നൂറ്റാണ്ടിനെക്കുറിച്ച് സംസാരിച്ചു.
ഭൂതകാലത്തില്‍ അടയിരിക്കാതെ ഭാവിയിലെ ശാസ്ത്രസാങ്കേതിക മുന്നേറ്റത്തിൻറെ സാക്ഷികളും പങ്കാളികളുമാകാന്‍ അദ്ദേഹം യുവാക്കളെ ആഹ്വാനംചെയ്തു. നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ നവ സാങ്കേതിക വിദ്യയെക്കുറിച്ചും ഐ.ടി വ്യവസായവളര്‍ച്ചയുടെ അനുപേക്ഷണീയതയെ കുറിച്ചുമൊക്കെ സംസാരിച്ചുതുടങ്ങിയത് അതിനുശേഷമാണ്.
രാജീവ് ഗാന്ധിയെ രാഷ്ട്രീയമായി ഉന്മൂലനം ചെയ്യുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ സർക്കാരിൽ നിന്ന് രാജിവെച്ച് സ്വന്തം പാർട്ടി രൂപീകരിച്ച വിപി സിംഗാണ് ഇന്ത്യയിൽ ആദ്യമായി രാഷ്ട്രീയ അനിശ്ചിതത്വം ഉണ്ടാക്കുന്നതും, ഇന്ത്യയുടെ മതേതര രാഷ്ട്രീയ ചേരിയുടെ അടിവേരറുക്കാൻ അവസരം കാത്തിരുന്ന സംഘപരിവാരങ്ങൾക്ക് സ്വീകാര്യത നൽകുന്നതും.
1989 ൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ അവഗണിച്ചുകൊണ്ട് ബിജെപിയുടെ പിന്തുണയിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായ വി.പി സിംഗ്, തന്റെ ഭരണകാലത്ത് രാജീവ് ഗാന്ധിയെ രാഷ്ട്രീയമായി ഇല്ലാതാക്കുന്നതിന് വേണ്ടി അദ്ദേഹത്തിന് എതിരെ ഇല്ലാത്ത അഴിമതി ആരോപണങ്ങൾ പടച്ചുവിടുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
എൽ.കെ അദ്വാനിയുടെ നേതൃത്വത്തിൽ അന്ന് അയോധ്യയിലേക്ക് പുറപ്പെട്ട രഥയാത്ര ബീഹാറിൽ എത്തിയപ്പോൾ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് തടയുകയും അധ്വാനി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുറഞ്ഞ കാലയളവാണെങ്കിലും വി.പി സിങ്ങുമായുള്ള രാഷ്ട്രീയ സഖ്യത്തിന്റെ ഫലമായി സംഘപരിവാർ ശക്തികൾ ആഗ്രഹിച്ച പലകാര്യങ്ങളും അവർക്ക് നേടിയെടുക്കാനായി.
ലക്ഷ്യം പൂർത്തിയായപ്പോൾ വി പി സിംഗ് സർക്കാറിനുള്ള പിന്തുണ ബിജെപി പിൻവലിച്ചു. രഥയാത്ര തടഞ്ഞതിന്റെ പേരിലാണ് ഞങ്ങൾ പിന്തുണ പിൻവലിക്കുന്നത് എന്ന തരത്തിൽ ബിജെപി രാഷ്ട്രീയ പ്രചരണം ആരംഭിക്കുകയും വി പി സിംഗ് അത് ഏറ്റുപിടിക്കുകയും ചെയ്തു. യഥാർത്ഥത്തിൽ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയ്യിദും, പ്രധാനമന്ത്രി വി പി സിങ്ങും രഥയാത്ര തടയുന്നതിന് എതിരായിരുന്നു എന്ന് ലാലു പ്രസാദ് യാദവ് അദ്ദേഹത്തിന്റെ ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്.
രഥയാത്ര തടഞ്ഞതിനാണ് തന്റെ സർക്കാരിനെ ബലി നൽകേണ്ടി വന്നത് എന്ന തികച്ചും വാസ്തവ വിരുദ്ധമായ രാഷ്ട്രീയ പ്രചാരണമാണ് പിന്നീട് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ അടക്കമുള്ളവർ പ്രചരിപ്പിച്ചത്.
പിന്നീട് വന്ന ചന്ദ്രശേഖർ സർക്കാർ രാജീവ് ഗാന്ധിയുടെ സുരക്ഷാ ക്രമീകരണങ്ങൾ വെട്ടിച്ചുരുക്കുകയും അതിന്റെ ഫലമായി 1991 ൽ ശ്രീ പെരുമ്പത്തൂരിലെ തിരഞ്ഞെടുപ്പ് റാലിയിൽ എൽ.ടി.ടി.ഇ നടത്തിയ ബോംബ് സ്ഫോടനത്തിൽ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. ഏതൊരു രാജ്യസ്നേഹിക്കും മറക്കാൻ കഴിയാത്ത ഇന്ത്യയുടെ ശക്തനായ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധിയെന്ന് ഇസ്മയിൽ കൂരിപ്പൊയിൽ അനുസ്മരിച്ചു.
ജിദ്ദ ഒ ഐ.സി.സി റീജിയണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ആസാദ് പോരൂർ, ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി വെൽഫെയർ കൺവീനർ സിപി മുജീബ് കാളികാവ്, വൈസ് പ്രസിഡന്റുമാരായ അബ്ദുൽ അസീസ് ലാക്കൽ, ഷിബുമുഹമ്മദ് സബീൽ, നാഷണൽ കമ്മിറ്റി അംഗം അഷറഫ് അഞ്ചാലൻ, ഇ.പി മുഹമ്മദലി, ഗഫൂർ വണ്ടൂർ സമീർ പാണ്ടിക്കാട്, മുജീബ് പാക്കട, സമീർ കാളികാവ് എന്നിവർ സംസാരിച്ചു.
വയനാട് ദുരന്തബാധിത മേഖലയിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി നിർമ്മിച്ച നൽകുന്ന വീടിന്റെ ധനശേഖരണാർത്ഥം ഈ വരുന്ന ആഗസ്റ്റ് 30ന് ജിദ്ദയിൽ നടത്തുന്ന ബിരിയാണി ചലഞ്ചിന്റെ ഭാഗമായി കോഡിനേറ്റർമാരുടെയും പ്രവർത്തകരുടെയും ഉൾപ്പെടുത്തി വിശദമായ ചർച്ച സംഘടിപ്പിക്കുകയും പ്രസ്തുത പരിപാടി വിജയിപ്പിക്കുന്നതിനും തീരുമാനിച്ചു. റിയാസ് പിടി സ്വാഗതവും ഫൈസൽ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.