ജിദ്ദ – ഉത്തര ജിദ്ദയിലെ അല്‍റൗദ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിലുണ്ടായ അഗ്നിബാധ അണക്കാന്‍ ശ്രമിക്കുന്നതിനിടെ വീരമൃത്യുവരിച്ച സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ വിയോഗത്തില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരനും മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരനും കുടുംബങ്ങളെ അനുശോചനം അറിയിച്ചു.
സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരായ അക്‌റം ജുംഅ അല്‍ജുഹനി, അബ്ദുല്ല മനാഹി അല്‍സുബൈഇ എന്നിവരാണ് ഔദ്യോഗിക ഡ്യൂട്ടിക്കിടെ വീരമൃത്യുവരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സൂഖുദ്ദൗലിയില്‍ തീ പടര്‍ന്നുപിടിച്ചത്.
മണിക്കൂറുകള്‍ നീണ്ട കഠിന ശ്രമങ്ങളിലൂടെയാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സിവില്‍ ഡിഫന്‍സിന് സാധിച്ചത്. അഗ്നിബാധയില്‍ മാര്‍ക്കറ്റിന്റെ പല ഭാഗത്തും മേല്‍ക്കൂരയും ഭിത്തികളും തകര്‍ന്നു. അഗ്നിബാധയുടെ കാരണം കണ്ടെത്താന്‍ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് സിവില്‍ ഡിഫന്‍സ് അന്വേഷണം തുടരുകയാണ്. നിരവധി ജ്വല്ലറികള്‍ പ്രവര്‍ത്തിച്ചിരുന്ന മാര്‍ക്കറ്റിലുണ്ടായ അഗ്നിബാധയില്‍ കോടിക്കണക്കിന് റിയാലിന്റെ നാശനഷ്ടങ്ങള്‍ നേരിട്ടതായാണ് കണക്കാക്കുന്നത്.