ജിദ്ദ – ഉപയോക്താക്കൾക്ക് യാത്ര എളുപ്പമാക്കാൻ പ്രധാന ചുവടുവെപ്പ് നടത്തി ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി. ജിദ്ദയിലെ എല്ലാ ബസ് റൂട്ടുകളും ഗൂഗിൾമാപ്പിൽ ഉൾപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഈ സേവനം പ്രയോജനപ്പെടുത്താൻ ഉപയോക്താക്കൾ ആപ് വഴി ലക്ഷ്യസ്ഥാനം തെരഞ്ഞെടുത്ത് ബസ് ഐക്കണിൽ ടാപ്പ് ചെയ്യുകയാണ് വേണ്ടത്. ഇതോടെ യാത്രാ വിവരങ്ങൾ മാപിൽ ദൃശ്യമാകും. എല്ലാ റൂട്ടുകളും ആപിൽ ലഭ്യമാക്കുന്നതിലൂടെ പ്രതീക്ഷിക്കുന്ന ബസ് എത്തിച്ചേരുന്ന സമയവും മറ്റ് വിവരങ്ങളും ഈ സേവത്തിലൂടെ ലഭ്യമാക്കും.
പുതിയ സേവനത്തിലൂടെ യാത്രക്കാർക്ക് ബസ് ഷെഡ്യൂളുകളെ കുറിച്ചും സ്റ്റേഷൻ ലൊക്കേഷനുകളെ കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാനും ഗൂഗിൾ മാപ്പ് വഴി തങ്ങളുടെ റൂട്ടുകൾ നേരിട്ട് ട്രാക്ക് ചെയ്യാനും സാധിക്കുമെന്ന് ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി സി.ഇ.ഒ എൻജിനീയർ യൂസുഫ് അൽസ്വായിഗ് പറഞ്ഞു.