ദമാം – സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയില്‍ യാത്രക്കാരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജവാസാത്ത് ഡയറക്ടറേറ്റ് ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. യാത്രക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും പ്രായമായവരെയും വികലാംഗരെയും സഹായിക്കാനും അവരുടെ യാത്രാ നടപടിക്രമങ്ങള്‍ സുഗമമാക്കാനും അതിര്‍ത്തി പോസ്റ്റിലെ ജവാസാത്ത് മേഖലക്കുള്ളിലെ വാഹന ഗതാഗതം നിയന്ത്രിക്കാനും ഇ-സ്‌കൂട്ടറുകള്‍ സഹായിക്കും. ദ്രുത ഇടപെടല്‍ ആവശ്യമുള്ള കേസുകളില്‍ ഉടനടി പ്രതികരിക്കാനും അവ അനുവദിക്കുന്നു.
യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താനും സമ്പന്നമാക്കാനും കാര്യക്ഷമതയും പ്രതികരണശേഷിയും വര്‍ധിപ്പിക്കാനും നടപടിക്രമങ്ങള്‍ സുഗമമാക്കാനും ലക്ഷ്യമിട്ട് ജവാസാത്ത് ഡയറക്ടറേറ്റ് വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട്ട് സൊല്യൂഷനുകളുടെ ഭാഗമാണ് പുതിയ സംരംഭം. രാജ്യത്തുടനീളമുള്ള എല്ലാ അതിര്‍ത്തി ക്രോസിംഗുകളിലും ഇ-സ്‌കൂട്ടറുകള്‍ വിന്യസിക്കുന്നതിനുള്ള മുന്നോടിയായാണ് പരീക്ഷണാടിസ്ഥാനത്തില്‍ കിംഗ് ഫഹദ് കോസ്‌വേയില്‍ ഇ-സ്‌കൂട്ടറുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കിംഗ് ഫഹദ് കോസ്‌വേ ജവാസാത്ത് കൗണ്ടറുകളില്‍ എത്തുന്നതിനു മുമ്പായി കോസ്‌വേയുടെ പ്രവേശന കവാടങ്ങളില്‍ വെച്ചു തന്നെ പ്രായമായവര്‍ അടക്കമുള്ളരുടെ സമീപമെത്തി യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇ-സ്‌കൂട്ടറുകള്‍ ജവാസാത്ത് ഉദ്യോഗസ്ഥരെ സഹായിക്കുന്നു.



