ജിദ്ദ: മൂന്നു പതിറ്റാണ്ടു ഹജ്ജ് സേവന പ്രവർത്തനങ്ങളിൽ നിരന്തരവും സജീവവുമായ ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം 2024 ൽ വിശുദ്ധ ഹജ്ജ് കർമ്മത്തിനെത്തുന്ന വിശ്വാസി സമൂഹത്തിന് സേവനം നൽകുവാൻ സന്നദ്ധ പ്രവർത്തകർക്കുള്ള പരിശീലനക്കളരി സംഘടിപ്പിച്ചു.

ഹജ്ജ് കർമ്മങ്ങൾക്കായെത്തുകയും പ്രായം, രോഗം, ആശൂപത്രി വാസം, ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവയാൽ ക്ലേശം അനുഭവിക്കുന്നവർക്ക് സഹായം നൽകാൻ വോളണ്ടിയർമാരെ പ്രാപ്തരാക്കുന്ന പരിശീലനക്കളരിയാണ് ഹജ്ജ് വോളണ്ടിയർ ക്യാമ്പ്.

വീൽചെയർ സഹായം, രോഗികളായ തീർത്ഥാടകർക്ക് ഹജ്ജ് അനുഷ്ഠാനകർമ്മങ്ങൾ പൂർത്തീകരിക്കുവാൻ സഹായിക്കൽ, രോഗികളെ ആശൂപത്രിയിലെത്തിക്കൽ, വഴിയറിയാതെ കുഴങ്ങിയവരെ സഹായിക്കൽ, വെള്ളം വിതരണം എന്നിത്യാദി സേവനങ്ങളും അവശരായ ഹാജിമാർക്കായി എത്തിച്ചു നൽകും.

വോളണ്ടിയർമാരുടെ സജീവ പങ്കാളിത്തവും വിവിധ പരിശീലന സെഷനുകളും കളരിയെ ആകർഷകമാക്കി. മുൻകാല പ്രവർത്തകരുടെ സ്മരണ പുതുക്കി ഇന്നലെകളിലെ ഫോറത്തിൻ്റെ വോളണ്ടിയർമാരുടെ ത്യാഗപൂർണ്ണവുമായ ചരിത്രം ഓർത്തെടുക്കലും പൊതു സമൂഹം നൽകുന്ന പിന്തുണയും ക്യാമ്പിൽ പങ്കെടുത്തവർ പ്രത്യേകം പരാമർശിച്ചു.

ഹജ്ജ് സേവനങ്ങൾക്കായി നിലകൊള്ളുന്ന സംഘടനകൾ തമ്മിൽ ഐക്യവും പരസ്പര ബഹുമാനവും നിലനിർത്തണമെന്നും യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

‘വിശുദ്ധ ഖുർആനിൽ നിന്ന്’ സമസ്ത ഇസ്ലാമിക് സെൻട്രൽ കമ്മിറ്റി ജന സെക്രട്ടറി
സൽമാനുൽ ഫാരിസ് ദാരിമിയും ‘ഹജ്ജ് വോളണ്ടിയർ സേവന പ്രവർത്തനങ്ങളുടെ ഇസ്‌ലാമിക മാനങ്ങൾ’ ജിദ്ദ ഇസ്ലാമിക് സെൻ്റർ പ്രതിനിധി ഇസ്സുദ്ധീൻ സ്വലാഹിയും അവതരിപ്പിച്ചു.

ഹജ്ജ് വെൽഫെയർ ഫോറം ചെയർമാൻ നസീർ വാവാക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. ഷെയ്ഖ് അബ്ദുൽ റഹ്‌മാൻ ഫാദിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

രക്ഷാധികാരി അബ്ബാസ് ചെമ്പൻ ആമുഖ പ്രഭാഷണം നടത്തി.ജനറൽ കൺവീനർ അഷ്റഫ് വടക്കേക്കാട് സ്വാഗതവും ട്രഷറർ ഷറഫു കാളികാവ് നന്ദിയും പ്രകടിപ്പിച്ചു.

ഡോ.ഷമീർ ചന്ദ്രോത്ത് ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സദസ്യർക്കുള്ള സംശയനിവാരണവും നിർവ്വഹിച്ചു.

ഹജ്ജിൻ്റെ പുണ്യ പ്രദേശങ്ങളുടെ മാപ്പ് റീഡിംഗ് വോളണ്ടിയർ ക്യാപ്റ്റൻ ഷാഫി മജീദും, ഷറഫു കാളികാവും നിർവ്വഹിച്ചു. ഫോറം കോർഡിനേറ്റർ സി.എച്ച് ബഷീർ, ജനറൽ സെക്രട്ടറി സൈനുൽ ആബിദ് എന്നിവർ അവതാരകരായി.

മുംതാസ് അഹ്‌മദ്, അബ്ദുൽ റഷീദ് കാപ്പുങ്ങൽ, ആസിഫ് കരുവാറ്റ, അബ്ദുൽ നാസർ പച്ചീരി, അർഷദ് സുഹൈൽ കുറ്റിക്കാടൻ, ആബിദ് അലി, മൊയ്തീൻ കെ.വി, അബ്ഷീർ അഹ്മദ്, അമീർ അലി പരപ്പനങ്ങാടി, ഫൈസൽ, മമ്പുറം ഗഫൂർ കെ.സി നഈം മോങ്ങം , ഉമർ മങ്കട, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ എം സി സി നാഷണൽ കമ്മിറ്റി ട്രഷറർ അഹ്മദ് പാളയാട്ട്, ഒ.ഐ.സി.സി വെസ്റ്റേൺ റീജിയൺ പ്രസിഡണ്ട് ഹക്കീം പാറക്കൽ, നവോദയ ജിദ്ദ പ്രസിഡണ്ട് കിസ്മത്ത് മമ്പാട്, പ്രവാസി സാംസ്കാരിക വേദി പ്രസിഡണ്ട് എം.പി. അഷ്റഫ് പാപ്പിനിശ്ശേരി, തനിമ പ്രതിനിധി തമീം അബ്ദുള്ള, ഫോറം വൈസ് ചെയർമാൻ അസ്ഹാബ് വർക്കല, എം. എസ് എസ് പ്രതിനിധി സക്കീർ ഹുസ്സയിൻ എടവണ്ണ, അലി തേക്കുതോട്, ഫോറം ഓഫീസ് സെക്രട്ടറി നാസർ കോഴിത്തൊടി, മിർസ ഷെരീഫ്, ഹിന്ദി ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ വോളണ്ടിയർ കോർഡിനേറ്റർമാരായ തൻവീർ അഹ്‌മദ്, ജലീൽ മുഹമ്മദ്, എന്നിവർ ആശംസകൾ നേർന്നു.