ജിദ്ദ – ഉത്തര ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പ് ആയ ജബാലിയയില്‍ ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി വീടുകള്‍ക്കു നേരെ ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെടുകയും 85 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ 20 പേര്‍ സ്ത്രീകളും കുട്ടികളുമാണ്. പ്രദേശത്തെ വീടുകളും റോഡുകളും ഇസ്രായില്‍ പാറ്റന്‍ ടാങ്കുകള്‍ തകര്‍ത്തതായി പ്രദേശവാസികള്‍ പറഞ്ഞു. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്ന് ഹമാസ് ഗവണ്‍മെന്റ് മീഡിയ ഓഫീസ് പറഞ്ഞു.
ദിസേനെയെന്നോണം ഇസ്രായില്‍ സൈന്യം ജബാലിയയില്‍ ഡസന്‍ കണക്കിന് വീടുകള്‍ തകര്‍ക്കുന്നുണ്ട്. വ്യോമ, കരയാക്രമണത്തിലൂടെയും ബോംബുകള്‍ സ്ഥാപിച്ചുമാണ് വീടുകള്‍ തകര്‍ക്കുന്നത്. ജബാലിയയില്‍ ഡസന്‍ കണക്കിന് പോരാളികളെ കൊലപ്പെടുത്തിയതായി രണ്ടാഴ്ചയായി ജബാലിയ അഭയാര്‍ഥി ക്യാമ്പില്‍ ശക്തമായ ആക്രമണം നടത്തുന്ന ഇസ്രായില്‍ സൈന്യം പറഞ്ഞു. കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ ഹമാസ് പോരാളികള്‍ വീണ്ടും സംഘടിക്കുന്നത് തടയാനാണ് ജബാലിയയിലെ സൈനിക ഓപ്പറേഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു.
ജബാലിയയിലും പരിസര പ്രദേശങ്ങളിലും വാര്‍ത്താ വിനിമയ സംവിധാനങ്ങളും ഇന്റര്‍നെറ്റും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ഇത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നു. ഇസ്രായില്‍ സൈനിക ഓപ്പറേഷനുകള്‍ക്കിടെ കെടുതികള്‍ക്കിരയായവര്‍ക്ക് സഹായം തേടാനും ഇതുമൂലം സാധിക്കുന്നില്ല. രോഗികളെയും പരിക്കേറ്റവരെയും കൊണ്ട് നിറഞ്ഞുകവിഞ്ഞ ഉത്തര ഗാസയിലെ മൂന്നു ആശുപത്രികളിലേക്ക് ഉടനടി ഇന്ധനവും മരുന്നുകളും ഭക്ഷണവും അയക്കണമെന്ന് ആരോഗ്യ മന്ത്രാലയ അധികൃതര്‍ ആവശ്യപ്പെട്ടു.
ഇന്നലെ ഗാസയിലെങ്ങും ഇന്നലെ ഇസ്രായില്‍ നടത്തിയ മറ്റു ആക്രമണങ്ങളില്‍ 39 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇതില്‍ 20 പേര്‍ ജബാലയയിലാണ് കൊല്ലപ്പെട്ടത്. ശക്തമായ വ്യോമ, കരയാക്രമണത്തിന്റെ പിന്തുണയോടെ ഇസ്രായിലി പാറ്റന്‍ ടാങ്കുകള്‍ ജബാലിയ അഭയാര്‍ഥി ക്യാമ്പിന്റെ ഹൃദയഭാഗത്ത് എത്തിയതായി പ്രദേശവാസികള്‍ പറഞ്ഞു. ഒരു വര്‍ഷമായി തുടരുന്ന ഗാസ യുദ്ധത്തില്‍ വെള്ളിയാഴ്ച വരെ 42,500 പേര്‍ കൊല്ലപ്പെടുകയും 99,546 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇരുപത്തിനാലു മണിക്കൂറിനിടെ ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 62 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.
ഇരുപത്തിനാലു മണിക്കൂറിനിടെ ഗാസയില്‍ നാലു കൂട്ടക്കുരുതികള്‍ ഇസ്രായില്‍ നടത്തി. ഗാസയിലെങ്ങും തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ഡസന്‍ കണക്കിനാളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ഇന്ധനം ലഭ്യമല്ലാത്തതിനാലും മറ്റു ശേഷികള്‍ ഇല്ലാത്തതിനാലും ഇവരെ പുറത്തെടുക്കാന്‍ കഴിയുന്നില്ലെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
യു.എന്‍ റിലീഫ് ഏജന്‍സിക്കു കീഴില്‍ അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന മൂന്നു സ്‌കൂളുകള്‍ക്കു നേരെ ഈയാഴ്ച ഇസ്രായില്‍ വ്യോമാക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഈ ആക്രമണങ്ങളില്‍ നിരവധി പേര്‍ മരണപ്പെട്ടതായും യു.എന്‍ ഏജന്‍സി കമ്മീഷനര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി പറഞ്ഞു. ഒരു വര്‍ഷം നീണ്ട ഇസ്രായില്‍ യുദ്ധത്തിനിടെ ഗാസയില്‍ യു.എന്‍ റിലീഫ് ഏജന്‍സിക്കു കീഴിലെ 231 ജീവനക്കാര്‍ കൊല്ലപ്പെട്ടതായും ഫിലിപ്പ് ലസാരിനി പറഞ്ഞു.