ജിദ്ദ – യു.എന്‍ ജനറല്‍ അസംബ്ലി അംഗത്വവുമായി ബന്ധപ്പെട്ട ബാധ്യതകളും വ്യവസ്ഥകളും നിറവേറ്റുകയും മുഴുവന്‍ യു.എന്‍ പ്രമേയങ്ങളും നടപ്പാക്കുകയും ചെയ്യുന്നതുവരെ യു.എന്‍ പൊതുസഭയിലെ ഇസ്രായിലിന്റെ അംഗത്വം മരവിപ്പിക്കണമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു. ന്യൂയോര്‍ക്കില്‍ 79-ാമത് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിക്കുകയായിരുന്നു ഫലസ്തീന്‍ പ്രസിഡന്റ്. ഇസ്രായിലിന്റെ അംഗത്വം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ യു.എന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റിന് സമര്‍പ്പിക്കും. പന്ത്രണ്ടു മാസത്തിനുള്ളില്‍ ഫലസ്തീനിലെ ഇസ്രായില്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ജൂലൈയിലെ വിധി യു.എന്‍ ജനറല്‍ അസംബ്ലി പൂര്‍ണ തോതില്‍ നടപ്പാക്കണം.
ഗാസയില്‍ സമഗ്രവും ശാശ്വതവുമായ വെടിനിര്‍ത്തല്‍ നടപ്പാക്കണം. കിഴക്കന്‍ ജറൂസലമില്‍ അടക്കം വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരായ സൈനിക ആക്രമണങ്ങളും ജൂതകുടിയേറ്റക്കാരായ ഭീകരരുടെ ആക്രമണങ്ങളും അവസാനിപ്പിക്കണം. ഗാസയില്‍ ഫലസ്തീന്‍ ജനത നേരിടുന്ന കൊടുംദുരിതങ്ങളുടെയും വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരെ ദിനേനയെന്നോണം ഇസ്രായില്‍ നടത്തുന്ന ആക്രമണങ്ങളുടെയും ഉഗ്രവും പ്രാകൃതവുമായ നിലക്കുള്ള കുടിയേറ്റ കോളനികളുടെ വിപുലീകരണത്തിന്റെയും, ഇസ്രായില്‍ ഗവണ്‍മെന്റിന്റെയും സൈന്യത്തിന്റെയും സംരക്ഷണയില്‍ ജൂതകുടിയേറ്റ മാഫിയകള്‍ നടത്തുന്ന ഭീകരാക്രമണങ്ങളുടെയും ഉത്തരവാദിത്തം മുഴുവന്‍ ലോകത്തിനുമാണ്.
വിവേകത്തിന്റെ ശബ്ദത്തിന് ചെവികൊടുക്കാന്‍ ഇസ്രായില്‍ ഗവണ്‍മെന്റ് വിസമ്മതിക്കുന്നു. 2023 ഒക്‌ടോബര്‍ ഏഴിന് നടന്ന സംഭവങ്ങളെ ഗാസയില്‍ സമഗ്രമായ വംശഹത്യാ യുദ്ധം നടത്താന്‍ ഇസ്രായില്‍ മുതലെടുത്തു. ഗാസയില്‍ ഇപ്പോഴും ഇസ്രായില്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്.
ഇസ്രായില്‍ സ്ഥാപിതമായതു മുതല്‍ ഇന്നു വരെ ഫലസ്തീന്‍ ജനതക്കെതിരെ നടത്തിയ കൂട്ടക്കൊലകളും കുറ്റകൃത്യങ്ങളും വംശഹത്യയും എത്ര കാലം കഴിഞ്ഞാലും കണക്കുപറയേണ്ടതില്ലാതെ കടന്നുപോകില്ല. അന്താരാഷ്ട്ര സമൂഹം ഇസ്രായിലിനു മേല്‍ ഉടനടി ഉപരോധം ഏര്‍പ്പെടുത്തണം. ഇസ്രായില്‍ തകര്‍ത്ത പശ്ചാത്തല സൗകര്യങ്ങളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പുനര്‍നിര്‍മാണത്തിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമെന്നോണം ഫലസ്തീനും ഈജിപ്തിനുമിടയിലെ റഫ അതിര്‍ത്തി പോസ്റ്റ് അടക്കം ഗാസയിലെ മുഴുവന്‍ അതിര്‍ത്തി പോസ്റ്റുകളുടെയും നിയന്ത്രണം അടക്കം ഗാസയുടെ പൂര്‍ണ ഉത്തരവാദിത്തം ഫലസ്തീന്‍ ഗവണ്‍മെന്റ് വഹിക്കും.
തന്റെ നേതൃത്വത്തില്‍ ഫലസ്തീന്‍ നേതാക്കള്‍ ഗാസ സന്ദര്‍ശിക്കാനുള്ള തീരുമാനത്തെ യു.എന്‍ ജനറല്‍ അസംബ്ലി പിന്തുണക്കണം. ഫലസ്തീന്‍ നേതാക്കളുടെ ഗാസ സന്ദര്‍ശനം തടസ്സപ്പെടുത്താതിരിക്കാന്‍ ഇസ്രായില്‍ ഗവണ്‍മെന്റിനു മേല്‍ സമ്മര്‍ദം ചെലുത്തണം. ഗാസയില്‍ ഇസ്രായില്‍ നടത്തിയ കൊടുംകുറ്റകൃത്യത്തിന്റെ ഭയാനകത നേരിട്ട് വിലയിരുത്താന്‍ ശ്രമിച്ചുള്ള സന്ദര്‍ശനത്തില്‍ ഫലസ്തീന്‍ നേതാക്കള്‍ക്കൊപ്പം ചേരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും സ്വാഗതം ചെയ്യുകയാണ്. ഇത്തരമൊരു സന്ദര്‍ശനം ഗാസയില്‍ സമാധാനവും സ്ഥിരതയുമുണ്ടാക്കാന്‍ സഹായിക്കും.
ഫലസ്തീനില്‍ നിന്ന് ഞങ്ങള്‍ പുറത്തുപോകില്ല. ഫലസ്തീന്‍ ഞങ്ങളുടെ രാജ്യമാണ്. ഇത് ഞങ്ങളുടെ പിതാക്കന്മാരുടെയും പൂര്‍വപിതാക്കളുടെയും മണ്ണാണ്. ഗാസയുടെ ഒരു സെന്റീമീറ്റര്‍ സ്ഥലം പോലും ഇസ്രായിലിന് വിട്ടുകൊടുക്കില്ല. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നിയമാനുസൃത പോരാട്ടം ഫലസ്തീന്‍ ജനത തുടരും. ഒരു വര്‍ഷമായി ഫലസ്തീന്‍ ജനത ഈ കാലഘട്ടത്തിലെ ഏറ്റവും നികൃഷ്ടമായ കുറ്റകൃത്യങ്ങള്‍ക്കാണ് വിധേയമായിക്കൊണ്ടിരിക്കുന്നത്. സമഗ്രമായ യുദ്ധക്കുറ്റത്തിലും വംശഹത്യയിലും 40,000 ലേറെ പേര്‍ വീരമൃത്യുവരിക്കുകയും ഒരു ലക്ഷത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആയിരക്കണക്കിനാളുകള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. നൂറു കണക്കിന് കുടുംബങ്ങള്‍ ഭൂമുഖത്തു നിന്ന് പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടു. രോഗങ്ങളും പകര്‍ച്ചവ്യാധികളും വ്യാപിച്ചതിനാലും ജല, മരുന്ന് ദൗര്‍ലഭ്യവും കാരണം ആയിരക്കണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഗാസ വാസയോഗ്യമല്ലാതായി മാറിയിരിക്കുന്നു. ഇരുപതു ലക്ഷത്തിലേറെ ഫലസ്തീനികള്‍ക്ക് സുരക്ഷിത സ്ഥലം അന്വേഷിച്ച് പലതവണ വീടുകള്‍ ഉപേക്ഷിക്കേണ്ടിവന്നതായും ഫലസ്തീന്‍ പ്രസിഡന്റ് പറഞ്ഞു.