ജിദ്ദ – ദക്ഷിണ ഗാസയിലെ റഫഹില്‍ ഇസ്രായിലി സൈനികര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് രണ്ടു സൈനികര്‍ കൊല്ലപ്പെടുകയും ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായിലി സൈന്യം അറിയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടം. പരിക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. റഫഹില്‍ ഹമാസുമായുള്ള പോരാട്ടത്തില്‍ പരിക്കേറ്റ സൈനികനെ രക്ഷിക്കാനുള്ള ദൗത്യത്തിനു പുറപ്പെട്ട ഇസ്രായിലി സൈനികര്‍ സഞ്ചരിച്ച ബ്ലാക്ക്‌ഹോക്ക് ഇനത്തില്‍ പെട്ട ഹെലികോപ്റ്ററാണ് തകര്‍ന്നത്.
മുപ്പതു വര്‍ഷത്തിനിടെ ഇസ്രായില്‍ സൈന്യത്തിനു കീഴിലെ ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്റര്‍ അപകടത്തില്‍ പെടുന്ന ആദ്യ സംഭവമാണിത്. 14 മുതല്‍ 22 വരെ സൈനികരെ വഹിക്കാന്‍ ശേഷിയുള്ള ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്റര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഗതാഗത ആവശ്യങ്ങള്‍ക്കുമാണ് ഇസ്രായില്‍ സൈന്യം ഉപയോഗിക്കുന്നത്. പരിക്കേറ്റ സൈനികനു സമീപം അര്‍ധരാത്രിക്കു ശേഷം എത്തിയ ഹെലികോപ്റ്റര്‍ ലാന്‍ഡിംഗിന്റെ അവസാന ഘട്ടത്തില്‍ തകര്‍ന്നുവീഴുകയായിരുന്നു. ഇതിന്റെ കാരണം വ്യക്തമല്ല.
സംഭവം അപകടമാണെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു. അപകടത്തിന്റെ കാരണം നിര്‍ണയിക്കാന്‍ ഇസ്രായില്‍ സൈന്യം അന്വേഷണം തുടരുകയാണ്. ശത്രുവിന്റെ ആക്രമണത്തിനു പകരം മനുഷ്യ തകരാറോ സാങ്കേതിക തകരാറോ ആണ് അപകടത്തിന് കാരണമെന്ന് പ്രാഥമികാന്വേഷണം സൂചിപ്പിക്കുന്നതായി ഇസ്രായിലി ഔദ്യോഗിക ഭാഷ്യം പറഞ്ഞു. അപകടത്തെ തുടര്‍ന്ന് അന്വേഷണ ഫലം പുറത്തുവരുന്നതു വരെ ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുന്നത് ഇസ്രായിലി സൈന്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. മറ്റിനം ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരും.
അപകടത്തില്‍ പെട്ട സൈനികരെ നീക്കം ചെയ്യാന്‍ നാലു ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് മണിക്കൂറുകള്‍ എടുത്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കാന്‍ ഗിവാറ്റി ബ്രിഗേഡ് കമാണ്ടറും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ഗാസ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് ഇസ്രായിലിന്റെ ഒരു ഹെലികോപ്റ്റര്‍ തകരുന്നത്. ഒക്‌ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇസ്രായിലിന്റെ ഒരു ഹെലികോപ്റ്ററിന് തീപ്പിടിച്ചിരുന്നു. നേരത്തെ മറ്റേതാനും ഹെലികോപ്റ്ററുകള്‍ക്കു നേരെയും ഫലസ്തീന്‍ പോരാളികളുടെ ആക്രമണങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഈ ആക്രമണങ്ങളിലൊന്നും ആളപായമുണ്ടായിരുന്നില്ല.