ജിദ്ദ- മനുഷ്യ ജീവിതത്തിൽ ഒരിക്കലും തിരിച്ചെടുക്കാൻ കഴിയാത്ത രണ്ട് കാര്യങ്ങളാണ് സമയവും ആയുസുമെന്നും ഇവ ശ്രദ്ധയോടെ വിനിയോഗിക്കണമെന്നും ഐ.എസ്.എം സംസ്ഥാന സെക്രട്ടറി ബരീർ അസ്‌ലം ഉത്ബോധിപ്പിച്ചു. ജിദ്ദാ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ തിരിച്ചു കിട്ടാത്ത സമ്പത്ത് എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാട്സ് ആപിലൂടെെയും ഫേസ്ബുക്കിലൂടെയും സമയത്തെ പാഴാക്കി കളയുന്നവരാണ് പലരുമെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യന് ലോകത്തെ കീഴടക്കാൻ സാധിച്ചത് കേവലം ബുദ്ധികൊണ്ട് മാത്രമല്ലെന്നും മറിച്ച് പരസ്പര സഹകരണ മനോഭാവം കൊണ്ടാണെന്നും എ.പി ജൗഹർ പറഞ്ഞു. മനുഷ്യ ബന്ധങ്ങളിൽ വിള്ളലേൽപ്പിക്കാൻ നാവിന്റെ തെറ്റായ ഉപയോഗം കാരണമാകുന്നുവെന്ന് പ്രമുഖ പണ്ഡിതൻ ചുഴലി സ്വലാഹുദ്ധീൻ മൗലവി അഭിപ്രായപ്പെട്ടു. നിങ്ങൾ അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ നല്ല വാക്കുകൾ പറയട്ടെ അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ എന്ന പ്രവാചക വചനം ഉദ്ധരിച്ച് അനാവശ്യമായ സംസാരങ്ങളിൽ നിന്ന് മാറി നിൽക്കാൻ അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ശിഹാബ് സലഫി അധ്യക്ഷനായ പ്രോഗ്രാമിൽ നൂരിഷ വള്ളിക്കുന്ന് സ്വാഗതവും മുസ്തഫ ദേവർശോല നന്ദിയും പറഞ്ഞു.