ദമാം – ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് രണ്ടു മൃതദേഹങ്ങള്‍ മാറിനല്‍കിയതില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ഈസ്‌റ്റേണ്‍ ഹെല്‍ത്ത് ക്ലസ്റ്റര്‍ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും.
അല്‍ഹസയില്‍ നിന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ലഭിച്ച മൃതദേഹം അല്‍ഹസ ആശുപത്രി മോര്‍ച്ചറി നിറഞ്ഞതിനാല്‍ ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് നീക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഇവര്‍ മൃതദേഹം സ്വീകരിച്ച് അല്‍ഹസയിലേക്ക് കൊണ്ടുപോവുകയും മയ്യിത്ത് നമസ്‌കാരം എല്ലാവരെയും അറിയിക്കുകയും മൃതദേഹം മറവു ചെയ്യാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
പിന്നീട് മയ്യിത്ത് കുളിപ്പിക്കല്‍ കേന്ദ്രത്തില്‍ വെച്ചാണ് മൃതദേഹം 40 കാരനായ തങ്ങളുടെ മകന്റെതല്ലെന്ന് കുടുംബം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മയ്യിത്ത് നമസ്‌കാരം നീട്ടിവെക്കുകയും മൃതദേഹം ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രിയില്‍ തിരിച്ചെത്തിക്കുകയുമായിരുന്നു. ജൂണ്‍ 27 ന് മരണം സ്ഥിരീകരിച്ചതു മുതല്‍ കാണാതായ യുവാവിന്റെ മൃതദേഹത്തിന്റെ ഗതി നിര്‍ണയിക്കാന്‍ അന്വേഷണം പുരോഗമിക്കുകയാണ്.